ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് ബസ് കയറാൻ പെടാപ്പാട്

കവലയിൽ സി.ഐ. ഓഫീസ് ഉണ്ടായിട്ടും പ്രയോജനമില്ല

ബാലരാമപുരം : കവലയിൽ പ്രവർത്തിച്ചിരുന്ന ബാലരാമപുരം പോലീസ് ഔട്ട് പോസ്റ്റ് സി.ഐ. ഓഫീസ് ആയി മാറിയെങ്കിലും ബാലരാമപുരത്തെ ഗതാഗതപ്രശ്‌നത്തിനു പരിഹാരം കാണാനായിട്ടില്ല.

പാതയോരത്തെ അനധികൃത പാർക്കിങ്ങിനും പാതയോരക്കച്ചവടത്തിനും പരിഹാരം കണ്ട് കാൽനടയാത്ര സുഗമമാക്കുമെന്ന് പഞ്ചായത്തും പോലീസും ജനങ്ങൾക്ക് ഉറപ്പുനൽകിയെങ്കിലും ഒന്നും ഇതുവരെ നടപ്പാക്കാനായിട്ടില്ല.

ബാലരാമപുരത്തുനിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്ന യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.

പാതയോരം മുഴുവനും വഴിയോരക്കച്ചവടവും അനധികൃത പാർക്കിങ്ങും കാരണം ബസ് കാത്തുനിൽക്കണമെങ്കിൽ റോഡിൽ കയറിനിൽക്കണം. ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തത് കാരണം മഴക്കാലമായാൽ വിഴിഞ്ഞത്തേക്ക് ബസ് കയറാൻ മറ്റെവിടെയെങ്കിലും പോയി നിൽക്കേണ്ട സ്ഥിതിയാണുള്ളത്.

ബാലരാമപുരം-വിഴിഞ്ഞം റോഡിൽ പ്രവർത്തിച്ചിരുന്ന പൊതുചന്ത പൊളിച്ചുമാറ്റിയതിനെ തുടർന്ന് ചന്തയിൽ വ്യാപാരം നടത്തിയിരുന്നവർ കച്ചവടം പാതയോരത്തേക്കു മാറ്റിയിരുന്നു. നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതിയെ തുടർന്ന് മാസങ്ങൾക്കു മുൻപ് പാതയോരത്തു നടത്തിയിരുന്ന കച്ചവടത്തിന് പഞ്ചായത്തും പോലീസും ചേർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് യാത്രക്കാർക്ക് താത്കാലികാശ്വാസം ഉണ്ടാക്കിയെങ്കിലും പാതയോരത്തെ അനധികൃത പാർക്കിങ് കാൽനടയാത്രപോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് നടക്കുന്നത്.

അനധികൃത പാർക്കിങ്ങാണ് ബാലരാമപുരത്തെ ഗതാഗതക്കുരുക്കിനു കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നോ-പാർക്കിങ് ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ, മാസങ്ങൾക്ക് മുൻപ് എടുത്ത തീരുമാനം ഇതുവരെ നടപ്പാക്കാനായിട്ടില്ല.