അമിതവേഗതയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും ഓട്ടോയിലുമിടിച്ചു

പാറശ്ശാല : അമിതവേഗതയിൽ അലക്ഷ്യമായി ഓടിച്ച കാർ സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമിടിച്ച് ഓട്ടോഡ്രൈവറും കുടുംബാംഗങ്ങളുമടക്കം ആറുപേർക്ക് പരിക്കേറ്റു.ചായ്ക്കോട്ടുകോണം സ്വദേശി വിനീഷ്, ബന്ധു ആതിര, ആതിരയുടെ സഹോദരി അശ്വതി, അശ്വതിയുടെ രണ്ടുവയസ്സുള്ള മകൻ ആരവ്, സ്കൂട്ടർ യാത്രക്കാരായ ഷാജു, ഷീജമോൾ എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ വിനീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട്
വട്ടവിള ന്യൂ ജ്യോതി സ്കൂളിനു സമീപത്തുവെച്ചാണ് അപകടം. ഉദിയൻകുളങ്ങരയിൽനിന്ന് വട്ടവിളയിലേക്ക് കുടുംബാംഗങ്ങളുമായി സ്വന്തം ഓട്ടോയിൽ പോവുകയായിരുന്നുവിനീഷ്.
വട്ടവിളയിൽവെച്ച് എതിർദിശയിൽനിന്ന് അമിതവേഗത്തിലെത്തിയ കാർ മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിൽ തട്ടിയശേഷം ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടം സൃഷ്ടിച്ച കാർ അമിതവേഗതയിലായിരുന്നതായും വട്ടവിള കവലയിലെ ഹമ്പിൽപോലും വേഗത കുറയ്ക്കാതെയാണ് കാർ കടന്നുപോയതെന്നും നാട്ടുകാർ ആരോപിച്ചു.
കാർ ഡ്രൈവർ കുടുമ്പോട്ടുകോണം സ്വദേശി ജിബിൻരാജിനെ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്തു.