നവീകരണവും വൈകുന്നു: പായലും ഇലകളും നിറഞ്ഞ് മലിനമായി ചെഴുങ്ങാനൂർ ക്ഷേത്രക്കുളം

വെള്ളറട : പടവുകൾ ജീർണാവസ്ഥയിൽ. കുളത്തിനകം പായലും ഇലകളും ജീർണിച്ച് മലിനമായ നിലയിൽ. എന്നിട്ടും ഉത്സവ ആറാട്ടിനുപയോഗിക്കുന്ന ക്ഷേത്രക്കുളം നവീകരിക്കാതെ അധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതായി വിശ്വാസികളുടെ പരാതി.

മലയോരത്തെ പുരാതനക്ഷേത്രങ്ങളിലൊന്നായ കുന്നത്തുകാൽ ചെഴുങ്ങാനൂർ മഹാദേവക്ഷേത്രത്തിലെ കുളമാണ് ഏറെ ശോച്യാവസ്ഥയിലുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം.

ഇവിടെയെത്തുന്ന വിശ്വാസികളിൽ ഭൂരിഭാഗവും ഈ കുളത്തിലിറങ്ങി കൈകാലുകൾ കഴുകിയശേഷമാണ് അമ്പലത്തിൽ പ്രവേശിക്കുന്നത്. ജീർണിച്ച പടിക്കെട്ടും സമീപത്തായി നിർമിച്ച സ്റ്റേജും കുളത്തിലിറങ്ങുന്നവർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി വിശ്വാസികൾ പറയുന്നു.കൂടാതെ കുളത്തിനകത്ത് സമീപ സ്വകാര്യപുരയിടത്തിലെ മരങ്ങളുടെ ഇലകൾ വീണ് ജീർണിക്കുന്നതും പായൽ നിറയുന്നതും വെള്ളത്തെ മലിനമാക്കുന്നുവെന്ന ആരോപണവുമുണ്ട്.

പലവട്ടം കുളം നവീകരണത്തിന് തടസ്സമായി നിൽക്കുന്ന, താത്കാ‌ലികമായ സ്റ്റേജ് നീക്കണമെന്നു അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നു ഭക്തജനങ്ങൾ പറയുന്നു.

ആറാട്ടിനുപയോഗിക്കുന്ന ഈ കുളം നവീകരിക്കാൻ മുമ്പ് തീരുമാനമുണ്ടായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതിനാൽ നടന്നില്ലെന്ന് ഉപദേശകസമിതി അംഗങ്ങളും പറയുന്നു.

ക്ഷേത്രക്കുളത്തെ സംരക്ഷിക്കാനുള്ള അടിയന്തരനടപടികൾ ഉണ്ടാകണമെന്നാണ് ക്ഷേത്രവിശ്വാസികളുടെ ആവശ്യം.