പേവിഷബാധയേറ്റ തെരുവുനായയുടെ ആക്രമണം; പത്തുപേർക്ക് പരിക്കേറ്റു

തെരുവുനായകൾക്കും കടിയേറ്റു

പാറശ്ശാല : പേവിഷബാധയേറ്റതെന്നു സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് ബ്ലോക്ക് ഓഫീസിനു സമീപത്ത്‌ രണ്ട് വഴിയാത്രക്കാരെ ആക്രമിച്ചശേഷം ഓടിമറഞ്ഞ നായ വെള്ളിയാഴ്ച രാവിലെ വീണ്ടും വഴിയാത്രക്കാരെ ആക്രമിച്ചു.

രാവിലെ ഗാന്ധിപാർക്ക്, ക്ഷേത്രനട, ആശുപത്രി കവല, ഹൈസ്‌കൂൾ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഓടിനടന്ന് വഴിയാത്രക്കാരെ ആക്രമിച്ചു.

ഓട്ടോഡ്രൈവർ ജസ്റ്റിൻ, ബിനു, മുള്ളുവിള സ്വദേശിനി സെൽവി, മുണ്ടപ്ലാവിള സ്വദേശിയായ സ്‌കൂൾ വിദ്യാർഥികളായ അക്ഷയ്, ഷാഹിന, ബസ് കാത്തുനിന്നയാൾ, സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അശ്വതി എന്നിവർക്കാണ് വെള്ളിയാഴ്ച കടിയേറ്റത്.

വ്യാഴാഴ്ച വിവിധ മേഖലകളിലായി ആറുപേർക്കുനേരേയും നായയുടെ ആക്രമണമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ബസ് സ്േറ്റാപ്പിൽനിന്ന വ്യക്തി ബസിൽക്കയറി പോയതിനാൽ ഈയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ടോയെന്നും വ്യക്തതയില്ലാത്തത് ഭീതിപരത്തുന്നുണ്ട്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അക്രമകാരിയായ നായയെ ചത്തനിലയിൽ കണ്ടെത്തി. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

പാ റശ്ശാല ടൗൺ മേഖലയിൽ അലഞ്ഞുതിരിയുന്ന തെരുവുനായകളെയും ഈ നായ ആക്രമിച്ചു. സംശയിക്കുന്ന നായകളിൽ ചിലതിനെ കണ്ടെത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാക്സിനേഷനു വിധേയമാക്കി.പാറശ്ശാല ടൗൺ മേഖലയിൽ മുപ്പതിലധികം തെരുവുനായകൾ അലഞ്ഞുതിരിയുന്നുണ്ട്‌.

ഇവയിൽ കടിയേറ്റവയെ തിരിച്ചറിയാൻ സാധിക്കാത്തത് സ്ഥിതി ഭയാനകമാക്കുന്നു. ഈ സാഹചര്യത്തിൽ ടൗൺ മേഖലയിൽ അലഞ്ഞുതിരിയുന്ന അക്രമകാരികളായ നായകളെ പിടികൂടണമെന്നാവശ്യം ശക്തമാകുന്നു. തുടർന്ന് തിരുവനന്തപുരത്തുനിന്ന്‌ തെരുവുനായ പിടിത്തക്കാരെ എത്തിച്ച് കുറ​െച്ചണ്ണത്തെ പിടികൂടി.