യുദ്ധവും ചെറുത്തുനിൽപ്പും പിന്നെ കൊടും കുറ്റകൃത്യങ്ങളും; കെണിയായത് ടെലഗ്രാമിന്റെ ഇരട്ടമുഖം മാത്രമല്ല

യുക്രൈൻയുദ്ധ വിവരങ്ങളറിയാൻ റഷ്യക്കാരും ലോകവും ഒരുപോലെ ആശ്രയിച്ചുപോന്ന അതേ ടെലഗ്രാമാണ്, തീവ്രവാദി ഗ്രൂപ്പുകളുടെയും സെക്സ്-ഹവാല-മയക്കുമരുന്ന് മാഫിയയുടെയുമൊക്കെ ആയുധമാണെന്ന ഗുരുതര ആരോപണം നേരിടുന്നത്. യുക്രൈൻ യുദ്ധഭൂമിയിലും റഷ്യയിലെ യുദ്ധവിരുദ്ധ പ്രചാരണരംഗത്തും ഒരുപോലെ മുന്നിലുള്ള ടെലഗ്രാമിന്റെ സി.ഇ.ഒ. പാെവൽ ദുറോവിനെ ഫ്രാൻസിൽ അറസ്റ്റുചെയ്തപ്പോൾ അതിനെതിരേ രംഗത്തുവന്നത് അതേ റഷ്യയും പിന്നെ ഇലോൺ മസ്കിന്റേതടക്കമുള്ള സോഷ്യൽ മീഡിയ കമ്പനികളുമാണ്. ഒരേസമയം, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലും സാമൂഹികവിരുദ്ധമെന്ന ലേബലിട്ടും ടെലഗ്രാമിനെ ചുറ്റിപ്പറ്റി ചർച്ചകൾ കൊഴുക്കുകയാണ്. വാട്‌സാപ്പ് ഉൾപ്പെടെ സമാനസ്വഭാവമുള്ള ഡയറക്ട് മെസേജിങ് ആപ്പുകൾക്കെല്ലാം ഏറിയും കുറഞ്ഞുമുണ്ട് ഈ ഇരട്ടമുഖം. എന്നിട്ടും എന്തുകൊണ്ടാണ് ടെലഗ്രാം മേധാവിയുടെ അറസ്റ്റ് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്.
പുതിയ ലോകക്രമത്തിൽ സാമൂഹികമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനത്തിൽ ഭരണകൂടങ്ങൾ, പ്രത്യേകിച്ചും ലോകശക്തികൾ അസ്വസ്ഥരാണെന്ന് വെളിപ്പെടുത്തുന്ന ചില സംഭവങ്ങൾ അടുത്തകാലത്തുണ്ടായിട്ടുണ്ട്. കോവിഡ്, ലോകത്തെ നിശ്ചലമാക്കിയ കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചില ഉള്ളടക്കങ്ങൾ സെൻസർ ചെയ്യാൻ അമേരിക്കയിലെ ജോ ബൈഡൻ സർക്കാർ സമ്മർദം ചെലുത്തിയിരുന്നെന്ന മാർക്ക് സക്കർബർഗിന്റെ ആരോപണം പുറത്തുവന്നത് അടുത്ത ദിവസമാണ്. വ്യാജവാർത്തകൾക്കെതിരേ തൃപ്തികരമായ നടപടികളെടുക്കാത്തതിന്റെ പേരിൽ എക്സിനെതിരേ യൂറോപ്യൻ കമ്മിഷൻ അന്വേഷണം പ്രഖ്യാപിക്കുകയും കലാപകാലത്തെ ഇടപെടലുമായി ബന്ധപ്പെട്ട് ബ്രിട്ടൻ നിയമങ്ങൾ കർശനമാക്കാനൊരുങ്ങുകയും ചെയ്യുന്ന കാലത്താണ്, ഒരു പടികൂടികടന്ന് ടെലഗ്രാം മേധാവിയെ ഫ്രാൻസ് അറസ്റ്റുചെയ്യുന്നത്. അഭിപ്രായ-ആശയവിനിമയ സ്വാതന്ത്ര്യത്തിനുനേരേ ആഗോളതലത്തിൽ നടക്കുന്ന ഗൂഢാലോചനയുടെ ഇരയാണ് പാവെലെന്ന മസ്കിന്റെ പ്രതികരണത്തിന് പതിവിൽക്കവിഞ്ഞ ഗൗരവം കൈവരുന്നതും അതുകൊണ്ടാണ്.
