സ്വകാര്യബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

വർക്കല : ഇടവ വെറ്റക്കട ആലുംമൂട് പള്ളിക്കു സമീപം നിയന്ത്രണംവിട്ട സ്വകാര്യബസ് വീടിന്റെ മതിലിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. ബസ് യാത്രികരായ ഇടവ സ്വദേശികളായ റിഫാൻ, ഹാജിറ, സുഭാഷ് എന്നിവർക്കാണ് പരിക്കേറ്റത്. മറ്റുചില യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.
വർക്കലയിൽനിന്ന് പരവൂരിലേക്ക് സർവീസ് നടത്തിയിരുന്ന കണ്മണി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ 7.50-ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിനു കുറുകേ നീങ്ങി വീടിന്റെ മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
അപകടസമയത്ത് ബസിന്റെ ഒരുവശത്തെ ടയറുകൾ റോഡിൽനിന്ന് ഉയർന്ന നിലയിലായിരുന്നു. മതിലിൽ ഇടിച്ചുനിന്നതിനാൽ ബസ് മറിഞ്ഞില്ല. എതിർദിശയിൽനിന്ന്ു വാഹനങ്ങൾ ഇല്ലാത്തത് വലിയ അപകടം ഒഴിവാക്കി. ബസിന്റെ പിൻഭാഗം ഇടിച്ചാണ് മതിൽ തകർന്നത്.
വിദ്യാർഥികളടക്കം മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ വർക്കലയിലെയും പരവൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന സംശയവും നാട്ടുകാർ ഉന്നയിച്ചു.
തുടർന്ന് ഡ്രൈവറെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. ബസിന്റെ ഡ്രൈവർ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ബസ് ഡ്രൈവർ പാരിപ്പള്ളി നീരോന്തി സ്വദേശി രാജേഷി(43)നെതിരേ കേസെടുത്തതായി അയിരൂർ പോലീസ് അറിയിച്ചു. പോലീസിന്റെ റിപ്പോർട്ട് ലഭിക്കുന്നപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് വർക്കല സബ് ആർ.ടി.ഒ. അറിയിച്ചു.