ഏറ്റവും സമ്പന്നൻ; പക്ഷേ, മുഖവും രൂപവും ഇല്ല, മൊത്തം ദുരൂഹത; ആരാണ് സതോഷി നകാമോട്ടോ?

ലോകത്തിലെ ഏറ്റവും വലിയ പണക്കാരിലൊരാള്‍. പക്ഷെ, അയാള്‍ക്കൊരു മുഖമില്ല, രൂപമില്ല. ആരാണ് സതോഷി നകാമോട്ടോ എന്ന ശതകോടീശ്വരന്‍? കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെ കാലമായി ലോകത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നാണ് ഇക്കാര്യം. അതൊരു വ്യക്തിയാണോ? ഒരുകൂട്ടം ആളുകളാണോ? ഒരു പ്രസ്ഥാനമാണോ? ആര്‍ക്കും ഒന്നും അറിയില്ല. ഒരു സൂചന പോലുമില്ല. സതോഷി നകാമോട്ടോ എന്ന പേരിന് പിന്നിലുള്ളയാള്‍ ആരായാലും അയാളിന്ന് ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളാണ്. ARKHAM പോലുള്ള വെബ്‌സൈറ്റുകള്‍ പ്രകാരം സതോഷി നകാമോട്ടോയുടെ ആസ്തി 128 ബില്യണ്‍ ഡോളറിനും 134 ബില്യണിനും ഡോളറിനും ഇടയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 106 ബില്യണ്‍ ഡോളറാണെന്ന് ഓര്‍ക്കുക. മുഖമില്ലാത്ത പണക്കാരന്‍ എന്നത് മാത്രമല്ല സതോഷി നകാമോട്ടോയുടെ നിഗൂഢത. ലോകത്തിലെ ഏറ്റവും വലിയ പണക്കാരില്‍ നിലവില്‍ 11-ാം സ്ഥാനത്തുള്ള സതോഷി നകാമോട്ടോയ്ക്ക് സ്വന്തമായി ഒരു ബിസിനസുമില്ല. ഒരു ഉത്പ്പന്നവും പുറത്തിറക്കുന്നില്ല. ഫാക്ടറികളോ ജീവനക്കാരോ ഇല്ല. എന്നാല്‍, വരുമാനം മാത്രം ഒരോ ദിവസം പിന്നിടുമ്പോഴും ബില്യണില്‍നിന്ന് ബില്യണിലേക്ക് കുതിക്കുന്നു. പിന്നെ എന്താണ് നകാമോട്ടോ ശതകോടീശ്വരന്റെ വരുമാന മാര്‍ഗം?
ബിറ്റ്‌കോയിന്‍. ഏറ്റവും ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിന്റെ സ്രഷ്ടാവാണ് സതോഷി നകാമോട്ടോ. 2008-ല്‍ ബിറ്റ്‌കോയിന്‍ വൈറ്റ്‌പേപ്പര്‍ പുറത്തിറക്കിയതും 2009-ല്‍ ആദ്യത്തെ ബിറ്റ്കോയിന്‍ ബ്ലോക്ക് രൂപീകരിച്ചതും 'സതോഷി നകാമോട്ടോ' എന്ന പേരിലാണ്. സതോഷിയുടെ കൈവശമുള്ള 1.096 മില്യണ്‍ ബിറ്റ്‌കോയിനുകളാണ് അദ്ദേഹത്തിന് ഇത്രയും സമ്പത്ത് നല്‍കുന്നത്. 2008-ല്‍ ബിറ്റ്‌കോയിന്‍ വൈറ്റ്‌പേപ്പര്‍ പുറത്തിറക്കിയതും 2009-ല്‍ ആദ്യത്തെ ബിറ്റ്കോയിന്‍ ബ്ലോക്ക് രൂപീകരിച്ചതും 'സതോഷി നകാമോട്ടോ' എന്ന പേരിലാണ്. മൂല്യം റോക്കറ്റ് പോലെ കുതിച്ചിട്ടും നകാമോട്ടോ തന്റെ കോയിനുകള്‍ വില്‍ക്കാത്തതും ഈ നിഗൂഢതയ്ക്ക് ആക്കം കൂട്ടി. ബിറ്റ്‌കോയിന്‍ മൂല്യം സമ്പത്തായി പരിഗണിക്കാത്തതിനാല്‍ നിലവില്‍ നകാമോട്ടോയുടെ പ്രൊഫൈല്‍ ഫോര്‍ബ്‌സ് ഉള്‍പ്പടെയുള്ള ലിസ്റ്റിങ്ങില്‍ കാണാന്‍ സാധിക്കില്ല. എങ്കിലും ബിറ്റ്‌കോയിന്‍ മൂല്യം ഇനിയും വര്‍ധിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ രണ്ടാമനായി സതോഷി നകാമോട്ടോ മാറുമെന്നാണ് ബ്ലൂംബര്‍ഗ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നത്.
Content Highlights: who is satoshi nakamoto what is cryptocurrency bitcoin