സുഖോയ് എസ്.യു-57 ന്റെ മുഴുവന്‍ സോഴ്‌സ് കോഡും നല്‍കാമെന്ന് റഷ്യ, ഇന്ത്യ എന്ത് തീരുമാനിക്കും?

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് തങ്ങളുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് എസ്.യു.-57ന്റെ സോഴ്‌സ് കോഡ് നല്‍കാമെന്ന് റഷ്യ. ഇന്ത്യയ്ക്ക് എഫ്-35 വില്‍ക്കാനുള്ള യു.എസിന്റെ നീക്കം ശക്തിപ്രാപിക്കുന്നതിനിടെയാണ് പരമ്പരാഗത സുഹൃത്തിനെ കൂടെനിര്‍ത്താന്‍ അസാധാരണ നീക്കവുമായി റഷ്യ മുന്നോട്ടുവന്നത്. വ്യോമസേനയെ നവീകരിക്കാനുള്ള ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യയെ തങ്ങളുടെ സാങ്കേതികവിദ്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം.
യു.എസിന്റെ എഫ്-35 എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന് ബദലായാണ് ഇരട്ട എന്‍ജിന്‍ യുദ്ധവിമാനമായ എസ്.യു-57 റഷ്യ അവതരിപ്പിച്ചത്. ഇതിന്റെ കയറ്റുമതി പതിപ്പായ എസ്.യു.-57 ഇ യുടെ മുഴുവന്‍ സോഴ്‌സ് കോഡും നല്‍കാമെന്ന ഓഫറാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. ശബ്ദത്തേക്കാള്‍ രണ്ടുമടങ്ങ് വേഗതയില്‍ പറക്കാന്‍ കഴിയുന്ന മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ് എസ്.യു-57. പരമാവധി 1500 കിലോമീറ്റര്‍ ദൂരം വരെ ഇതിന് പറന്നെത്താന്‍ സാധിക്കും. 10 ടണ്ണോളം ഭാരം വരുന്ന ആയുധങ്ങള്‍ വഹിക്കാന്‍ സാധിക്കുന്ന യുദ്ധവിമാനമാണ് എസ്.യു.-57.
റഡാര്‍ നിരീക്ഷണങ്ങളെ കബളിപ്പിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ, അത്യാധുനിക ഏവിയോണിക്‌സ് (വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങള്‍) ശക്തമായ എന്‍ജിന്‍, കുത്തനെയും ചരിഞ്ഞും കുതിച്ചും പായാന്‍ കഴിയുന്ന കഴിവ് എന്നിവ ഈ യുദ്ധവിമാനത്തിനെ ആകാശ പോരാട്ടങ്ങളില്‍ അപകടകാരിയാക്കുന്നു.
റഷ്യ മുഴുവന്‍ സോഴ്‌സ് കോഡും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തതിലൂടെ ഈ വിമാനത്തില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യകള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാനും റഷ്യയുടെ ഇടപെടലുകളില്ലാതെ തന്നെ സ്വതന്ത്രമായി പരിഷ്‌കരിക്കാനും ഇന്ത്യയ്ക്ക് സാധിക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന യുദ്ധവിമാനങ്ങള്‍ക്കോ ആയുധങ്ങള്‍ക്കോ ഈ സൗകര്യം ലഭ്യമാകാറില്ല. ഇന്ത്യ അടുത്തിടെ വാങ്ങിയ റഫാല്‍, യു.എസിന്റെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമുള്‍പ്പെടെ, സ്വന്തം സാങ്കേതികവിദ്യയുടെ സോഴ്‌സ് കോഡ് മറ്റ് രാജ്യങ്ങളുമായി പാശ്ചാത്യ രാജ്യങ്ങള്‍ പങ്കുവെക്കാറില്ല.
എസ്.യു-57ന്റെ സോഴ്‌സ് കോഡ് ലഭ്യമായാല്‍ ഇന്ത്യയ്ക്ക് അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനും വിദേശ ആശ്രിതത്വം കുറയ്ക്കാന്‍ സാധിക്കും. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തമാവുക എന്ന ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ക്ക് അനുകൂലമായാണ് റഷ്യയുടെ ഓഫര്‍.
