മഴ; വീടുകളിൽ വെള്ളംകയറി

വെള്ളറട : കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ കൂതാളിക്ക്‌ സമീപം രണ്ട് വീടുകളിൽ വെള്ളം കയറി നാശമുണ്ടായി. റോഡ് നിർമാണത്തിലെ അപാകവും ഓട നിർമിക്കാത്തതുമാണ് വീടുകളിലേക്ക്‌ മഴവെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ചൂണ്ടിക്കൽ-കൂതാളി-കൂട്ടപ്പൂ-ശൂരവക്കാണി റോഡിൽ വെട്ടുകുറ്റി കോളനിയിലെ രജിത, രമേഷ് എന്നിവരുടെ വീടുകളിലേക്കാണ് മഴവെള്ളം ഇരച്ചുകയറിയത്. ഗൃഹോപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും മറ്റ് സാധനസാമഗ്രികൾക്കും നാശമുണ്ടായി. സമീപ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഓട നിർമിക്കണമെന്ന് നാട്ടുകാർ ജനപ്രതിനിധികൾ ഉൾപ്പെടെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല.

ഓടയുമില്ല കലുങ്കുമില്ല ടാറിങ് മാത്രം

എഫ്.ഡി.ആർ. സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക രീതിയിൽ നിർമിച്ച ഈ റോഡിന്റെ വശങ്ങളിൽ ഓടയുടെ നിർമാണം ഇതേവരെ ആരംഭിച്ചിട്ടില്ല. കലുങ്ക് നിർമാണത്തിനായി കോൺക്രീറ്റ് കലുങ്ക് കൊണ്ടിറക്കിയെങ്കിലും അവയൊന്നും സ്ഥാപിക്കാതെ പാതയോരത്ത് ഉപയോഗ ശൂന്യമായികിടക്കുകയാണ്. ഓട നിർമാണം വൈകുന്നതിനാൽ റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ടും രൂപപ്പെടുകയാണ്. ഓട നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പ്രവർത്തകർ.