കോവിഡിനുശേഷം കഥ വേറെയാണ്, അത്ര സേഫല്ല കുട്ടികൾക്ക് ഈ മൊബൈൽ സ്ക്രീൻ

മുന്‍പൊക്കെ ഒരു തമാശയായി മാത്രം കരുതിയിരുന്ന മൊബൈല്‍ വിഷയം അങ്ങനെയല്ലെന്ന് കാലം തെളിയിച്ചു! ഏതുനേരവും ഫോണിലാകുന്ന കുട്ടികള്‍ക്ക് വീടിനുപുറത്തുള്ള കളികള്‍ ഇല്ല. സൗഹൃദങ്ങളും കുറയുന്നു. മാതാപിതാക്കളുമൊക്കെയായുള്ള ബന്ധത്തിന്റെയും മുറുക്കം കുറഞ്ഞു. ഇതൊന്നു മാറ്റിവെച്ചൂടേ? ഏതുനേരവും അതിലേക്ക് തല പൂഴ്ത്തി...' ഒന്നിച്ച് ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ മിക്ക വീടുകളി ലും കേള്‍ക്കുന്ന വാചകമാണിത്.
മൊബൈലില്‍ തന്നെ ശ്രദ്ധിച്ച് മണിക്കൂറുകളോളം ഇരിക്കുന്ന കുട്ടികള്‍ ഇന്ന് സാധാരണ കാഴ്ചയാണ്. ചിലപ്പോള്‍ ഗെയിം, ചിലപ്പോള്‍ കാര്‍ട്ടൂണ്‍. അവരുടേതായ പ്രത്യേക ലോകത്തില്‍ സ്വയം നഷ്ടപ്പെട്ട് അങ്ങനെ കുട്ടികള്‍. ഇപ്പോള്‍ ഉറക്കം രാത്രി വൈകിയാണ്. ചുറുചുറുക്കില്ലാതെ തളര്‍ന്ന് ഉറക്കംതൂങ്ങി ക്ലാസിലിരിക്കുന്ന കുട്ടികള്‍ പതിവാകുന്നു. സ്‌ക്രീന്‍ അഡിക്ഷന്‍ അവരുടെ ജീവിതതാളം തെറ്റിക്കുന്നു. വീട്ടിലെയും സ്‌കൂള്‍ സ്റ്റാഫ് റൂമിലെയും വര്‍ത്തമാനങ്ങളില്‍ ഇതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മാനസികവികാസവും പഠനവും ശാരീരികാരോഗ്യവുമെല്ലാം ഇതുമൂലം കുഴപ്പത്തിലായ പല സംഭവങ്ങള്‍ പറയാനുണ്ട്. അമിതവണ്ണം, കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലെ തടസ്സങ്ങള്‍, പഠനപ്രശ്‌നങ്ങള്‍, ആശയസംവേദനത്തിലെ തടസ്സങ്ങള്‍ എന്നിവയെല്ലാം ഇതിനൊപ്പം വരാം.
പേടിപ്പിക്കുന്ന കണക്കുകള്‍
കോവിഡ് കാലത്ത് സൈബര്‍ ക്രൈം 400 ശതമാനം കുടി. 2019-നെ അപേക്ഷിച്ച് 2020-ല്‍ 144 ശതമാനം സൈബര്‍ ക്രൈമുകള്‍ കൂടിയെന്നാണ് കണക്ക്. അശ്ലീല സൈറ്റുകളുടെ അടിമത്തം, ഓണ്‍ലൈനിലൂടെ എത്തുന്ന ബാലപീഡനം തുടങ്ങിയവ വര്‍ധിക്കുന്നു.
എത്രനേരം കാണാം?
കൊച്ചുകുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കരുത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ മൊബൈലും മറ്റും കൈകാര്യം ചെയ്താല്‍ അവരുടെ വൈജ്ഞാനിക വികാസ ത്തെ ബാധിക്കും. യഥാര്‍ഥ ലോകത്തെയും മനുഷ്യരെയും പ്രകൃതിയെയും അറിയാനും ഇടപെടാനും ഭാഷ പഠിക്കാനും ആശയ സംവേദനത്തിനുമൊക്കെയുള്ള പ്രായമാണിത്. ഫോണിലെ കടുംനിറങ്ങളും അതിനെല്ലാം തടസ്സമാകും.
പ്രതിവിധികള്‍
അമിതോപയോഗംമൂലമുള്ള അപകടങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിക്കുക. മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ നെറ്റ് നോക്കുന്നതിനെ കുറിച്ച് കുട്ടികളുമായി ഒരു ധാരണയിലെത്തുക. ഹോം നെറ്റ്വര്‍ക്ക്, മൊബൈല്‍, ബ്രോഡ്ബാന്‍ഡ് എന്നിവയില്‍ പാരന്റല്‍ കണ്‍ട്രോളും ആന്റി വൈറസ് സോഫ്റ്റ്‌വെയറും ഏര്‍പ്പെടുത്തുക.
കുട്ടി മൊബൈല്‍ അടിമയോ? അറിയാം
- പഠനത്തെയും പാഠ്യേതര പ്രവര്‍ത്തനത്തെയും ബാധിക്കുന്ന തരത്തില്‍ കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ?
