ഗ്രാമീണമേഖലയിൽ മഴക്കാലപൂർവ ശുദ്ധീകരണം പാളി

വെമ്പായം : ഗ്രാമീണമേഖലകളിലെ ജലസ്രോതസ്സുകളിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാതെ വന്നതോടെ തോടുകളും നീർച്ചാലുകളും കരകവിഞ്ഞൊഴുകുന്നു.
വെമ്പായം പഞ്ചായത്തിലെ എം.സി. റോഡിന് സമാന്തരമായി ഒഴുകുന്ന തോട്, വെമ്പായം- നെടുമങ്ങാട് റോഡിനു സമാന്തരമായ ഒഴുകുന്ന വെമ്പായം തോട്, പെരുംകൂർ, മത്തനാട്, കോലിയക്കോട് തോടുകൾ എന്നിവയെല്ലാം കാടുമൂടി മാലിന്യംനിറഞ്ഞ സ്ഥിതിയാണ്. തുലാവർഷം കനത്തതോടെ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിനൊപ്പം മാലിന്യങ്ങളും ഒഴുകാൻ തുടങ്ങി. തുടർന്ന് ഇവ തോട്ടിൽ പടർന്നുപിടിച്ച കാടുകളിൽ തങ്ങി അണകളായി രൂപപ്പെടും.
ഒഴുക്ക് കൂടുന്നതോടെ കൂടുതൽ മാലിന്യങ്ങൾ അടിയുകയും തടസ്സപ്പെടുകയും ചെയ്യും. ഇതുകാരണം വെള്ളം റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും കയറും.
തോട്ടിലും മാലിന്യങ്ങളിലും കെട്ടിക്കിടക്കുന്ന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പ്രദേശത്ത് സാംക്രമിക രോഗങ്ങൾ പടരാനും സാധ്യതയുണ്ട്.
നേരത്തെ മഴയ്ക്ക് മുൻപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മഴക്കാലപൂർവ ശുദ്ധീകരണത്തിന്റെ ഭാഗമായി തോടുകളും ഓടകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുമായിരുന്നു. എന്നാൽ വെമ്പായം പഞ്ചായത്തിൽ മഴക്കാലപൂർവ ശുദ്ധീകരണ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
രക്ഷാപ്രവർത്തനത്തിനും തടസ്സമായി
ദിവസങ്ങൾക്കു മുമ്പ് വേറ്റിനാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട ഓട്ടോ ഡ്രൈവർക്കായി നടത്തിയ തിരച്ചിലും പലപ്പോഴും മാലിന്യം നിറഞ്ഞത് കാരണം തടസ്സപ്പെട്ടു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേനയും സ്കൂബാ ടീമും പണിപ്പെട്ട് ഓരോ സ്ഥലത്തെയും മാലിന്യം നീക്കിയശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തോട് കരകവിഞ്ഞ് റോഡിലേക്ക് ഒഴുകി റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഓട്ടോറിക്ഷ തോട്ടിലെ ഒഴുക്കിൽപ്പെട്ട് കുറ്റ്യാണി സ്വദേശി വിദ്യാധരൻ മരണപ്പെട്ടത്.
ഒഴുക്കിൽപ്പെട്ട് മൂന്നുദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്.
കൂടാതെ വേറ്റിനാട് തോടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ റോഡിലേക്ക് വെള്ളം കയറാതിരിക്കുകയും ഇതിലൂടെ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും നാട്ടുകാർ പറയുന്നു.
കാട് മൂടി, മാലിന്യം തള്ളലും രൂക്ഷം
വെമ്പായം, വേറ്റിനാട് തോടുകളിൽ മാലിന്യംതള്ളൽ രൂക്ഷമാണ്. അറവുമാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, ഉപയോഗശൂന്യമായ തുണികൾ, ഡയപ്പറുകൾ ഉൾപ്പെടെയുള്ളവയാണ് തോട്ടിലേക്ക് വലിച്ചെറിയുന്നത്.
കൂടാതെ സമീപത്തെ ചില വീടുകളിൽ നിന്നും ശൗചാലയ മാലിന്യവും കാലിത്തൊഴുത്തിലെ മാലിന്യവും ഉൾപ്പെടെയുള്ളവ തോട്ടിലേക്ക് വിടുന്നുണ്ട്. പഞ്ചായത്ത് ഇടപെട്ട് തോട്ടിലെ മാലിന്യങ്ങളും കാടും നീക്കി ഇതിനൊരു പരിഹാരം കാണണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.