പ്രാവച്ചമ്പലം ജങ്ഷൻ; ഇരുളടഞ്ഞു

നേമം : കരമന-കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലം ജങ്ഷനിലെ മീഡിയനിലെ ലൈറ്റുകൾ പ്രകാശിക്കാത്തത് അപകടഭീഷണിയാകുന്നു. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണിത്.
രാത്രി ഇരുളടഞ്ഞുകിടക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്രാവച്ചമ്പലം ജങ്ഷനിൽനിന്ന് അരിക്കടമുക്കിലേക്കും നേമം, പള്ളിച്ചൽ ഭാഗത്തേക്കും വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നത് സിഗ്നലുള്ള ഈ വഴിയിലൂടെയാണ്.
റോഡുകൾ സംഗമിക്കുന്ന സ്ഥലമായതിനാൽ ചെടി നട്ടുപിടിപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ മീഡിയനുകളാണ് പ്രാവച്ചമ്പലം ജങ്ഷനിലുള്ളത്.
തിരക്കേറിയ ജങ്ഷനായതിനാൽ നിരവധിപേരാണ് ഈ ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നത്. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾക്കിടയിലൂടെ രാത്രിയിൽ വെളിച്ചമില്ലാതെ റോഡ് മുറിച്ചുകടക്കുന്നത് അപകടകരമാണ്.
കഴിഞ്ഞ കുറേ മാസങ്ങളായി മീഡിയനിലെ ലൈറ്റുകൾ കത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കൈമനം മുതൽ പ്രാവച്ചമ്പലം വരെയും പ്രാവച്ചമ്പലംമുതൽ വഴിമുക്കുവരെയും രണ്ട് ഘട്ടങ്ങളായാണ് മീഡിയനിൽ ലൈറ്റുകൾ സ്ഥാപിച്ചത്.
രണ്ടാം ഘട്ടത്തിൽ സ്മാർട് സിറ്റിയുടെ ഭാഗമായി സ്ഥാപിച്ച 184 ലൈറ്റുകൾ കൈമനംമുതൽ പ്രാവച്ചമ്പലം ജങ്ഷനുമുൻപുവരെ കോർപ്പറേഷൻ പരിധിയിൽ കത്തുന്നുണ്ട്.
ഈ ലൈറ്റുകളുടെ നിയന്ത്രണത്തിനായി പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, നേമം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ സ്ഥാപിച്ച പള്ളിച്ചൽ പഞ്ചായത്ത് പരിധിയിൽവരുന്ന ലൈറ്റുകളാണ് ഇപ്പോൾ മിഴിയടച്ചിരിക്കുന്നത്. പ്രാവച്ചമ്പലം ജങ്ഷനിൽ പതിവായി വാഹനങ്ങൾ മീഡിയനിൽ ഇടിച്ചുകയറുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്, ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ള തൂണുകൾ ഇളകിവീണുകിടക്കുന്ന സാഹചര്യവുമുണ്ട്. ദേശീയപാതവിഭാഗത്തിന്റെ അനാസ്ഥകാരണമാണ് ലൈറ്റുകൾ കത്താത്തതെന്നാണ് പരാതി.
ഒഴിഞ്ഞുമാറുന്നു
ലൈറ്റുകൾ കത്താതെയായിട്ട് മാസങ്ങളായിട്ടും ദേശീയപാതവിഭാഗം ഇടപെടാതെ പഞ്ചായത്തിന്റെ ബാധ്യതയാെണന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. പഞ്ചായത്തിന് ഭീമമായ തുക ചെലവഴിക്കാനും കഴിയില്ല.
അനൂജ് എസ്.പി,
വാർഡ് അംഗം
പ്രാവച്ചമ്പലം
അപകടസാധ്യതയേറെ
ഇരുട്ടായതിനാൽ ചെറിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് റോഡ് മുറിച്ചുകടക്കുന്നവരെ വ്യക്തമായി കാണാൻ കഴിയാത്തത് അപകട സാധ്യതയുണ്ടാക്കുന്നു.
എ.സുകുമാരൻ,
ഓട്ടോഡ്രൈവർ
അപകടം പതിവ്
വെളിച്ചക്കുറവ് കാരണം ഭയരഹിതമായി പുലർച്ചെയും രാത്രിയും റോഡ് മുറിച്ചുകടക്കാൻ കഴിയുന്നില്ല. അപകടങ്ങളും പതിവാണ്.
പ്രാവച്ചമ്പലം മഹേഷ്
പത്ര ഏജന്റ്