ബണ്ട് തകർച്ചയിൽ; കനാലിനു വശത്തെ വീടുകൾക്ക് ഭീഷണി

മാറനല്ലൂർ : ഒന്നരമാസം മുൻപ് നെയ്യാറിലെ വലതുകര കനാൽ കടന്നുപോകുന്ന മാറനല്ലൂർ മലവിളപ്പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കനാൽ ബണ്ടിന്റെ പുനർനിർമാണം വൈകുന്നത് സമീപത്തെ വീടുകൾക്ക് ഭീഷണിയാകുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് കനാലിനു വശത്തെ അപ്രോച്ച് റോഡ് ഭാഗികമായി തകർന്ന നിലയിലാണ്. നൂറോളം കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന റോഡ് തകർന്നതും മാറനല്ലൂർ പുത്തൻ കാവുവിള പ്രദേശത്തെ യാത്രക്കാരേയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
റോഡ് വഴിയുള്ള ഗതാഗതം തടഞ്ഞുകൊണ്ട് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചെങ്കിലും ഇരുചക്ര വാഹനയാത്രക്കാർ ഇപ്പോഴും ഇതുവഴി തന്നെയാണ് കടന്നുപോകുന്നത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്തുനിന്ന് മുന്നൂറ് മീറ്റർ ദൂരം സ്ഥിതിചെയ്യുന്ന വീടുകളിലുള്ളവർക്ക് റോഡ് തകർന്നു കിടക്കുന്നതുകാരണം മൂന്ന് കിലോമീറ്റർ ചുറ്റിക്കറങ്ങിയാൽ മാത്രമേ ഇവരുടെ വീടുകളിൽ എത്താൻ കഴിയൂ. ഇതുകാരണമാണ് പൊളിഞ്ഞ് അപകടാവസ്ഥയിൽ കിടക്കുന്ന റോഡ് വഴി ഇപ്പോൾ യാത്രയും തുടരുന്നത്.
കനത്തമഴയുണ്ടായാൽ ഇനിയും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടന്നാണ് പ്രദേശവാസികൾ പറയുന്നത്.
മണ്ണിടിച്ചിൽ പരിഹരിക്കുന്നതിന് വലിയ ഫണ്ട് തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താൻ കഴിയാത്തതാണ് പണി നീണ്ടുപോകുന്നതിനും കാരണം. ഏകദേശം 93 ലക്ഷം രൂപയാണ് നിർമാണത്തിനായി ജലസേചന വകുപ്പ് എസ്റ്റിമേറ്റ് എടുത്തിരിക്കുന്നത്.