സ്വർണക്കവർച്ച നാടകമോ? അന്വേഷണം കടുപ്പിച്ചു പോലീസ്

തിരുവനന്തപുരം : ചാലയിലെ ജൂവലറി ഉടമയെ ആക്രമിച്ച് സ്വർണക്കവർച്ച നടത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് ഉടമയായ നന്ദകുമാർ ആദ്യദിനംതന്നെ മാറ്റിപ്പറഞ്ഞത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ഇതൊരു 'കവർച്ചാ നാടക'മാണോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. പിടിയിലായ ആറുപേരെയും ചോദ്യംചെയ്യുന്നതോടെ കൂടുതൽ വ്യക്തതവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.വയനാട് നിന്ന് പിടികൂടിയ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിലുമുണ്ട്.
സ്കൂട്ടറിൽനിന്ന് വീഴുകപോലും ചെയ്തില്ല
കവർച്ചാസംഘം ബൈക്കിൽ പിന്തുടർന്ന് സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചിട്ടും, സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നന്ദകുമാർ എങ്ങനെയാണ് റോഡിൽ വീഴുകപോലുംചെയ്യാതെ രക്ഷപ്പെട്ടത് എന്നതാണ് പോലീസിന്റെ ഒരു സംശയം.
വ്യാഴാഴ്ച രാത്രി പത്തരയോടെ കടയടച്ച് സ്കൂട്ടറിൽ മടങ്ങവേ മരക്കടയ്ക്കുസമീപംവെച്ച് ബൈക്കിലെത്തിയ രണ്ടുപേർ സ്വർണമടങ്ങിയ തോൾബാഗ് തട്ടിപ്പറിച്ച് കടക്കുകയായിരുന്നുവെന്നാണ് നന്ദകുമാറിന്റെ പരാതിയിലുള്ളത്.
പിടിച്ചുവലിക്കുന്നതിനിടെ ബാഗിന്റെ ഒരുഭാഗം കീറിപ്പോയെന്നും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം കാണാൻ പറ്റിയില്ലെന്നും അയാൾ പറഞ്ഞിരുന്നു.
സാമാന്യം േവഗത്തിൽ സഞ്ചരിക്കുന്നതിനിടെ, ബാഗ് പോലും കീറിപ്പോകുംവിധം ഇങ്ങനെയൊരു തട്ടിപ്പറിക്കൽ നടന്നാൽ സ്കൂട്ടർ യാത്രികൻ എന്തായാലും മറിഞ്ഞുവീഴുമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, നന്ദകുമാറിന് അത്തരത്തിൽ അപകടമൊന്നും പറ്റിയിട്ടില്ല.
പറഞ്ഞവഴിയിലല്ല മോഷ്ടാക്കൾ
മോഷ്ടക്കൾ രക്ഷപ്പെട്ടതായി ഉടമ പറഞ്ഞ വഴിയും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. സി.സി.ടി.വി. പരിശോധിച്ചപ്പോൾ ആ വഴിയിലൂടെയല്ല മോഷ്ടാക്കൾ പോയതെന്ന് വ്യക്തമായി. പവർഹൗസ് റോഡുവഴി തകരപ്പറമ്പ് ഭാഗത്തേക്ക് പ്രതികൾ ബാഗുമായി പോകുന്നതായാണ് കണ്ടത്. രണ്ടുപേരടങ്ങിയ സംഘമാണ് തന്നെ ആക്രമിച്ച് സ്വർണവുമായി കടന്നത് എന്നായിരുന്നു നന്ദകുമാറിന്റെ മൊഴി. എന്നാൽ, സി.സി.ടി.വി.യിൽ ഒരു ബൈക്കിൽ രണ്ടുപേരും മറ്റൊരു ബൈക്കിൽ മറ്റൊരാളും ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. കവർച്ച നടത്തും മുൻപ് സമീപത്തെ കടയ്ക്കുമുന്നിൽ മോഷ്ടാക്കൾ കാത്തുനിന്നതും സി.സി.ടി.വി.യിലുണ്ട്.
മാറിമറിഞ്ഞ് സ്വർണക്കണക്ക്
ആദ്യം പോലീസിനോട് നന്ദകുമാർ പറഞ്ഞത് 1.800 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടു എന്നായിരുന്നു. എഫ്.ഐ.ആറിൽ രണ്ടുകിലോ സ്വർണം നഷ്ടപ്പെട്ടതായി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് 15 പവൻ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് നന്ദകുമാർ മാറ്റിപ്പറഞ്ഞു. സ്വർണത്തിന്റെ അളവിലെ ഈ വ്യത്യസ്ത കണക്കുകളും പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. പരസ്പരവിരുദ്ധമായ വിവരങ്ങളാണെങ്കിലും പിടിയിലായവരെ ചോദ്യംചെയ്യുന്നതോടെ സംഭവത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. വയനാട്ടിൽനിന്നു പിടികൂടിയ പ്രതികളിൽനിന്ന് പോലീസ് കണ്ടെടുത്തത് 488 ഗ്രാം തൂക്കംവരുന്ന സ്വർണക്കട്ടിയാണ്. സ്വർണക്കള്ളക്കടത്ത് സംഘത്തിന്റെ പങ്കിലേക്കാണ് പോലീസിന്റെ അന്വേഷണം നീളുന്നത്.