കടുത്ത സ്വകാര്യത
വാട്‌സാപ്പുപോലെ, അയച്ചവനും സ്വീകരിച്ചവനുമല്ലാതെ മറ്റൊരാൾക്ക് നുഴഞ്ഞുകയറാൻ അനുവാദമില്ലാത്ത എൻഡ് ടു എൻഡ് എൻക്രിപ്ഷനാണ് ടെലഗ്രാമിനെ ഒരേസമയം ജനപ്രിയനും ഭരണകൂടവിരുദ്ധനുമാക്കിയത്. ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ 1024 അംഗങ്ങളെമാത്രമേ ഉൾപ്പെടുത്താനാവൂ എങ്കിൽ ടെലഗ്രാമിൽ അത് രണ്ടുലക്ഷമാണ്. വാട്‌സാപ്പുപോലെ അയക്കുന്ന മീഡിയയുടെ വലുപ്പത്തിൽ കടുംപിടിത്തവുമില്ല. നിമിഷങ്ങൾക്കുള്ളിൽ സന്ദേശങ്ങൾ, അത് നല്ലതായാലും ചീത്തയായാലും രണ്ടുലക്ഷം പേരിൽ എത്തിക്കാൻ ടെലഗ്രാം ചാനലുകൾക്കാവും. അഡ്മിനുമാത്രം വിവരങ്ങൾ പോസ്റ്റുചെയ്യാവുന്ന ചാനലുകൾ യഥാർഥത്തിൽ എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച്, ഒരു സെൻസർഷിപ്പിനെയും പേടിക്കാതെ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള മാധ്യമമായി മാറിയത് അങ്ങനെയാണ്. ആർക്കും പിടികൊടുക്കാത്ത ഈ സ്വകാര്യതയാണ് ക്രിമിനലുകളുെടയും ഇഷ്ടസ്ഥലമാക്കി ടെലഗ്രാമിനെ മാറ്റിയത്. പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങിയ ഉടൻ പാവെലിനെ പിടികൂടാൻ കാരണമായി ഫ്രാൻസ് പറയുന്നത് കള്ളപ്പണം വെളുപ്പിക്കലും കുട്ടികളുൾപ്പെട്ട ലൈംഗിക ഉള്ളടക്കങ്ങൾ സൂക്ഷിച്ചതും മയക്കുമരുന്ന്- കള്ളപ്പണ ആസൂത്രിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായതും ഈ വിവരങ്ങളൊന്നും അധികൃതർക്ക് കൈമാറാത്തതുമടക്കം 12 അതിഗുരുതര കുറ്റങ്ങളാണ്. ടെലഗ്രാമിനെക്കാൾ മൂന്നിരട്ടി ഉപയോക്താക്കളുള്ള വാട്‌സാപ്പിനില്ലാത്ത പ്രതിസന്ധികൾ അവർ നേരിടേണ്ടിവരുന്നത് ഉപയോക്താക്കൾക്കു കൊടുക്കുന്ന ഈ സ്വാതന്ത്ര്യംകൊണ്ടാണ്.
