ഇനി യാത്ര ചെയ്യാം ചിറ്റാർ പാലത്തിലൂടെ

വിതുര : പൊന്മുടിപ്പാതയിലെ ചിറ്റാർ പാലം ഒടുവിൽ യാഥാർഥ്യമാകുന്നു. ടാറിങ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പാലം പൂർണമായും സഞ്ചാരയോഗ്യമാകും.
നൂറ്റാണ്ടിലധികം പഴക്കമുണ്ടായിരുന്ന പാലം 8.7 കോടി ചെലവിട്ടാണ് പുനർനിർമിക്കുന്നത്. സഞ്ചാരികളുടെ യാത്രാദുരിതത്തെക്കുറിച്ച് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാർത്തകൾ നടപടി വേഗത്തിലാക്കി.
ജി.സ്റ്റീഫൻ എം.എൽ.എ.യുടെ സജീവ ഇടപെടലാണ് പദ്ധതി പൂർത്തീകരണത്തിനു സഹായകമായത്.
1905ൽ നിർമിച്ച പഴയപാലത്തിന് 8.5 മീറ്റർ നീളവും 1.7 മീറ്റർ വീതിയും മാത്രമാണ് ഉണ്ടായിരുന്നത്. ചെറിയ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടി.
വീതിക്കുറവിനൊപ്പം അടിഭാഗത്തെ കല്ലുകൾ ഇളകിമാറിയതും പാലത്തിലൂടെയുള്ള യാത്ര അപകടകരമാക്കി.
പുതിയ പാലം വേണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിലാണ് പഴയ പാലം പൊളിച്ചുമാറ്റി നടപ്പാതയും രണ്ടുവരി ഗതാഗതയോഗ്യവുമായ പുതിയ പാലം നിർമിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ വിതുരയിൽനിന്ന് കല്ലാർ, പൊന്മുടി ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാകും.
ഇരുവശത്തും ഫുട്പാത്ത് അടക്കം 75.9 മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലും മൂന്ന് സ്പാനോടുകൂടിയ പി.എസ്.ജി. ഗിർഡർ ആൻഡ് സ്ലാബ് ഇന്റഗ്രേറ്റഡ് ബ്രിഡ്ജായാണ് പാലം നിർമാണം. ഇരുവശങ്ങളിലും നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 100 മീറ്റർ വീതം നീളമുള്ള അനുബന്ധ റോഡുകളും എസ്റ്റിമേറ്റിലുണ്ട്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെയും പഞ്ചായത്ത് എൽ.എസ്.ജി.ഡി. വിഭാഗത്തിന്റെയും പരിശോധനകളുടെ അടിസ്ഥാനത്തിൽ ബദൽ യാത്രാസൗകര്യമൊരുക്കിയാണ് പാലത്തിന്റെ നിർമാണം.
വലിയ വാഹനങ്ങൾക്ക് തേവിയോട് ശാന്തിനഗർ, പേരയം റോഡുകളിലൂടെയും ഇരുചക്രവാഹനങ്ങൾക്ക് പാലത്തിനു സമീപം താത്കാലിക വഴിയൊരുക്കിയും ഗതാഗതയോഗ്യമാക്കും.