ശബരിമല മുന്നൊരുക്കങ്ങളുടെ മറവിൽ കോടികളുടെ ധൂർത്തും അഴിമതിയും; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരേ KPCC അംഗം

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുടെ മറവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടക്കുന്നത് കോടികളുടെ ധൂർത്തും ആസൂത്രിത അഴിമതിയുമാണെന്ന് കെ.പി.സി.സി. അംഗം ജെ.എസ്. അഖിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച സ്ഥാപന സംരക്ഷണ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഉറപ്പുകൾക്ക് പുല്ലുവില കൽപ്പിച്ചാണ് ബോർഡ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പുതിയ പരിഷ്കാരങ്ങളുടെ പേരിൽ ദേവസ്വം ഫണ്ട് "വിത്തെടുത്ത് കുത്തുന്ന" രീതിയിലാണ് ബോർഡ് ധൂർത്തടിക്കുന്നത്. ലേല നടപടികൾ ബോധപൂർവം വൈകിപ്പിച്ച്, ശർക്കരയ്ക്ക് വിപണിയിൽ വില ഉയരുന്ന മാസങ്ങളിൽ ലേലം നടത്തിയത് വൻകിട കുത്തകക്കാരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. ലേല വിവരങ്ങൾ മുൻകൂട്ടി ചോർന്നതിന് പിന്നിൽ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്. ലേല പരസ്യത്തിന് മാത്രമായി 30 ലക്ഷം രൂപ ജനറൽ ഫണ്ടിൽനിന്ന് പൊടിച്ച ബോർഡ്, പ്രസിഡന്റിന്റെ ഇഷ്ടക്കാരായ സ്പോൺസർമാരെ മാത്രമാണ് ഇപ്പോൾ വഴിവിട്ട് സഹായിക്കുന്നത്. ഇതിന് പിന്നിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രാന്വേഷണം വേണം.
പ്രതിസന്ധികൾ ചോദ്യംചെയ്ത എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റിനെമാത്രം അഞ്ച് തവണയാണ് പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റിയത്.

ഒരു ബോർഡ് അംഗത്തിന്റെ സ്വന്തക്കാരന് താല്പര്യമുള്ള സ്ഥലത്ത് നിയമനം നൽകാൻ ജൂണിൽ നടക്കേണ്ട ജനറൽ ട്രാൻസ്ഫർ നാല് മാസമാണ് ഒളിച്ചുവച്ചത്. സ്ഥലംമാറ്റങ്ങളുടെ പേരിൽ ലക്ഷങ്ങളുടെ പണപ്പിരിവ് നടക്കുന്നുണ്ടെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ബോർഡ് അംഗത്തിന്റെ ഫോൺ റെക്കോർഡുകൾ ഉടൻ പുറത്തുവിടുമെന്നും അഖിൽ മുന്നറിയിപ്പ് നൽകി.

മറ്റൊരു സി.പി.ഐ. ബോർഡ് അംഗം പരസ്യമായി പാർട്ടി പരിപാടികളിൽ പങ്കെടുത്ത് എച്ച്.ആർ.ഐ. ആക്ട് ലംഘിക്കുകയാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ ഇയാൾക്ക് ബോർഡ് അംഗമായി തുടരാൻ യോഗ്യതയില്ല. കോടതി ഉത്തരവുണ്ടായിട്ടും ദേവസ്വത്തിലെ മരം മുറിച്ചുകടത്തിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സംരക്ഷിക്കുന്നത് ഒരു ബോർഡ് അംഗത്തിന്റെ രാഷ്ട്രീയ സ്വാധീനമാണ്.

ശബരിമലയിൽ 66 ദിവസം തുടർച്ചയായി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് നൽകുന്നത് അങ്ങേയറ്റം മോശം ഭക്ഷണമാണ്. ജീവനക്കാരുടെ മെസ്സ് മാളികപ്പുറത്തിനടുത്തേക്ക് മാറ്റിയതിനാൽ ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാർ എത്തുമ്പോഴേക്കും ഭക്ഷണം തീരുന്ന അവസ്ഥയാണ്. ജീവനക്കാർക്കായി പഴയ മെസ്സ് പുനഃസ്ഥാപിക്കുകയും പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കുകയും വേണം. കൂടാതെ, ഭണ്ഡാരത്തിൽ ജീവനക്കാരെമാത്രം വിവസ്ത്രരാക്കി പരിശോധിക്കുന്ന അപമാനകരമായ രീതി അവസാനിപ്പിച്ച് ആധുനിക സ്കാനറുകൾ സ്ഥാപിക്കണം. ഓഫീസർമാർക്ക് നൽകിയതുപോലെ ജീവനക്കാർക്കും 20 ദിവസം വീതമുള്ള ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണം.

അതേസമയം, ദേവസ്വം ബോർഡിൽനിന്ന് വിരമിച്ചിട്ടും എക്സിക്യൂട്ടീവ് ഓഫീസിൽ താൽക്കാലികക്കാരായി ഇരുന്ന് ഡ്യൂട്ടി പോയിന്റുകൾ നിശ്ചയിക്കുന്നത് സി.പി.എം. യൂണിയൻ നേതാക്കളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിൽ മത്സരിച്ച സ്ഥാനാർഥിപോലും ഇപ്പോഴും ശബരിമലയിലെ പ്രധാന തസ്തികയിൽ തുടരുകയാണ്. ഇത്തരക്കാരെയും നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉള്ളൂർ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും ബോർഡ് സംരക്ഷിക്കുകയാണെന്ന് അഖിൽ കുറ്റപ്പെടുത്തി.
ഈ ഗുരുതരമായ അഴിമതികളെല്ലാം സംസ്ഥാന വിജിലൻസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അഖിൽ ആവശ്യപ്പെട്ടു.