ഈ സ്വാതന്ത്ര്യമാണ് മറ്റൊരുതരത്തിൽ ടെലഗ്രാമിനെ പോപ്പുലറാക്കിയത് എന്നുവരുന്നിടത്താണ് അതിന്റെ രാഷ്ട്രീയപ്രാധാന്യം. അതേ രാഷ്ട്രീയകാരണങ്ങളാണ് ഈ നടപടിക്കു പിന്നിലെന്ന് വാദിക്കുന്നവരാണ് ടെക് അധികാരകേന്ദ്രങ്ങൾമുതൽ രാഷ്ട്രീയനേതൃത്വംവരെയുള്ള ഒരുപാടുപേർ. യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ നയതന്ത്രരംഗത്ത് പരിക്കേറ്റിരിക്കുന്ന റഷ്യതന്നെയാണ് ടെലഗ്രാമിന്റെ രാഷ്ട്രീയപ്രാധാന്യം ഇത്രയേറെ ചർച്ചയാവുന്നതിന് പിന്നിലും. പിറന്നുവീണ മണ്ണിൽ നിരോധനം നേരിടുകയും അധികം വൈകാതെ അവർതന്നെ അതിന്റെ വലിയ ഉപഭോക്താക്കളാവുകയുംചെയ്ത വൈരുധ്യം കഴിഞ്ഞ പത്തുവർഷത്തിനിടെ ലോകം കണ്ടതാണ്.
എവിടെയാണ് പിഴച്ചത് ?
മറ്റ് സമാന ആപ്പുകൾക്കുള്ളതിനെക്കാൾ സ്വകാര്യത പുലർത്തിയതും ഉപയോക്താക്കളുടെ ഇടപെടലുകളെ പരിധിയിൽക്കൂടുതൽ പിന്തുണച്ചതുമാണ് ടെലഗ്രാമിനെ പ്രതിക്കൂട്ടിലാക്കിയതെന്ന് വാദിക്കുന്നവരും കുറവല്ല. തുടക്കംമുതൽത്തന്നെ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിലും നടപടികളെടുക്കുന്നതിലും പിന്നോട്ടുതന്നെയായിരുന്നു ടെലഗ്രാം. വെരിഫിക്കേഷനുൾപ്പെടുത്തിയും തട്ടിപ്പുകാരാണെന്നു മുന്നറിയിപ്പുനൽകുന്ന സ്കാം മാർക്ക് കൊണ്ടുവന്നും സ്വന്തമായി ഒരു ‘റെഡ്‌ലൈൻ’ ഉണ്ടാക്കി അതിനപ്പുറം പോകുന്നവരെ വിലക്കി മുന്നോട്ടുപോയെങ്കിലും കോപ്പിറൈറ്റില്ലാത്തതും ഇതര മാധ്യമങ്ങളിൽ ലഭ്യമാവാത്തതുമായ ഉള്ളടക്കങ്ങൾ ടെലഗ്രാമിൽ കിട്ടുമെന്നത് ഇന്ന് രഹസ്യമല്ല. ചെൽഡ് സെക്‌ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) കൈമാറുന്ന വലിയ ഗ്രൂപ്പുകളെക്കുറിച്ച് നേരത്തേ റിപ്പോർട്ടുകൾ നൽകിയിട്ടും അത് ഇല്ലാതാക്കാൻ നടപടിയെടുത്തില്ല എന്നത് പാവെലിന്റെ അറസ്റ്റിലേക്കുനയിച്ച പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സോഷ്യൽ മീഡിയ ഭീമൻ ടെലഗ്രാം മേധാവി പാെവൽ ദുറോവിനെ കഴിഞ്ഞ ദിവസമാണ് ഫ്രാൻസ് അറസ്റ്റു ചെയ്തത്. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗികത പ്രോത്സാഹിപ്പിച്ചതടക്കം 12 വലിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. അതിനപ്പുറം, ഉപയോക്താക്കൾ ചെയ്ത കുറ്റങ്ങൾക്ക് ഒരു സോഷ്യൽ മീഡിയ കമ്പനി മേധാവിയെ അറസ്റ്റുചെയ്ത നടപടി വലിയ ഞെട്ടലോടെയാണ് ടെക് ലോകം കേട്ടത്. തങ്ങളെ ഭരണകൂടങ്ങൾ വരുതിയിൽ നിർത്താൻ ശ്രമിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമായി അവർ കാണുന്നു. മെറ്റയിൽ സുരക്ഷാകാര്യങ്ങൾ കൈകാര്യംചെയ്യാൻമാത്രം 40,000 പേരുണ്ടെങ്കിൽ ദൈനംദിന കാര്യങ്ങൾക്കുൾപ്പെടെ ആകെ നൂറോളംപേർമാത്രമേ ടെലഗ്രാമിൽ ജോലിക്കാരായുള്ളൂ
