ജിയോക്കും എയർട്ടെലിനും മേൽ മസ്കിന്റെ സർജിക്കൽ സ്ട്രൈക്ക്, ഇന്ത്യയില്‍ സ്റ്റാർലിങ്ക് വിജയിക്കുമോ?

space x
space x

കേബിൾ ബ്രോഡ്ബാൻഡോ ഒരു 2ജി കണക്ഷൻ പോലുമോ സ്വപ്നംകാണാൻ കഴിയാത്ത സ്ഥലത്തുപോലും ഉപ​ഗ്രങ്ങളിൽ നിന്ന് നേരിട്ട് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ പോന്ന സ്റ്റാർലിങ്ക് രാജ്യത്തിന്റെ പടിവാതിലോളം വന്നെത്തിയിട്ട് വർഷം അഞ്ചു കഴിഞ്ഞു. ഇന്ത്യയുടെ ആകാശം സ്റ്റാർലിങ്കിന് തുറന്നു കൊടുക്കാൻ അരങ്ങൊരുങ്ങിയിട്ടും നാളേറെയായി. സാറ്റലൈറ്റ് ഇന്റർനെറ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികളും വിവാദങ്ങളുമായി മുന്നോട്ടുപോകവേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനവും, ഒപ്പം സ്റ്റാർലിങ്കിന്റേയും ടെസ്​ലയുടേയുമെല്ലാം ഉടമയായ ഇലോൺ മസ്കുമായുള്ള ചർച്ചകളും കഴിഞ്ഞ ആഴ്ചകൾക്കുള്ളിലാണ് ആ ട്വിസ്റ്റ് അരങ്ങേറുന്നത്. ലേലം പോലുമില്ലാതെ സാറ്റലൈറ്റ് സ്പെക്ട്രം കൊടുക്കാനുള്ള കേന്ദ്ര നീക്കം സ്റ്റാർലിങ്കിന് വേണ്ടിയാണെന്ന് പരാതിയുയർത്തിയ ഭാരതി എയർടെലും റിലയൻസ് ജിയോയും സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ടിരിക്കുന്നു. വൺവെബുമായി എയർടെലും സ്പേസ് ഫൈബറുമായി ജിയോയും ഉപ​ഗ്രഹ ഇന്റർനെറ്റ് രം​ഗത്തുണ്ട്. എന്നിട്ടും 24 മണിക്കൂറുകൾക്കുള്ളിലായിരുന്നു പരിഭവങ്ങളെല്ലാം മറന്ന് ഇവർ കൈകോർത്തത്. രാജ്യത്തെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് മേഖല ഏതാണ്ട് 70 ശതമാനവും കൈയിലുള്ള, ഉപ​ഗ്രഹ ഇന്റർനെറ്റ് പരീക്ഷണങ്ങളിലും അനുമതികളിലും ഏറെ ദൂരം മുന്നോട്ടുപോയ ജിയോയും എയർടെലും ഇങ്ങനെയൊരു മലക്കംമറിച്ചിൽ നടത്തിയത് പൊതുരം​ഗത്തും വലിയ ചർച്ചയായി. 

കേബിളുകൾ വഴിയോ, മൊബൈൽ ഫോൺ നെറ്റ് വർക്കുകൾ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികൾ വഴിയോ ആണ് നിലവിൽ ഇന്റർനെറ്റ് ഡേറ്റ നമ്മുടെ ഫോണിലോ കംപ്യൂട്ടറുകളിലോ എത്തുന്നത്. ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയാൽ മാത്രമേ നിലവിൽ ഇന്റർനെറ്റ് ഡേറ്റ തടസ്സമില്ലാതെ ലഭിക്കുകയുള്ളൂ എന്നാണ് നമ്മുടെ അനുഭവം. എന്നാൽ കൃത്രിമോപഗ്രഹങ്ങളിൽനിന്നും നേരിട്ട് ഒരു "ഇടനിലക്കാരന്റേ'യും സഹായമില്ലാതെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡുകൾ. ഡിടിഎച്ച് വഴി ടെലിവിഷൻ ചാനലുകൾ നൽകുന്നതുപോലെ എന്നുപറഞ്ഞാൽ കൂടുതൽ വ്യക്തമാകും. ഒരു ചെറിയ ഡിഷ് ആന്റിനയും ഒരു റിസീവറുമടങ്ങുന്ന കിറ്റ് കൈയിലുണ്ടെങ്കിൽ ഭൂമിയിലെവിടെയും നെറ്റ് കിട്ടും. സാങ്കേതികവിദ്യയുടെ മേന്മകൂടുമ്പോൾ ചിലപ്പോൾ അതുപോലും വേണ്ടിവരില്ല. ഹിമാലയത്തിലെ മഞ്ഞുമലകളിലും താർ മരുഭൂമിയിലും ഒരുപോലെ.  

Content Highlights: Starlink’s long-awaited entry into India, in partnership with Bharti Airtel and Reliance Jio

Continue reading