പാറശ്ശാല സരസ്വതി ആശുപത്രിയുടെ മധുരച്ചങ്ങലയിൽ കൈകോർത്ത് നാട്ടുകാർ

പാറശ്ശാല : ‘ഒരു ചുവട് നേരത്തെ’ എന്ന സന്ദേശവുമായി പാറശ്ശാല സരസ്വതി ആശുപത്രി സംഘടിപ്പിക്കുന്ന ത്രിദിന ലോക പ്രമേഹദിന പരിപാടികളുടെ രണ്ടാം ദിനം കുറുങ്കുട്ടി മുതൽ പാറശ്ശാല ആശുപത്രി ജങ്ഷൻ വരെ ‘മധുരച്ചങ്ങല’ തീർത്ത് വിദ്യാർഥികളും നാട്ടുകാരും പ്രമേഹ ബോധവത്കരണ പ്രതിജ്ഞയെടുത്തു. മധുരച്ചങ്ങലയുടെ ഉദ്ഘാടനം പാറശ്ശാല പോലീസ് ഇൻസ്പെക്ടർ ആർ.സജീവ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാർ, ഡയബറ്റിക് ക്ലിനിക് അംഗങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. പൊതുസമ്മേളനം സി. കെ.ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാമി അശ്വതി തിരുനാൾ അധ്യക്ഷനായി.
നവീകരിച്ച ലേബർ റൂം കോംപ്ലക്സ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
പുതിയ കോഴ്സുകളുടെ ഉദ്ഘാടനം ബി.ജെ.പി. നേതാവ് ചെങ്കൽ രാജശേഖരൻ നായർ നിർവഹിച്ചു. കാപ്പിക്കോട് വാർഡിനെ പ്രമേഹ നിയന്ത്രിതഗ്രാമമായി
ജില്ലാപ്പഞ്ചായത്ത് അംഗം സി.ആർ.പ്രാണകുമാർ പ്രഖ്യാപിച്ചു. ജില്ലാപ്പഞ്ചായത്ത് അംഗം ബെൻ ഡാർവിൻ ജീവനക്കാരെ ആദരിച്ചു. കൂടാതെ ഡയബെറ്റിക് ക്ലിനിക് അംഗങ്ങൾ 100 ഇൻസുലിൻ സ്പോൺസർ ചെയ്ത് സരസ്വതി ഇൻസുലിൻ ബാങ്കിന് കൈമാറി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി നീളുന്ന ക്ഷീരമേഖലക്ക് നൽകിയ സംഭാവനയ്ക്ക് കാരോട് എസ്.അയ്യപ്പൻ നായർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി. ചടങ്ങിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അരുൺ, കന്യാകുമാരി ജില്ലാ മലയാള സമാജം പ്രസിഡന്റ് അഡ്വ. രാമചന്ദ്രൻ നായർ, പാറശ്ശാല റോട്ടറി ക്ലബ് പ്രസിഡന്റ് സജികുമാർ, പാറശ്ശാല റോട്ടറി ക്ലബ് സെക്രട്ടറി ഗോപൻ എം.വി., കൊല്ലങ്കോട് ഭദ്രകാളിദേവി ക്ഷേത്ര സെക്രട്ടറി മോഹൻ കുമാർ, വാർഡ് അംഗങ്ങളായ അശ്വതി പ്രമോദ്, അജിത എന്നിവർ ആശംസകൾ നേർന്നു.
ഭാസ്കരൻ തമ്പി അവാർഡും കുഴിത്തുറ രാമചന്ദ്രൻ നായർ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂൾ, കോളേജ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സരസ്വതി ഹസ്തം പ്രവർത്തകർ, ഡയബറ്റിക് ക്ലിനിക് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
ലോക പ്രമേഹദിനമായ ശനിയാഴ്ച രാവിലെ ഒൻപതിന് പാറശ്ശാല സരസ്വതി ആശുപത്രിയിൽ ‘പഞ്ചാര വണ്ടി’യുടെ ബോധവത്കരണ യാത്ര കോവളം എം.എൽ.എ. എം.വിൻസെന്റ് ഫ്ലാഗ് ഓഫ് ചെയ്യും. പാറശ്ശാലയിൽനിന്ന് പള്ളിച്ചലിലേക്കും തക്കലയിലേക്കുമാണ് യാത്ര.