വാട്‌സാപ്പും ഇൻസ്റ്റഗ്രാമും, ഫെയ്‌സ്ബുക്കുമൊക്കെ അടങ്ങുന്ന ടെക് ലോകത്തെ മുൻനിരക്കാരനാണെങ്കിലും സിലിക്കൺ വാലിയുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്ത ടെലഗ്രാം ടെക് വമ്പന്മാരടങ്ങുന്ന ‘പവർ ഗ്രൂപ്പി’ൽ അംഗമല്ല. മെറ്റയിൽ സുരക്ഷാകാര്യങ്ങൾ കൈകാര്യംചെയ്യാൻമാത്രം 40,000 പേരുണ്ടെങ്കിൽ ദൈനംദിന കാര്യങ്ങൾക്കുൾപ്പെടെ ആകെ നൂറോളംപേർമാത്രമേ ടെലഗ്രാമിൽ ജോലിക്കാരായുള്ളൂ. മെറ്റയും ആൽഫബെറ്റുമൊക്കെ ആഗോളവിപണിയുമായി ഇഴചേർന്ന് പ്രവർത്തിക്കുന്നവരാണെങ്കിൽ ടെലഗ്രാമിന് മറ്റുകമ്പനികൾക്കുള്ളതുപോലെ വലിയ വരുമാനമോ അധികാരകേന്ദ്രങ്ങളുടെ പിന്തുണയോ ഇല്ല. ലളിതമായി പറഞ്ഞാൽ വമ്പനാണെങ്കിലും കൂട്ടത്തിൽ ദുർബലൻ.
കൊട്ടിഘോഷിച്ചുപറയുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യുന്നതായുള്ള ആരോപണവും ശക്തമാണ്. നേരത്തേ അജ്ഞാതരായി ഇടപെട്ടിരുന്ന ടെലഗ്രാം ഉപയോക്താക്കളെ, പ്രത്യേകിച്ചും ശത്രുരാജ്യത്തോട് കൂറുപുലർത്തുന്നവരെ, കണ്ടുപിടിച്ച് റഷ്യ നിയമത്തിനുമുന്നിൽ കൊണ്ടുവന്നത് വലിയ ചർച്ചയായിരുന്നു. ഇന്ത്യക്കുപിന്നിൽ ലോകത്തെ രണ്ടാമത്തെ ടെലഗ്രാം ഉപയോക്താക്കളാണ് റഷ്യ. സർക്കാർ/മിലിട്ടറി രംഗത്ത് റഷ്യ ടെലഗ്രാമിനെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. യുക്രൈൻ യുദ്ധത്തോടെ ഒറ്റപ്പെട്ട റഷ്യക്ക് ടെലഗ്രാമിനോടുള്ള താത്പര്യവും ഫ്രാൻസിന്റെ നടപടിക്ക് കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രിലിൽ ഒരു അമേരിക്കൻ മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ യു.എസ്. രഹസ്യാന്വേഷണ സംഘടനയായ എഫ്.ബി.ഐ.ക്ക് ടെലഗ്രാമിനോടുള്ള പ്രത്യേക താത്പര്യത്തെക്കുറിച്ചും അതേക്കുറിച്ച് കൂടുതലറിയാൻ ടെലഗ്രാമിന്റെ ഒരു എൻജിനിയറെ കൈവശപ്പെടുത്താൻ ശ്രമിച്ചതും തുറന്നുപറയുന്നുണ്ട്. പാവെലിന്റെ അറസ്റ്റിനുപിന്നാലെ റഷ്യ നയതന്ത്രതലത്തിൽ ഇടപെടാൻ ശ്രമിച്ചതും ഈ സംഭവങ്ങളും ചേർത്തുവായിക്കണം. ഈ കാരണങ്ങളാലൊക്കെ കൂട്ടത്തിൽ ദുർബലനായ ടെലഗ്രാമിനെ കെണിയിൽപ്പെടുത്തിയെന്നാണ് ടെക്‌സമൂഹം പറയാതെ പറയുന്നത്.
