പ്രവർത്തനമില്ലാതെ വർക്കലയിലെ ടൂറിസം അമിനിറ്റി സെന്റർ

വർക്കല : വിനോദസഞ്ചാരികളുടെ സൗകര്യാർഥം ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വർക്കല ടൂറിസം അമിനിറ്റി സെന്റർ കാടുകയറി നശിക്കുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിൽ വർഷങ്ങളായി പ്രവർത്തനമില്ലാതെ അവഗണനയിൽ തുടരുകയാണ് സെന്റർ.
ആഭ്യന്തര സഞ്ചാരികളുടെ കുത്തൊഴുക്ക് വർക്കലയിലേക്ക് ഉണ്ടായിട്ടും സെന്റർ സംരക്ഷിക്കുന്നതിനും പ്രവർത്തിപ്പിക്കാനും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വർക്കല ഗവ. ഗസ്റ്റ് ഹൗസിന് സമീപമാണ് കെട്ടിടമുള്ളത്.
വർക്കലയിലെ വിനോദസഞ്ചാര മേഖലയിൽ താമസസൗകര്യങ്ങളും മറ്റ് അടിസ്ഥാന സംവിധാനങ്ങളും പരിമിതമായിരുന്ന കാലഘട്ടത്തിലാണ് അമിനിറ്റി സെന്റർ എന്ന ആശയം നടപ്പിലാക്കിയത്.
ബാഗുകളും മറ്റ് സാധനങ്ങളും സൂക്ഷിച്ചശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനും മടങ്ങുമ്പോൾ സാധനങ്ങൾ തിരികെ വാങ്ങാനുമുള്ള ക്ലോക്ക് റൂം സംവിധാനമായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിശ്രമിക്കാനും യാത്രാവിവരങ്ങൾ നൽകാനുള്ള സൗകര്യവും ഓഫീസ് സംവിധാനവും വിഭാവനം ചെയ്തിരുന്നു.
താളംതെറ്റിയ കേന്ദ്രം
ഏകദിന സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്ക് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ തുടങ്ങിയ കേന്ദ്രമാണ് ആർക്കും പ്രയോജനമില്ലാതായത്. വർക്കലയിലെ വിനോദസഞ്ചാരമേഖല വലിയ വളർച്ച കൈവരിക്കുമ്പോഴാണ് സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമാകേണ്ട സർക്കാർ സംവിധാനം ദുരവസ്ഥയിൽ തുടരുന്നത്. 2003-ലാണ് അമിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. രണ്ടു വർഷത്തോളം മാത്രമാണ് കേന്ദ്രം കാര്യക്ഷമമായി പ്രവർത്തിച്ചത്.
അഞ്ചോളം താത്കാലിക ജീവനക്കാരുമുണ്ടായിരുന്നു. പിന്നീട് പ്രവർത്തനം താളംതെറ്റുകയും സെന്റർ അടച്ചിടുകയും ചെയ്തു. ഇടക്കാലത്ത് വർക്കലയുടെ വികസനത്തിന് രൂപവത്കരിച്ച വിവിഡ് കോർപ്പറേഷന്റെ ഓഫീസായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് സ്ഥിരമായി അടഞ്ഞത്.
ടോയ്ലറ്റ് ബ്ലോക്ക് ഉൾപ്പെടെയുള്ള സംവിധാനമുണ്ടായിരുന്നു. നിലവിൽ കെട്ടിടത്തിനുള്ളിലെ സാധന സാമഗ്രികൾ ജീർണാവസ്ഥയിലാണ്. ലൈറ്റുകളെല്ലാം നശിച്ചു. പരിസരമാകെ കാടുമൂടി വൃത്തിഹീനമായ നിലയിലുമാണ്. ഇഴജന്തുക്കളുടെയും സമൂഹവിരുദ്ധരുടെയും ശല്യവുമുണ്ട്.
ആഭ്യന്തരസഞ്ചാരികൾക്ക് പ്രയോജനമാകും
പാപനാശം ബീച്ച്, ഹെലിപ്പാട് എന്നിവിടങ്ങളിൽനിന്ന് ഏകദേശം അരകിലോമീറ്റർ മാത്രം അകലെയാണ് സെന്ററുള്ളത്.
സഞ്ചാരികൾക്ക് സൗകര്യമായ ഇടത്താണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്ന് തീവണ്ടി മാർഗം വർക്കലയിലെത്തി ഒരുദിവസം വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം മടങ്ങുന്ന ആഭ്യന്തരസഞ്ചാരികളുടെ എണ്ണം വർധിച്ചുവരികയാണ്.
ഇവർക്ക് ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഏറെ പ്രയോജനകരമാകും.
പ്രധാനമായും വിദേശസഞ്ചാരികളെ ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്രത്തിന് നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര സഞ്ചാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും വലിയ പങ്കുവഹിക്കാനാകും.
വർക്കലയുടെ വിനോദസഞ്ചാര വികസനത്തിന് മുതൽക്കൂട്ടാകേണ്ട സ്ഥാപനം നാശത്തിലേക്ക് നീങ്ങുന്നത് തടയാൻ ഇടപെടൽ അത്യാവശ്യമാണ്. നിലവിലുള്ള സൗകര്യങ്ങൾ നവീകരിച്ച് ആധുനിക ക്ലോക്ക് റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ അമിനിറ്റി സെന്റർ വീണ്ടും തുറന്നുകൊടുത്താൽ ആയിരക്കണക്കിന് സഞ്ചാരികൾക്ക് പ്രയോജനപ്പെടും.