- ആരെങ്കിലും മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചാല്‍ ദേഷ്യം വരുകയോ ബഹളമുണ്ടാക്കുകയോ ചെയ്യാറുണ്ടോ?
- ഫോണ്‍ കൈയില്‍ ഇല്ലാത്തപ്പോള്‍ അസ്വസ്ഥതയുണ്ടോ?
- രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ ഫോണില്‍ വിശേഷം തിരയാറുണ്ടോ?
- ഒറ്റയ്ക്കിരിക്കുമ്പോഴും ബോറടിക്കുമ്പോഴും മൊബൈലില്‍ അലസമായി നോക്കാറുണ്ടോ?
- ഓണ്‍ലൈന്‍ ഉപയോഗത്തെ കുറിച്ച് കളവുപറഞ്ഞ് കൂടുതല്‍ ഉപയോഗമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ടോ?
- എങ്ങനെയെങ്കിലും ഫോണ്‍ കൈക്കലാക്കാനും ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, വാട്സാപ്പ് എന്നിവയില്‍ മുഴുകാനും ശ്രമിക്കാറുണ്ടോ?
- ഉവ്വ് എന്നാണ് ഉത്തരമെങ്കില്‍ നിയന്ത്രണം ശീലിക്കുക. പറ്റുന്നില്ലെങ്കില്‍ വിദഗ്ധസഹായം തേടുക.
ഗ്ലോജെന്‍ കാലം
ഇന്നത്തെ കുട്ടികളെ ഞാന്‍ വിളിക്കുന്നത് ഗ്ലോ ജനറേഷന്‍ എന്നാണ്. മൊബൈല്‍ ഫോണിലെ വെളിച്ചത്തിലുള്ള കുട്ടികള്‍. വിഷയം ഗൗരവമുള്ളതാണ്. ചര്‍ച്ചകള്‍ ഒരുപാട് നടക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്കും ഈ പ്രശ്‌നം ഉണ്ട്. അവരും ഇത് നിയന്ത്രിക്കണം. കുടുംബബന്ധങ്ങള്‍ അയഞ്ഞുപോകുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. തുറന്ന സംസാരവും പങ്കിടലും വീടുകളില്‍ വേണം.
- ഡോ. സി.ജെ. ജോണ്‍, മനഃശാസ്ത്രജ്ഞന്‍
കൈവിടരുത്
എല്ലാ വര്‍ഷവും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് ഇതിനായി ബോധവത്കരണ പരിപാടി നടത്താറുണ്ട്. സ്‌കൂളില്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവദിക്കാറില്ല. വീട്ടിലായാലും പഠനത്തിനായി ഫോണുകള്‍ ആവശ്യമില്ല. രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മാത്രമാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. വീട്ടില്‍ കുട്ടികളുടെ കംപ്യൂട്ടര്‍ കോമണ്‍ ഏരിയയില്‍ വയ്ക്കണം. നിരന്തരം നിരീക്ഷിക്കണം എന്നില്ല, എങ്കിലും കുട്ടികളുടെമേല്‍ ഒരു കണ്ണുവേണം.
- പ്രതിഭ വി., പ്രിന്‍സിപ്പല്‍, ചിന്മയ വിദ്യാലയ
ഈ വലയം ചെറുതല്ല
നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 48 കുട്ടികള്‍ ഫോണ്‍ അഡിക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരളത്തില്‍ ജീവനൊടുക്കിയിട്ടുണ്ട്. കൊച്ചിയില്‍ നടക്കുന്ന കൊക്കൂണ്‍ എന്ന ആഗോള സൈബര്‍ കോണ്‍ഫറന്‍സില്‍ വൊളന്റിയറായി കുറെ വര്‍ഷം പങ്കെടുത്തപ്പോഴാണ് മൊബൈല്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അറിഞ്ഞത്. ഇതേക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ കുടുംബങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുന്നുവെന്ന് അറിഞ്ഞു. അങ്ങനെയാണ് ഈ വിഷയത്തെ കുറിച്ച് 'ഈ വലയം' എന്ന സിനിമ നിര്‍മിച്ചത്. ൊബൈല്‍ അഡിക്ഷനെ കുറിച്ച് വലിയ ബോധവത്കരണം അനിവാര്യമാണ്.
- ജോബി ജോര്‍ജ് വിലങ്ങന്‍പാറ, സിനിമാ നിര്‍മാതാവ്
റീല്‍സ് ലോക്ക്
റീല്‍സ് കാണുന്നത് ഉത്കണ്ഠ കൂട്ടുന്നുണ്ട്. പല കുട്ടികളും ഉറങ്ങുന്നത് പാതിരാത്രി കഴിഞ്ഞാണ്. ഇതൊരു ജീവിതരീതിയാകുമ്പോള്‍ പലതരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. പഠനവും സാമൂഹിക ജീവിതവും സ്വാഭാവിക വളര്‍ച്ചയുമെല്ലാം പ്രശ്‌നത്തിലാകും. മൊബൈല്‍ അമിതോപയോഗത്തെ കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം ഞങ്ങള്‍ 10 വര്‍ഷമായി സെഷനുകള്‍ എടുക്കാറുണ്ട്.
- ബോധിനി എന്‍ജിഒ, എറണാകുളം
Content Highlights: Smartphone addiction in children must be taken care