ദിവസങ്ങൾ നീണ്ട നിരീക്ഷണം

തിരുവനന്തപുരം : ചാലയിലെ ജൂവലറിയിലെ സ്വർണം കവർന്ന സംഭവത്തിനുപിന്നിൽ ദിവസങ്ങൾ നീണ്ട ആസൂത്രണമുണ്ടായിരുന്നെന്ന് കരുതുന്നു. സ്വർണവ്യാപാരിയായ നന്ദകുമാറിനെ നിരീക്ഷിച്ച് യാത്രാവഴികളും സ്വർണം കൈയിലുണ്ടെന്ന് ഉറപ്പാക്കിയശേഷവുമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ മുൻ ദിവസങ്ങളുടേതടക്കമുള്ള സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരുകയാണ്. ഇതിനു മുൻപും മോഷണം നടത്താൻ ശ്രമിച്ചുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഫോൺനമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.
സ്വർണം ശുദ്ധീകരിച്ചുനൽകുന്ന മാർവാടി വ്യാപാരിയായ നന്ദകുമാറിന്റെ ഇടപാടുകാരിലേക്കും അന്വേഷണം നീളും. ഇദ്ദേഹത്തിന്റെ ഇടപാടുകളെയും സ്വർണം കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതുമായ രീതികളെയും കുറിച്ച് അറിവുള്ളവരാണോ കവർച്ചയ്ക്കുപിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചെറിയ ജൂവലറികളിൽനിന്നും വ്യക്തികളിൽനിന്നും സ്വർണം ശേഖരിച്ച് പ്യൂരിഫയിങ് മെഷീൻ ഉപയോഗിച്ച് 24 കാരറ്റ് സ്വർണബാറുകളാക്കി മാറ്റിനൽകുന്നതാണ് നന്ദകുമാറിന്റെ ജോലി. ഇതിനായി വീട്ടിൽ സ്ഥാപിച്ചിട്ടുള്ള മെഷീനാണ് ഉപയോഗിക്കുന്നത്.
സ്വർണം വീട്ടിലെത്തിച്ച് ശുദ്ധീകരിച്ചശേഷം ആവശ്യക്കാർക്ക് തിരികെനൽകുന്നതാണ് പതിവ്. ഈ ഇടപാടുകളിൽനിന്ന് കമ്മിഷനും ലഭിക്കാറുണ്ട്. സ്വർണം വീട്ടിലേക്കു കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും അറിയാവുന്ന സംഘമാകാം കവർച്ചയ്ക്കുപിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കവർച്ച നടത്തിയതിനുശേഷം പവർഹൗസ് റോഡ് വഴി തകരപ്പറമ്പ് ഭാഗത്തേക്ക് പ്രതികൾ ബാഗുമായി യാത്രചെയ്തുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.
അതിനിടെ, കവർച്ചചെയ്യപ്പെട്ട സ്വർണത്തിന്റെ അളവുസംബന്ധിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വർണത്തിന്റെ അളവിൽ വ്യത്യസ്ത കണക്കുകൾ പുറത്തുവന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.