വിമർശനാത്മക ചിന്തകളുണർത്താനുള്ള മികച്ച അവസരമാണ് ‘സ്പീക്ക് ഫോർ ഇന്ത്യ’- കെ. വാസുകി

ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് തിരുവനന്തപുരം വിമെൻസ് കോളേജിൽ സംഘടിപ്പിച്ച സ്പീക്ക്‌ ഫോർ ഇന്ത്യയുടെ പത്താം എഡിഷന്റെ സംസ്ഥാനതല ഉദ്‌ഘാടനം പൊതുവിദ്യാഭ്യാസ സെക്രട്ടറികെ.വാസുകി നിർവഹിക്കുന്നു. ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കുര്യാക്കോസ് കോണിൽ, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് രാജ് ഗോപാൽ, വിമെൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഉമാ ജ്യോതിതുടങ്ങിയവർ സമീപം.
ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് തിരുവനന്തപുരം വിമെൻസ് കോളേജിൽ സംഘടിപ്പിച്ച സ്പീക്ക്‌ ഫോർ ഇന്ത്യയുടെ പത്താം എഡിഷന്റെ സംസ്ഥാനതല ഉദ്‌ഘാടനം പൊതുവിദ്യാഭ്യാസ സെക്രട്ടറികെ.വാസുകി നിർവഹിക്കുന്നു. ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കുര്യാക്കോസ് കോണിൽ, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് രാജ് ഗോപാൽ, വിമെൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഉമാ ജ്യോതിതുടങ്ങിയവർ സമീപം.

തിരുവനന്തപുരം: ആശയങ്ങളുടെ വാക്കഗ്നിയിൽ കേരളത്തിന്റെ കലാലയയുവത്വം ജ്വലിക്കുന്ന ‘സ്പീക്ക് ഫോർ ഇന്ത്യ’ വേദി വീണ്ടുമുണരുന്നു. ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി കൈകോർത്ത് ഒരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദമത്സരം ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യയുടെ പത്താം എഡിഷന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമെൻസ് കോളേജിൽ തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി നിർവഹിച്ചു. ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കുര്യാക്കോസ് കോണിൽ അധ്യക്ഷനായി.

യുവതലമുറയെ വെർച്വൽ ജീവിതത്തിൽനിന്നു മോചിപ്പിച്ച് അവരിൽ വിമർശനാത്മകചിന്തകളുണർത്താനുള്ള മികച്ച അവസരമാണ് ‘സ്പീക്ക് ഫോർ ഇന്ത്യ’യിലൂടെ ഫെഡറൽ ബാങ്ക് ഒരുക്കുന്നതെന്ന് വാസുകി പറഞ്ഞു. വാദവും പ്രതിവാദവും ഇനിയും ഉണ്ടാവണം. ഡിജിറ്റൽ ലോകത്ത് പരസ്പരമുള്ള സംസാരംപോലും നിലയ്ക്കുമ്പോൾ ഇത്തരം പരിപാടികൾ സ്വയം ചിന്തിക്കാനും ഉത്തരങ്ങൾ പലതും സ്വന്തമായി കണ്ടെത്താനും പ്രേരിപ്പിക്കുന്നു. ഒരുമിച്ചുണ്ടായിട്ടും ഒരു കുടുംബത്തിലെ ഓരോരുത്തരെയും പല മുറികളിലാണെന്നു ചിന്തിപ്പിക്കുന്ന മൊബൈൽ ഫോണുകളിൽനിന്ന്, സംസാരത്തിന്റെയും അറിവിന്റെയും ലോകത്തേെക്കത്തിക്കാൻ സ്പീക്ക് ഫോർ ഇന്ത്യ പ്രചോദനമാകുമെന്നും വാസുകി അഭിപ്രായപ്പെട്ടു.

സ്പീക്ക് ഫോർ ഇന്ത്യയുടെ ബ്ലോക്ക് ലെവൽ മത്സരങ്ങളും തിങ്കളാഴ്ച ആരംഭിച്ചു. ‘സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ നാടിനു ദോഷമാണ്’ എന്ന വിഷയത്തിൽ വിവിധ കോളേജുകളിൽനിന്നെത്തിയ വിദ്യാർഥികൾ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദത്തിൽ പങ്കെടുത്തു.

വിമെൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഉമാ ജ്യോതി, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് രാജ് ഗോപാൽ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രശ്മി ഓമനക്കുട്ടൻ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കവിത കെ.നായർ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാകേഷ് ചന്ദ്രൻ, മാതൃഭൂമി തിരുവനന്തപുരം ന്യൂസ് എഡിറ്റർ പി.അനിൽകുമാർ, മാതൃഭൂമി ഡിജിഎം വിഷ്ണു നാഗപ്പള്ളി, മാതൃഭൂമി സീനിയർ റീജണൽ മാനേജർ ആർ.മുരളി തുടങ്ങിയവർ സംസാരിച്ചു. സംവാദത്തിൽ മാതൃഭൂമി ന്യൂസ് സീനിയർ ഡെപ്യൂട്ടി എഡിറ്റർ കെ.മധു, അവതാരക ആര്യ എന്നിവർ വിധികർത്താക്കളായി.

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായാണ് കലാലയവിദ്യാർഥികൾക്ക് നാടിനെക്കുറിച്ചും ആനുകാലിക വിഷയങ്ങളെക്കുറിച്ചുമുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള സ്പീക്ക് ഫോർ ഇന്ത്യ വേദി. ഏഴു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണുള്ളത്.