ചൈനീസ് പെൺകെണി, യുഎസിന്റെ 'മറുപണി'; ‘എൻവിഡിയ’യിൽ കാര്യങ്ങൾ സങ്കീർണമാവുന്നു

ലോകത്തെ അതിവേഗം കീഴടക്കുന്ന നിർമിതബുദ്ധി വിപ്ലവത്തിന്റെ പ്രധാന ചാലകശക്തികളിലൊന്നായ അമേരിക്കൻ കമ്പനി എൻവിഡിയയുടെ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങിനെ ചൈന ഹണി ട്രാപ്പിൽപെടുത്തിയെന്ന ആരോപണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സങ്കീർണ്ണമായ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും മുൻപന്തിയിലാണ് എൻവിഡിയയുടെ ചിപ്പുകൾ. അതുകൊണ്ടുതന്നെ, എന്തൊക്കെ കാര്യങ്ങൾക്കു വേണ്ടി അദ്ദേഹത്തിൽ ചൈനീസ് 'കാമുകി' സ്വാധീനം ചെലുത്തിയിരിക്കാമെന്ന ചോദ്യമുയരുന്നു.
ഒക്ടോബർ അവസാനം ന്യൂയോർക്ക് ടൈംസിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തുവന്നത്. നവംബർ ആദ്യവാരം ഫിനാൻഷ്യൽ ടൈംസിലും. സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് എന്ന ഡേറ്റാ സെന്റർ കമ്പനിയിലെ മുൻ സീനിയർ എക്സിക്യൂട്ടീവായ ചൈനീസ് പൗരൻ ആലീസ് ഹുവാങുമായി ജെൻസൻ ഹുവാങിന് അടുത്ത ബന്ധമുണ്ടായിരുന്നു. ചൈനീസ് ചാരസംഘടനയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ (എംഎസ്എസ്) ഏജന്റായി അവരെ നിയോഗിച്ചതായും എൻവിഡിയയെയും അഡ്വാൻസ്ഡ് എഐ ചിപ്പുകളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവിനായി സ്വാധീനം ചെലുത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്നും യുഎസ് ഇന്റലിജൻസ് വിലയിരുത്തിയതായാണ് റിപ്പോർട്ട്.
മെഗാസ്പീഡ് എൻവിഡിയയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായിരുന്നു. അഡ്വാൻസ്ഡ് എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് തിരിച്ചുവിടാൻ കമ്പനി സഹായിച്ചെന്ന സംശയത്തിൽ യുഎസ് സർക്കാർ നേരത്തേതന്നെ അന്വേഷണം നടത്തിയിരുന്നു. ആലീസിന്റെ ലക്ഷ്യം ചൈനയ്ക്ക് സാങ്കേതികവിദ്യ ചോർത്തി നൽകുന്നതിനേക്കാൾ മുഖ്യം ജെൻസണെ സ്വാധീനിക്കുകയായിരുന്നുവത്രെ. ജെൻസനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക, ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവിനായി വാദിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുക എന്നിവയായിരുന്നു ദൗത്യമെന്ന് യുഎസ് ഉദ്യോഗസ്ഥരുടെ ഒരു മെമ്മോയെ ഉദ്ധരിച്ച് എഫ്ടി റിപ്പോർട്ട് ചെയ്യുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. അവർ എന്തൊക്കെ വിവരങ്ങളാണ് ശേഖരിച്ചത്, രഹസ്യസ്വഭാവമുള്ള എന്തെങ്കിലും ബീജിംഗിൽ എത്തിയോ, ജെൻസന് ഇതേക്കുറിച്ച് എത്രത്തോളം അറിയാമായിരുന്നു എന്നതൊന്നും വ്യക്തമല്ല.