അറസ്റ്റ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ
ഏറിയും കുറഞ്ഞും ഭരണകൂടങ്ങൾ സോഷ്യൽ മീഡിയ കമ്പനികൾക്കെതിരേ രംഗത്തുവന്നുതുടങ്ങിയ കാലത്ത് ടെലഗ്രാമിന്റെ മേധാവിയെ പിടിച്ച് അകത്തിടാൻ ഫ്രാൻസ് കാണിച്ച ചങ്കൂറ്റം ഭാവിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വമ്പൻ ടെക് കമ്പനികൾ കരുതുന്നു.
‘റഷ്യൻ സക്കർബെർഗാ’യ പാവെൽ ദുറോവിനുമേൽ കുറ്റം ചാർത്തിയാൽ പിന്നാലെ യഥാർഥ സക്കർബെർഗ് വരെ വെള്ളംകുടിക്കുമെന്ന ഭയം. 100 കോടിയോളം വരുന്ന, ലോകത്തെങ്ങും പരന്നുകിടക്കുന്ന ഉപയോക്താക്കൾ ചെയ്യുന്ന കുറ്റകൃത്യത്തിന് കമ്പനി മേധാവിക്കുനേരേ നടപടിയുണ്ടായാൽ അത് മറ്റ് സമൂഹികമാധ്യമനേതൃത്വങ്ങൾക്ക് ഭീഷണിയായിത്തീരുമെന്ന ചിന്ത. ഭരണകൂടം സാമൂഹികമാധ്യമങ്ങളിൽ നടത്തുന്ന സമീപകാലത്തെ വലിയ ഇടപെടലാവുമത്. മറ്റുരാജ്യങ്ങൾക്കും അത് മാതൃകയായേക്കാം. ഇന്ത്യയിൽ ചോദ്യപ്പേപ്പർത്തട്ടിപ്പ് അടക്കം രാജ്യത്തെ പല കേസുകളിലും ടെലഗ്രാമിന്റെ പേര് ഉയർന്നുകേട്ടതാണ്. ആ വിഷയത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നുമുണ്ട്. എന്തൊക്കെയായാലും ടെലഗ്രാം മേധാവിയുടെ അറസ്റ്റ് ലോകത്തിനുമുന്നിലേക്ക് തുറന്നുവെക്കുന്നത് വലിയ സംവാദങ്ങളാണ്.
