കവലയൂർ ജങ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാർ ദുരിതത്തിൽ

കല്ലമ്പലം : വെയിലായാലും മഴയായാലും കവലയൂർ ജങ്ഷനിൽ ബസ് കാത്തുനിൽക്കാൻ യാത്രക്കാർക്ക് ഒരിടമില്ല. മണമ്പൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രധാന വ്യാപാര-സാംസ്കാരിക കേന്ദ്രമാണ് കവലയൂർ ജങ്ഷൻ. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല. ക്ഷേത്രം, പള്ളി, ആശുപത്രി, സ്കൂൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കവലയൂരിൽ ദിവസവും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ എണ്ണം നിരവധിയാണ്.
വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, രോഗികൾ, വ്യാപാരികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ യാത്രാസൗകര്യത്തിനായി കവലയൂരിനെ ആശ്രയിക്കുന്നുണ്ട്. എന്നാൽ, ഇത്രയേറെ ആളുകൾ എത്തുന്ന പ്രധാന ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കവലയൂർ ആൽത്തറമൂട് ജങ്ഷനിലാണ് പ്രധാനമായും യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. നേരത്തേ ഇവിടെയുണ്ടായിരുന്ന ആൽമരത്തിന് സമീപത്തായിരുന്നു യാത്രക്കാർ ബസ് കാത്തുനിന്നിരുന്നത്. എന്നാൽ, ആൽമരം മുറിച്ചുനീക്കിയതോടെ വെയിലിലും മഴയിലും തുറസായ സ്ഥലത്ത് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. മൂന്ന് റോഡുകൾ സംഗമിക്കുന്ന പ്രധാന ജങ്ഷനാണ് കവലയൂർ. ആറ്റിങ്ങൽ, വർക്കല, മണമ്പൂർ, കല്ലമ്പലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന നിരവധി യാത്രക്കാരാണ് ഇവിടെനിന്ന് ബസ് കയറുന്നത്. രാവിലെയും വൈകീട്ടും തിരക്കേറെയാണ്. ബസിനായി കാത്തുനിൽക്കാൻ സൗകര്യമില്ലാത്തതിനാൽ റോഡരികിൽ കൂട്ടമായി നിൽക്കേണ്ടിവരുന്നതും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. കവലയൂരിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനുയോജ്യമായ സ്ഥലം കണ്ടെത്തി നിർമാണത്തിന് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി. കുഞ്ഞുമോളും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറും അറിയിച്ചു.