തായ്പേയിയിലെ ഒരു ബാറിൽ ആലീസ് ഹുവാങിനൊപ്പം ജെൻസൻ ഇരിക്കുന്ന ചിത്രം ഇതിനിടെ പൊന്തിവന്നു, അത് എഐ യുഗത്തിലെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിചിത്രമായ ഒരു കേസിന്റെ പ്രതീകമായി മാറി. എന്തായാലും, ജെൻസൻ ഹുവാങ് തനിക്ക് ഒരു വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ സമ്മതിച്ചു. തന്റെ പ്രവൃത്തികൾ ഭാര്യയെയും മക്കളെയും വേദനിപ്പിച്ചെന്നും അതിന് ന്യായീകരണമില്ലെന്നും പറഞ്ഞ അദ്ദേഹം കുടുംബത്തോടും സഹപ്രവർത്തകരോടും ജീവനക്കാരോടും കമ്പനി ഡയറക്ടർ ബോർഡിനോടും ഓഹരിയുടമകളോടും ക്ഷമ ചോദിച്ചു. നേരത്തേ ബ്ലൂംബെർഗിനോട് സംസാരിക്കവെ, ആലീസുമായുള്ള ഇടപാടുകൾ കമ്പനി കാര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് ജെൻസൻ പറഞ്ഞിരുന്നത്.
എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പെട്ടെന്ന് നടപടിയെടുത്തു. സ്വതന്ത്ര ഡയറക്ടർമാരുടെ സമിതി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് അറിയിച്ച ബോർഡ് ദേശീയ സുരക്ഷയ്ക്കോ കമ്പനിയുടെ രഹസ്യങ്ങൾക്കോ ഭീഷണിയുണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കാൻ തക്ക കാരണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി. എങ്കിലും നിക്ഷേപകരുടെ ഭയം മാറിയില്ല. നവംബർ ഒമ്പതിന് തിങ്കളാഴ്ച ഓഹരി വില 4.3 ശതമാനം ഇടിഞ്ഞു, വിപണിമൂല്യത്തിൽ ഏകദേശം 200 ബില്യൺ ഡോളറിന്റെ നഷ്ടം. വിവാദം കമ്പനിക്ക് പുറത്തേക്കും പടർന്നു. കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ ജെൻസൻ ഹുവാങിനോട് സ്വകാര്യ ബ്രീഫിംഗ് ആവശ്യപ്പെട്ടു. ഡെമക്രാറ്റിക് സെനറ്റർ ക്രിസ് കൂൺസ് അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു. വിഷയം എളുപ്പത്തിൽ ആറിത്തണുക്കില്ലെന്ന് ഉറപ്പ്.
ചൈന ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ ചാരക്കഥ അടിസ്ഥാനരഹിതവും അപവാദപ്രചാരണവുമാണെന്ന് വ്യക്തമാക്കി.
എൻവിഡിയയും ചിപ്പ് യുദ്ധവും
എന്തുകൊണ്ടാണ് ഈ വിഷയം ഇത്രയധികം പ്രാധാന്യമർഹിക്കുന്നത് എന്ന് മനസ്സിലാക്കാൻ എൻവിഡിയയുടെ സ്ഥാനം എന്താണെന്ന് മനസ്സിലാക്കണം. ആധുനിക എഐ പ്രവർത്തിക്കുന്നത് ഉയർന്ന കമ്പ്യൂട്ടിംഗ് ശേഷിയിലാണ്. അത്യാധുനിക എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിന് പതിനായിരക്കണക്കിന് അഡ്വാൻസ്ഡ് ആക്സിലറേറ്ററുകൾ ആവശ്യമാണ്. അതിനായി ഏവരും ആശ്രയിക്കുന്നത് എൻവിഡിയയുടെ ചിപ്പുകളെയും അവയുടെ സോഫ്റ്റ്വെയറുകളെയുമാണ്. ആരുടെ പക്കലാണോ മികച്ച ചിപ്പുകളുള്ളത്, അവർക്ക് ഏറ്റവും വേഗത്തിൽ മികച്ച എഐ മോഡലുകൾ വികസിപ്പിക്കാം. ഈ മോഡലുകൾ ഇന്ന് സാമ്പത്തിക, സൈനിക ശക്തിയുടെ അടയാളമായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ രംഗത്ത് വലിയ മത്സരമാണ് നടക്കുന്നത്.
