വിമാനത്താവളത്തിൽ പ്രോജക്ട് അനന്തയ്ക്ക് തുടക്കം

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പ്രോജക്ട് അനന്തയുടെഭാഗമായി നടപ്പാക്കുന്ന 2500 കോടിയുടെ അന്താരാഷ്ട്ര ടെർമിനൽ വികസനത്തിനുള്ള നിർമാണം തുടങ്ങി.

10 വർഷത്തിനുള്ളിൽ വിമാനത്താവളത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയിൽ ആകെ 8707 കോടിയുടെ വികസനപദ്ധതികളാണ് അദാനി ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ 1300 കോടിയുടെ വികസനപ്രവർത്തനങ്ങൾ വിമാനത്താവളത്തിൽ നടക്കുകയാണ്. അതിന്റെ തുടർച്ചയായാണ് അന്താരാഷ്ട്രാ ടെർമിനൽ വികസനവും.

ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ മേഖലയോടു ചേർന്നാണ് ആദ്യഘട്ടത്തിൽ നിർമാണം തുടങ്ങുക. ഏകദേശം 92552 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പദ്ധതി പൂർത്തിയാക്കുന്നത്.

അന്താരാഷ്ട്ര ടെർമിനലിൽ നിലവിൽ ഒരുവർഷം 35 ലക്ഷം യാത്രക്കാരെ കൈകാര്യംചെയ്യാനുള്ള ശേഷിയാണുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇത് 1.15 കോടിയായി ഉയരും. ആധുനിക ചെക്-ഇൻ സൗകര്യങ്ങൾ, വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ, പുതിയ ബാഗേജ് സംവിധാനങ്ങൾ, കൂടുതൽ റീട്ടെയിൽ-ഡ്യൂട്ടിഫ്രീ സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നിലവിലെ ടെർമിനലിൽ യാത്രക്കാരെ ബാധിക്കാതെയായിരിക്കും നിർമാണം.

പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞദിവസം നടന്നു. ചീഫ് എയർപോർട്ട് ഓഫീസർ പി.കെ.അജു, എയർപോർട്ട് അതോറിറ്റി ഓഫീസർ ഇൻ ചാർജ് മോഹൻ റോയ്, ടിയാൽ ഇൻഫ്രാ ഹെഡ് കെ.എസ്.ഷിബുകുമാർ, എ.ഒ.സി. ചെയർമാൻ സഞ്ജയ് അംബുജാക്ഷൻ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജൻ ചെങ്കുനി എന്നിവർ പങ്കെടുത്തു.