പേരൂർക്കട അരുവിക്കര പൈപ്പ് ലൈൻ റോഡ്; അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു

നെടുമങ്ങാട് : പേരൂർക്കടമുതൽ അരുവിക്കരവരെയുള്ള വാട്ടർ അതോറിറ്റിയുടെ ഭൂമി കൈയേറിയുള്ള നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുമാറ്റുന്നു. പൈപ്പ് ലൈൻ റോഡിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത കൈയേറ്റങ്ങളും അനുമതിയില്ലാത്ത നിർമാണങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൈയേറ്റങ്ങൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. അതു കഴിഞ്ഞിട്ടും ഒഴിഞ്ഞുപോകാത്തവരുടെ സ്ഥാപനങ്ങളാണ് പൊളിച്ചു നീക്കുന്നത്.

30 ദിവസത്തെ സമയപരിധിക്കുള്ളിൽ ഒഴിയാത്തവരെ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും. വരും ആഴ്ചകളിൽ നോട്ടീസ് നൽകിയിട്ടുള്ള മറ്റ് സ്ഥലങ്ങളിലും ഇതേരീതിയിൽ നിയമാനുസൃത ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ റോഡും അനുബന്ധ ആസ്തികളും സംരക്ഷിക്കുന്നതിനും ജലവിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികൾക്കും പരിപാലന പ്രവർത്തനങ്ങൾക്കും തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കുന്നതിനുമാണ് നടപടികൾ സ്വീകരിക്കുന്നത്. പൈപ്പ് ലൈൻ റോഡിൽ അനധികൃതമായി കൈയേറ്റം നടത്തിയിട്ടുള്ളവർ സ്വമേധയാ ഒഴിയണമെന്ന് അധികൃതർ അഭ്യർഥിച്ചു.

കൈയേറ്റങ്ങൾക്ക് അറുതിയില്ല

പേരൂർക്കടമുതൽ അരുവിക്കരവരെയുള്ള പൈപ്പ് ലൈൻ റോഡിൽ കൈയേറ്റങ്ങൾക്ക് അറുതിയില്ല. വലതും ചെറുതുമായ 137 കൈയേറ്റങ്ങളാണ് പൈപ്പ് ലൈനിന്റെ മുകളിലുള്ളത്. മിക്കയിടങ്ങളിലും കച്ചവടക്കാർ തട്ടുകടകളും മറ്റിടങ്ങളിൽ സ്ഥിരം കടകളും സ്ഥാപിച്ചു. ലൈനിനുമുകളിൽക്കൂടി വാഴക്കൃഷി, മരച്ചീനിക്കൃഷി, പുഷ്പക്കൃഷി എന്നിവ നടത്തുന്നവരുമുണ്ട്. പലയിടങ്ങളിലും പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തേണ്ടിവരുമ്പോൾ ഇവയെല്ലാം തടസ്സമാകും. കഴിഞ്ഞ ആറുമാസത്തെ ശ്രമഫലമായാണ് വാട്ടർ അതോറിറ്റി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ മുന്നോട്ടിറങ്ങിയത്. നിരവധി കടകൾ പൊളിച്ചുമാറ്റാനുണ്ട്. കൃഷിയിടങ്ങൾ എന്തുചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണ് അധികൃതർ.

കുടിൽ കെട്ടി താമസിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇവരെ ഒഴിപ്പിക്കുന്നതും വകുപ്പിന് ബാധ്യതയാണ്.