പരമ്പരാഗത കമ്പ്യൂട്ടിംഗ് രീതികളിൽനിന്ന് എഐ കേന്ദ്രീകൃത പ്രോസസിംഗിലേക്ക് ലോകം മാറിയപ്പോൾ അഡ്വാൻസ്ഡ് എഐ ചിപ്പ് വിപണിയുടെ സിംഹഭാഗവും കൈയടക്കി എൻവിഡിയ ആധിപത്യം നേടി. ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ എൻവിഡിയയുടെ വിപണിമൂല്യം ട്രില്യൺ കണക്കിന് ഡോളറാണ്. എൻവിഡിയ വിജയകരമായ ബിസിനസ് സ്ഥാപനം മാത്രമല്ല, ലോകത്തിന്റെ സാമ്പത്തിക, തന്ത്രപ്രധാന സുരക്ഷാ മേഖലകളുടെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളിൽ ഒന്നു കൂടിയാണ്.
എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കാനായി പ്രമുഖ അമേരിക്കൻ ലാബുകളും ക്ലൗഡ് കമ്പനികളും കോടികൾ മുടക്കി സ്വന്തമായി ചിപ്പുകൾ നിർമ്മിക്കുന്നുണ്ട്. ചൈന സ്വന്തം നിലയിൽ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഓട്ടത്തിലാണ്. നിയന്ത്രിതമായ ഹാർഡ്വെയറുകളിൽപോലും മികച്ച എഐ മോഡലുകൾ നിർമ്മിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ചൈനീസ് ലാബുകൾ തെളിയിച്ചിട്ടുണ്ട്. ചിപ്പ് നിർമ്മാണ (സെമി കണ്ടക്ടർ) മേഖല ശക്തിപ്പെടുത്താൻ ഇന്ത്യയും വലിയ നീക്കങ്ങൾ നടത്തുന്നുണ്ട്.
നേരത്തേ അറിഞ്ഞിട്ടും അമേരിക്ക കണ്ണടച്ചു?
പൊതുജനങ്ങൾ അറിയുന്നതിന് വളരെ മുമ്പുതന്നെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ചൈനയുടെ ശ്രമത്തെക്കുറിച്ച് വിവരമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. യുഎസ് അധികൃതർ ഒരു വർഷത്തിലേറെയായി ആലീസ് ഹുവാങിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും കേൾക്കുന്നു. ഇതിനെക്കുറിച്ച് പ്രസിഡന്റ് ട്രംപിന് കഴിഞ്ഞവർഷം തന്നെ വിശദീകരണം നൽകിയിരുന്നുവെങ്കിലും അദ്ദേഹം നടപടിയെടുത്തില്ലെന്നാണ് റിപ്പോർട്ട്. ഇതിനെ രണ്ടു രീതിയിൽ കാണാം: ഒന്ന്, എതിർപക്ഷത്തിന്റെ രീതികളും ബന്ധങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കാൻ ചാരസംഘടനകൾ ഇത്തരം പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാറുണ്ട്. നേരത്തേ ഇടപെട്ടാൽ നിരീക്ഷണം അവസാനിപ്പിക്കേണ്ടി വരും. രണ്ട്, യുഎസിന്റെ ചിപ്പ് നയത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒരാൾക്കരികിൽ ചാരവനിതയെന്നു സംശയിക്കപ്പെടുന്ന ഒരാളെക്കുറിച്ച് വിവരമുണ്ടായിട്ടും അത് മുന്നോട്ടുപോകാൻ ഭരണകൂടം അനുവദിച്ചുവെന്ന് വിമർശകർ വാദിക്കുന്നു. സത്യമെന്തായാലും, നമ്മൾ കരുതുന്നതിനെക്കാൾ സങ്കീർണമാണ് കാര്യങ്ങൾ.
