പൂവച്ചലിൽ വീണ്ടും കാട്ടുപന്നിശല്യം രൂക്ഷം

കാട്ടാക്കട : പൂവച്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കാർഷികവിളകൾ നശിപ്പിക്കുന്നു. കഴിഞ്ഞദിവസം വീരണകാവ് കുന്നിൽ കൃഷ്ണവിലാസം വീട്ടിൽ ബാലകൃഷ്ണന്റെ മരച്ചീനിക്കൃഷി പൂർണമായും പന്നികൾ നശിപ്പിച്ചു. ഓണംകോട്, ആനാകോട്, പന്നിയോട്, വീരണകാവ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഏക്കർകണക്കിന് കൃഷിയാണ് പന്നികൾ നശിപ്പിച്ചത്.
പന്നിശല്യം രൂക്ഷമായതോടെയുണ്ടായ കർഷകസമരത്തെത്തുടർന്ന് ഇവയെ വെടിവെച്ചുകൊല്ലാനായി രണ്ട് ഷൂട്ടർമാരെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. നഗരത്തിൽ താമസിക്കുന്ന ഇവർ കൃഷിനാശമുണ്ടായി വിവരം നൽകിയാൽ മൂന്നുദിവസത്തിനുശേഷമാണ് സ്ഥലത്തെത്തുന്നത്. അതിനാൽ പന്നികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. പന്നിശല്യം തടയാൻ പഞ്ചായത്ത് ശാശ്വതപരിഹാരം കാണണമെന്നും കർഷകർ ആവശ്യപ്പെടുന്നു.