സന്ദർശകർക്കു നരകയാത്ര; പണിതീരാതെ പൊന്മുടി റോഡ്‌

പൊന്മുടി : എട്ടുവർഷമായി തുടരുന്ന പൊന്മുടി റോഡിന്റെ നിർമാണം അനന്തമായി നീളുന്നു. പൂർത്തിയാകുന്നത് എന്നാണെന്ന് ആർക്കുമറിയില്ല. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിലിറക്കി പണിയുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പൊന്മുടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ വഴിയിൽപ്പെട്ട് അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല.

പ്രതിവർഷം പത്തുലക്ഷത്തിലധികം സന്ദർശകരാണ് പൊന്മുടി സന്ദർശിക്കാനെത്തുന്നത്. 300 കോടി ചെലവിടുന്ന പഴകുറ്റി-പൊന്മുടി റോഡിന്റെ നിർമാണത്തിൽ വലിയ ക്രമക്കേടെന്നു പരാതിയുമുണ്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ജർമൻ ബാങ്കിന്റെ സഹായധനത്തോടെയാണ് പഴകുറ്റിമുതൽ പൊന്മുടിവരെ റോഡ് നിർമിക്കുന്നത്.

നാല്‌ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിനാണ് ഈ ഗതികേട്. 7.5 മീറ്റർ വീതിയിൽ റോഡും പാർശ്വങ്ങളിലെ ഓടയും നടപ്പാതയും ചേർത്ത് 13 മീറ്ററിലാണ് പൊന്മുടി റോഡ് നിർമാണം. എന്നാൽ മിക്കയിടങ്ങളിലും ഈ അനുപാതം ഇല്ല. മാത്രമല്ല നേരത്തേയുണ്ടായിരുന്ന റോഡിന്റെ അലൈൻമെന്റ് മാറ്റി ടാർ ചെയ്ത‌തിനാൽ അപകടങ്ങളുമുണ്ടാകുന്നു. 167.695 കോടി രൂപ ചെലവിട്ട് തുടങ്ങിയ റോഡ് മൂന്നുവട്ടം ഫണ്ട് റിവൈസ് ചെയ്തപ്പോൾ അത് 300 കോടി രൂപയിലധികമായി. എന്നിട്ടും റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല.

ഒരറ്റത്ത് നിർമാണം നടക്കുമ്പോൾ മറുഭാഗത്ത്് റോഡ് ഇടിഞ്ഞുതാഴുന്നത്‌ പതിവായി. നിർമാണസാമഗ്രികളിലെ ഗുണനിലവാരമില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക്‌ കാരണമെന്ന് ആക്ഷേപമുണ്ട്. ഹെയർപിൻ 12-ൽ റോഡ് രണ്ടുവട്ടമാണ് ഇടിഞ്ഞത്. കോടികൾ ചെലവിട്ടാണ് വീണ്ടും കെട്ടിപ്പൊക്കിയത്.

വനമേഖലയിൽ പെയ്യുന്ന കനത്ത മഴയാണ് റോഡ് ഇടിയാൻ കാരണമെന്ന് കരാറുകാരും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് റോഡ് ഇടിയാൻകാരണമെന്ന് നാട്ടുകാരും പറയുന്നു.

ടാർ ചെയ്യുന്നത് റോഡിന്റെ ഒരുഭാഗം

കല്ലാറിൽനിന്ന്‌ അങ്ങോട്ട് റോഡിന്റെ ഒരുവശം മാത്രമാണ് ടാർ ചെയ്യുന്നത്. ഇതു വർഷങ്ങളായി തുടരുന്നുണ്ട്. ചിലയിടങ്ങളിൽ റോഡിലെ മരങ്ങൾ മുറിച്ചുമാറ്റാതെ ടാർ ചെയ്തുപോയ സ്ഥലങ്ങളുമുണ്ട്. പാതയോരത്ത് ഏതുനിമിഷവും നിലംപൊത്താവുന്നതരത്തിൽ നിർമിക്കുന്ന മരങ്ങളാകട്ടെ മുറിച്ചുമാറ്റിയിട്ടുമില്ല. തികച്ചും അശാസ്ത്രീയമായിട്ടാണ് റോഡിന്റെ നിർമാണം.

കമ്പനിമൂട്ടിലെ മണ്ണിടിഞ്ഞ ഭാഗത്ത് റോഡിൽ മുന്നറിയിപ്പ് ബാരിക്കേഡുകൾപോലും സ്ഥാപിച്ചിട്ടില്ല. റോഡിന്റെ ഒരു വശത്തുകൂടിമാത്രമേ വാഹനങ്ങൾ കടന്നുപോകൂ. ഇത് അവധിദിവസങ്ങളിൽ പൊന്മുടി സന്ദർശിക്കാനെത്തുന്നവർക്ക് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. ഉറപ്പുള്ള സംരക്ഷണഭിത്തി നിർമിക്കാൻ കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദേശം നൽകിയെങ്കിലും ഇതുവരെയും നിർമാണം തുടങ്ങിയിട്ടില്ല.