അരുവിക്കര ഡാം റിസർവോയറുകളിൽ മാലിന്യംതള്ളൽ വ്യാപകം

തള്ളുന്നതിൽ ആശുപത്രിമാലിന്യങ്ങളും

പരിശോധനകൾ നടക്കുന്നില്ല

അരുവിക്കര : അരുവിക്കര ഡാമിന്റെ റിസർവോയറുകളിൽ മാലിന്യം തള്ളൽ വീണ്ടും വ്യാപകമായി. രാത്രികാലങ്ങളിൽ രഹസ്യമായി തള്ളിയിരുന്ന മാലിന്യംഇപ്പോൾ പകലും തള്ളുകയാണ്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഡാമിന് സമീപത്തെ വെമ്പന്നൂർ ആറ്റിൻകരയിലെ റിസർവോയർ പ്രദേശത്ത് ഗുഡ്സ് ക്യാരിയർ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെ മാലിന്യങ്ങൾ കൊണ്ടുവന്നുതള്ളിയിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്ത് സാധനങ്ങളുമായി ഗുഡ്സ് ഓട്ടോറിക്ഷ പോയതിൽ സംശയം തോന്നിയ നാട്ടുകാർ പുറകെയെത്തിയപ്പോഴാണ് മാലിന്യം തള്ളിയശേഷം ഓട്ടോ കടന്നുകളഞ്ഞതായി കണ്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ആശുപത്രി മാലിന്യങ്ങളും തെർമോകോൾ ബോക്സുകളും കിളിമാനൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയുടെ ബില്ലുകളും കണ്ടെത്തി. സമീപത്തെ ഒരു സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലും ആശുപത്രി മാലിന്യങ്ങൾ തള്ളിയതായി കണ്ടെത്തിയിരുന്നു. നാട്ടുകാർ ആരോഗ്യവകുപ്പിനും പോലീസിനും പരാതി നൽകി.

രാത്രിയിൽ പുറത്തുനിന്നും വാഹനങ്ങളിൽ എത്തുന്നവർ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടുവരുന്ന മാലിന്യം റിസർവോയറുകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തള്ളുന്നത് പതിവാണ്. റിസർവോയറുകളിൽ തള്ളുന്ന മാലിന്യം ഒഴുകിയെത്തുന്നത് ജലസംഭരണിയിലാണ്. ഇത് കുടിവെള്ളം മലിനമാകുന്നതിന് കാരണമാകുന്നു. മാസങ്ങൾക്കുമുമ്പ് അരുവിക്കര റിസർവോയറിൽ മാലിന്യംതള്ളിയ വിഴിഞ്ഞത്തെ ഒരു ഹോട്ടൽ ഉടമയ്ക്ക് പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ യാതൊരുവിധ പരിശോധനകളും റിസർവോയർ പ്രദേശങ്ങളിൽ നടക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ദിവസവും റിസർവോയറുകളിൽ പരിശോധന നടത്തി മാലിന്യങ്ങൾ നീക്കംചെയ്യണമെന്ന് വാട്ടർ അതോറിറ്റി അധികൃതർക്കു നിർദേശമുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കാറില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

നോക്കുകുത്തിയായി സി.സി.ടി.വി. ക്യാമറകൾ

അരുവിക്കരയിലെ റിസർവോയറുകളിൽ മാലിന്യംതള്ളലും സമൂഹവിരുദ്ധശല്യവും വർധിച്ചപ്പോൾ ചിലയിടങ്ങളിൽ വാട്ടർ അതോറിറ്റി അധികൃതർ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചെങ്കിലും പിന്നീട് ഇതെല്ലാം അഴിച്ചുമാറ്റി. അരുവിക്കര ഡാമിനു സമീപം പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ക്യാമറകൾ അഴിച്ചുമാറ്റിയതെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ അന്നത്തെ വിശദീകരണം. എന്നാൽ, ക്യാമറകൾ പുനഃസ്ഥാപിക്കാനുള്ള

ഒരു നടപടിയും പിന്നീട് നാളിതുവരെ അധികൃതർ കൈക്കൊണ്ടിട്ടില്ല. നിലവിൽ വിവിധ പ്രദേശങ്ങളിലായി നാലോളം ക്യാമറകളുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശങ്ങളിൽ സമൂഹവിരുദ്ധരുടെ ശല്യം ഇപ്പോഴും രൂക്ഷമാണ്. ആളൊഴിഞ്ഞസ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് രാപകൽ ഭേദമെന്യേ മദ്യപാനവും പ്രദേശത്ത് വ്യാപകമായിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളിലെത്തുന്ന പരിചയമില്ലാത്തവർലഹരിവസ്തുക്കൾ കൈമാറുന്നത് പതിവാണെന്ന് നാട്ടുകാർപറഞ്ഞു. ഇതുസംബന്ധിച്ച് തീരം റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ അരുവിക്കര പോലീസിന് പരാതിയും നൽകിയിട്ടുണ്ട്.