അതേസമയം, കുതന്ത്രം തിരിച്ചറിഞ്ഞ അമേരിക്ക ചൈനയ്ക്ക് മറുപണി കൊടുത്തതാണെന്ന വാദവുമുണ്ട്. @aravind എക്സിലെഴുതിയ ഗൂഢാലോചനാസിദ്ധാന്തം ഇങ്ങനെ പോവുന്നു. ജെൻസനെ ഉപയോഗിച്ച് ചൈനയെ ശേഷികുറഞ്ഞ ചിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാനും സമയം പാഴാക്കിക്കാനും അമേരിക്ക ശ്രമിച്ചു. പദ്ധതി പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയ ചൈനയും ഏജന്റുമാരും അപൂർണ്ണമായ വിവരങ്ങൾ മാധ്യമങ്ങൾ (അമേരിക്കയിലെ പല പ്രധാനമാധ്യമങ്ങളിലും ചൈനയ്ക്ക് വലിയ സ്വാധീനമുണ്ടെന്ന് അരവിന്ദ്) വഴി ചോർത്തി നൽകി ജെൻസനെയും എൻവിഡിയയെയും ആക്രമിക്കാൻ തുടങ്ങി. അമേരിക്കയുടെ എഐ വിപണി തകർക്കാനും എൻവിഡിയയുടെ മൂല്യം ഇടിച്ച് എഐ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമാണ് നീക്കം. പക്ഷേ, ഈ തിരിച്ചടികൾ താൽക്കാലികം മാത്രമാണെന്നും ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയുള്ളതിനാൽ ജെൻസനും എൻവിഡിയയും പ്രതിസന്ധിയെ അതിജീവിക്കുമെന്നും അരവിന്ദ് പ്രവചിക്കുന്നു.
ടെക് മോഷണത്തിലെ ചൈനീസ് 'പാരമ്പര്യം'
വിദ്യാർഥികളെയും ഗവേഷകരെയും ചാരൻമാരെയും ഉപയോഗിച്ച് ചൈന ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ അമേരിക്കയും യൂറോപ്പും കൈവരിക്കുന്ന പുരോഗതികളെ, ശാസ്ത്രരഹസ്യങ്ങളെ ചോർത്തുന്നത് പുതിയ ആരോപണമല്ല. സ്മാർട്ട്ഫോൺ ഗവേഷണരംഗത്ത് കോടിക്കണക്കിന് ഡോളർ ചെലവിട്ട് വർഷങ്ങൾ അധ്വാനിച്ച് നേടുന്ന കണ്ടുപിടിത്തങ്ങളും പേറ്റന്റുകളും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ചൈന സ്വന്തമാക്കുന്നുവെന്നും പേറ്റന്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ പേറ്റന്റു നേടുന്നുവെന്നും എതിരാളികൾ ആരോപിക്കുന്നു. ഒരു ലക്ഷത്തിന്റെ അമേരിക്കൻ ഫോണിന്റെ സാങ്കേതികമേന്മ ഇരുപതിനായിരത്തിന് ചൈനീസ് കമ്പനി തരുന്നത് അങ്ങനെയാണെന്ന് എതിരാളികൾ പറയും.
വിദ്യാർത്ഥികൾ അടക്കമുള്ള ചൈനീസ് പൗരന്മാർ വ്യാപാരരഹസ്യങ്ങൾ മോഷ്ടിച്ചതിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് സുപ്രധാന സാങ്കേതികവിദ്യകൾ ചൈനയ്ക്ക് കൈമാറിയതിന്റെയും ഒരുപാട് കേസുകൾ അമേരിക്കയ്ക്ക് ചൂണ്ടിക്കാട്ടാനുണ്ട്. ചൈനയുടെ സൈനിക, സിവിലിയൻ സംയോജന തന്ത്രത്തിന്റെ (മിലിറ്ററി-സിവിൽ ഫ്യൂഷൻ) ഭാഗമായാണത്രെ ഇത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി വിദ്യാർത്ഥികളെ ഉപയോഗിച്ച് അമേരിക്കയുടെ നൂതന കണ്ടുപിടിത്തങ്ങളെ സൈനികാവശ്യങ്ങൾക്ക് ചോർത്തുന്നതു സംബന്ധിച്ച് എഫ്ബിഐ അടക്കമുള്ള ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഗവേഷണത്തിന് അമേരിക്കൻ സർവകലാശാലകളുമായി ഉണ്ടാക്കുന്ന പങ്കാളിത്തം വഴിയും അമേരിക്കൻ സാങ്കേതികവിദ്യ ചൈന സ്വന്തമാക്കുന്നുണ്ട്. ടെലികോം, ഏവിയേഷൻ, റിന്യൂവബിൾ എനർജി മേഖലകളിൽ ചൈന വൻശക്തിയായതിനു കാരണം ഇതാണത്രെ.