യു.എസ് തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് പോലും എഫ്-35ന്റെ മുഴുവന്‍ സോഴ്‌സ് കോഡും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ മേലുള്ള നിയന്ത്രണം യു.എസിന് എപ്പോഴുമുണ്ടാകും. ഇതിനാല്‍ എഫ്-35 ഓഫറിനോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 11 കോടി ഡോളറാണ് ഒരു എഫ്-35ന്റെ വില. ഇതിനൊപ്പം അറ്റകുറ്റപ്പണികളുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും വിലകൂടി ചേരുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയ ബാധ്യതയായി മാറും.
എന്നാല്‍, എസ്.യു-57 യുദ്ധവിമാനത്തിന് എട്ട് കോടി ഡോളറാണ് വിലവരുന്നത്. സോഴ്‌സ് കോഡ് ലഭ്യമാകുന്നതോടെ അറ്റകുറ്റപ്പണികള്‍ക്കും സ്‌പെയര്‍പാര്‍ട്‌സുകളും തദ്ദേശീയമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് നല്‍കാമെന്നും മുമ്പ് റഷ്യ ഓഫര്‍ ചെയ്തിരുന്നു. നിലവില്‍ റഷ്യന്‍ യുദ്ധവിമാനമായ എസ്.യു-30എം.കെ.ഐ ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്നുണ്ട്. ഇതേ സൗകര്യം ഇനി എസ്.യു-57ന്റെ കാര്യത്തില്‍ ഉപയോഗിക്കാനാകും. നിലവില്‍ റഷ്യന്‍ ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇവ, എസ്.യു-57നിലേക്ക് എളുപ്പത്തില്‍ യോജിപ്പിക്കാനും സാധിക്കും.
യു.എസിന്റെ എഫ്-35 ഉം റഷ്യയുടെ എസ്.യു-57നും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയില്‍ എഫ്-35 ഏറെ മുന്നിലാണ്. കരുത്തുറ്റ ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനമുള്ള യുദ്ധവിമാനമാണിത്. നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത സംയോജിത സൈനിക നടപടികള്‍ക്ക് അനുജിതമായാണ് ഇതിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍, എസ്.യു-57 നിന്റെ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ എഫ്-35നെ അപേക്ഷിച്ച് അല്‍പ്പം പിന്നിലാണ്. എന്നാല്‍ വേഗതയിലും കരുത്തിലും എഫ്-35നെ മറികടക്കും. ഹിമാലയന്‍ മേഖലകളുള്‍പ്പെടെയുള്ള ഭൂപ്രകൃതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള കരുത്തുറ്റ എന്‍ജിനാണ് ഇവയ്ക്കുള്ളത്. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറെ അനുഗുണമാണ് ഈ സവിശേഷത.
റഷ്യന്‍ വിമാനം വാങ്ങാനുള്ള തീരുമാനമെടുത്താല്‍ ഇന്ത്യയുടെ തദ്ദേശീയമായ അഞ്ചാം തലമുറ യുദ്ധവിമാന (എഎംസിഎ) വികസനത്തിന് കൂടുതല്‍ വേഗം കൈവരും. നിര്‍ണായകമായ പല സാങ്കേതികവിദ്യകളെയും അടുത്ത് മനസിലാക്കാന്‍ സോഴ്‌സ് കോഡുവഴി സാധിക്കും. ഇതിന്റെ തദ്ദേശീയ സംവിധാനം വികസിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരം ലഭിക്കും.
റഷ്യന്‍ വിമാനം വാങ്ങിയാല്‍ ഇന്ത്യയ്‌ക്കെതിരേ യു.എസ് ഉപരോധം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല യു.എസുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ താതപര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യ ഏത് വഴി തിരഞ്ഞെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് പ്രതിരോധ വിദഗ്ധര്‍.
Content Highlights: Russia's Su-57E full access offer to India may crash US hopes on F-35A deal