ദുറോവിന്റെ ആപ്പ് റഷ്യക്കാരനായ പാവെൽ ദുറോവ് അനുജൻ നികോളായിക്കൊപ്പം 2013-ലാണ് ടെലഗ്രാം ആപ്പ് രംഗത്തിറക്കിയത്. തൊട്ടടുത്ത വർഷം പാവെൽ റഷ്യൻ ഭരണകൂടവുമായി കലഹിച്ച് നാടുവിട്ടതുമുതൽ ടെലഗ്രാം വികേന്ദ്രീകൃതമായ രീതിയിലാണ് പ്രവർത്തിച്ചുതുടങ്ങിയത്. ടെലഗ്രാമിന്റെ ആസ്ഥാനമേതെന്ന് ചോദിച്ചാൽ ലോകമാകെ എന്ന് പറയേണ്ടിവരും. കാരണം, യു.എ.ഇ.യിൽനിന്ന് പാവെൽ നിയന്ത്രിക്കുന്ന കമ്പനിയുടെ അംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നാണ് ജോലി ചെയ്യുന്നത്. ഡേറ്റാ സെന്ററും അങ്ങനെത്തന്നെ (പാവെലിനുതന്നെ, യു.എ.ഇ., റഷ്യൻ, ഫ്രഞ്ച് പൗരത്വമുണ്ട്). 2006-ൽ പാവെൽ സ്ഥാപിച്ച വികോൺടാക്ടേ (VK VKontakte) എന്ന റഷ്യൻ ഫെയ്‌സ്ബുക്ക് യുക്രൈൻ ആക്ടിവിസ്റ്റുകളുടെ വിവരങ്ങൾ നൽകാത്തിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് പാവെലിനെ പിണക്കിയത്. അതിൽ സർക്കാർ കൈകടത്തിത്തുടങ്ങിയതോടെ 2014-ൽ യു.എ.ഇ.യിൽ അദ്ദേഹം സ്വയം അഭയാർഥിയായി. 2018-ൽ പാവെലും റഷ്യയും തമ്മിൽ വീണ്ടും പിണങ്ങി. ഉപയോക്താക്കളുടെ, പ്രത്യേകിച്ചും യുക്രൈൻ ബന്ധമുള്ള അക്കൗണ്ടുകളുടെ സന്ദേശങ്ങൾ തുറന്നുനോക്കാൻ അനുമതി നൽകാത്തതിന്റെ പേരിൽ റഷ്യ ടെലഗ്രാം നിരോധിച്ചു. രണ്ടുവർഷം കഴിഞ്ഞ് നിരോധനം പിൻവലിക്കേണ്ടിവന്ന അതേ റഷ്യയിൽ ഇന്ന് ഉദ്യോഗസ്ഥരും യുക്രൈൻ മണ്ണിൽ യുദ്ധംചെയ്യുന്ന പട്ടാളക്കാരും അതേ രഹസ്യാത്മകതയുടെ പേരിൽ ടെലഗ്രാം ഉപയോഗിക്കുന്നു. ചിലത് വ്യാജനാണെങ്കിൽപ്പോലും റഷ്യയിൽ യുക്രൈനിലെ യുദ്ധവിവരങ്ങളടക്കം സർക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങളറിയാനുള്ള ഏക മാർഗം ടെലഗ്രാം ചാനലുകളാണ്. റഷ്യയിൽ യുദ്ധവിരുദ്ധഗ്രൂപ്പുകളും ടെലഗ്രാം വ്യാപകമായി ഉപയോഗിക്കുന്നു. റഷ്യൻ ഹാക്കർമാരുടെ വലയത്തിലുള്ള യുക്രൈനും ടെലഗ്രാം വലിയ ആശ്വാസമാണ്. യുദ്ധമേഖലയിൽ ഒരേസമയം വിവരസ്രോതസ്സും മിലിട്ടറി ആശയവിനിമയ ഉപാധിയുമാവുന്നു എന്ന കാരണവും ടെലഗ്രാമിനുനേരേയുള്ള ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് വിശ്വസിക്കുന്നവരും ഒട്ടേറെയാണ്. ഇറാനും ഹോങ് കോങ്ങുമടക്കം ലോകത്തിന്റെ പലയിടത്തും പ്രക്ഷോഭകരുടെ ആയുധമായി ടെലഗ്രാം മാറുന്നതും നമ്മൾ കണ്ടു. ആരോപണങ്ങൾക്കപ്പുറം അതിന് രാഷ്ട്രീയമാനം കൈവരുന്നത് ഇങ്ങനെയൊക്കെയാണ്. |
In Short | Telegram, a platform equally relied upon for war updates and criticized for its use by criminal groups, is under scrutiny following the arrest of its CEO Pavel Durov in France. While offering high privacy and security, Telegram faces allegations related to child sexual abuse material (CSAM) and money laundering, sparking global debates on freedom of speech and the responsibilities of social media companies.
Content Highlights: Telegram Faces Scrutiny: CEO Arrested Amid Allegations of CSAM and Money Laundering