എന്നാൽ, ചൈനയുടെ ആധുനിക സാങ്കേതികവിദ്യ മുഴുവൻ മോഷ്ടിച്ചതാണെന്ന വാദം ശരിയല്ല. ചൈനയുടെ വളർച്ചയുടെ വലിയൊരു ഭാഗം നിയമപരമായ മാർഗ്ഗങ്ങളിലൂടെയാണ് ഉണ്ടായത്. ജോയിന്റ് വെഞ്ചർ നിയമങ്ങൾ വഴി വിദേശ കമ്പനികൾക്ക് വിപണി നൽകുന്നതിന് പകരമായി സാങ്കേതിക പരിജ്ഞാനം ചൈന സ്വന്തമാക്കി. വിദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അതിവേഗ റെയിൽശൃംഖല ഇതിനുദാഹരണമാണ്. വലിയ വിപണി ലക്ഷ്യമാക്കി കമ്പനികൾ സ്വമേധയാ സാങ്കേതികവിദ്യ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇന്ന് ബാറ്ററികൾ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ നിർമ്മാണം, ഡ്രോണുകൾ, 5ജി, എഐ എന്നിവയിൽ ചൈന സ്വന്തംനിലയിൽ മുന്നിലാണ്. ദശലക്ഷക്കണക്കിന് എഞ്ചിനീയർമാരും വലിയ ഗവേഷണ ബജറ്റുമുള്ള ചൈന വെറുതെ പകർത്തുക മാത്രമല്ല ചെയ്യുന്നത്.
ചൈനയുടെ ഐപി മോഷണം സംബന്ധിച്ച പാശ്ചാത്യരുടെ ആരോപണങ്ങൾ പർവതീകരിക്കപ്പെട്ടവയാണെന്നു കരുതുന്നവരുണ്ട്. പാശ്ചാത്യ കൊളോണിയലിസ്റ്റുകൾ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇതു തന്നെയല്ലേ ചെയ്തത് എന്നവർ ചോദിക്കുന്നു. മോഷണം കൊണ്ടല്ല; വ്യാപാരം, വിദേശനിക്ഷേപം, സ്വന്തമായ കണ്ടുപിടിത്തങ്ങൾ എന്നിവയുടെ അടിത്തറയിലാണ് ചൈന വളർന്നതെന്ന് ചൈനയെ ന്യായീകരിക്കുന്നവർ പറയുന്നു.
എൻവിഡിയയെ സംബന്ധിച്ചിടത്തോളം ജെൻസൻ കേസിൽ വരാനിരിക്കുന്നത് ചോദ്യം ചെയ്യലുകളും അന്വേഷണങ്ങളുമാണ്. അറിഞ്ഞുകൊണ്ട് രഹസ്യവിവരങ്ങൾ പങ്കുവെച്ചതായി കണ്ടെത്തിയാൽ ജെൻസന് സ്ഥാനം നഷ്ടപ്പെടാം. മറിച്ച്, അറിയാതെ പെട്ടുപോയതാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്നതൊന്നും ചെയ്തിട്ടില്ലെന്നും കണ്ടെത്തിയാൽ അദ്ദേഹത്തിന് സ്ഥാനം നിലനിർത്താനായേക്കും. എന്നാൽ, ആഘാതം ഒരാളിൽ ഒതുങ്ങില്ല, എഐ വ്യവസായത്തെയാകെ ബാധിക്കുമെന്ന് ബ്ലൂംബെർഗ് ചൂണ്ടിക്കാണിക്കുന്നു. ചാരവനിത ആരോപണം ശരിയാണെങ്കിൽ, മനുഷ്യനെ വെല്ലുന്ന സൂപ്പർ ഇന്റലിജൻസിന്റെ കാലത്തും രഹസ്യങ്ങൾ ചോർത്താൻ അതിപുരാതനമായ മാർഗം; പ്രണയ-കാമങ്ങളിൽ പെടുത്തൽ ഉപയോഗിക്കപ്പെടുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
Content Highlights: NVIDIA CEO Jensen Huang admitted to an extramarital affair with Alice Huang, a Chinese national linked to Megaspeed., US intelligence suspects she acted as an MSS agent to gather NVIDIA AI chip secrets and influence export controls., The scandal caused a 4.3% drop in NVIDIA's stock, wiping out roughly $200 billion in market value., NVIDIA's board initiated an independent review, while US lawmakers demanded briefings over national security concerns.