മിന്നിത്തിളങ്ങി വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ | ഉയർന്നുയർന്ന് സ്റ്റാർട്ടപ്പ് -ഭാഗം 2

മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ സ്റ്റാര്‍ട്ടപ്പ് രംഗത്തും കേരളത്തില്‍ വനിതാ മുന്നേറ്റം തന്നെയുണ്ടായി. സ്ത്രീകള്‍ നേതൃത്വം നല്‍കുന്നതോ സ്ത്രീകള്‍ മാത്രം ചേര്‍ന്ന് രൂപം നല്‍കിയതോ ആയ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വളര്‍ച്ച വേഗത്തിലായി. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വനിതാ സംരംഭകരെ ലക്ഷ്യം വച്ച് വായ്പാ പദ്ധതികളും പരിശീലന കളരികളുമൊക്കെയായി രംഗത്തെത്തിയതോടെ സംരംഭക രംഗത്തെ വനിതാ സാന്നിധ്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഏറ്റവും മികച്ച വളര്‍ച്ചയുമുണ്ടായി. മൊത്തത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തത് കഴിഞ്ഞ ദിവസവുമാണ്.
എട്ടില്‍ നിന്ന് പതിനാലിലേക്ക്
കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ 2016-ലെ കണക്ക് പരിശോധിച്ചാല്‍ ഐ.ടി, അനുബന്ധ മേഖലകളില്‍ തൊഴിലെടുത്തിരുന്നവരില്‍ 75.24 ശതമാനവും പുരുഷന്മാരായിരുന്നു. 24.74 ശതമാനം മാത്രമാണ് വനിതകള്‍. എന്നാല്‍ 8.4 ശതമാനമാണ് സ്റ്റാര്‍ട്ടപ്പുകളിലെ വനിതാ സ്ഥാപകര്‍. സംസ്ഥാനത്ത് കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരികയും അവയിലൊക്കെ വിദ്യാര്‍ഥിനി അനുപാതം വര്‍ധിക്കുകയും ചെയ്തതിന് തുടര്‍ച്ചയായി സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി വനിതാ സാന്നിധ്യത്തിന് അനുകൂലമായി. ഇതോടെ ഈ രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമായപ്പോള്‍ സ്ഥാപകരില്‍ ഒരാളെങ്കിലും വനിതകളായ സംരംഭങ്ങള്‍ 1500-ല്‍ അധികമായി. 500 മുതല്‍ 600 വരെ സ്റ്റാര്‍ട്ടപ്പുകളില്‍ സ്ഥാപകര്‍ പൂര്‍ണമായും വനിതകളാണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതരും വ്യക്തമാക്കുന്നു.
2022-ല്‍ വനിതകളുടെ സാന്നിധ്യം 11 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 14 ശതമാനത്തിന് മേലെയാണ്. കോവിഡ് മഹാമാരിയും അതേത്തുടര്‍ന്നുള്ള സാമ്പത്തിക പിന്നാക്ക സാഹചര്യങ്ങളും മറ്റ് അനിശ്ചിതത്വങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട വളര്‍ച്ചയ്ക്ക് തടസമായി. അതേസമയം, രാജ്യത്തുള്ള 105 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 17 ശതമാനം എണ്ണത്തിലും സാരഥികളായിരിക്കുന്നത് വനിതകളാണെന്ന് വുമണ്‍ ഇന്‍ ഇന്ത്യാസ് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ നേതൃനിരയിലുളള സംരംഭങ്ങള്‍ക്ക് 18 ശതമാനത്തോളം ഫണ്ടും ലഭിക്കുന്നുണ്ട്. 2030 ആകുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ വഴി മാത്രം രാജ്യത്ത് 20 ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
മെന്റര്‍ സപ്പോര്‍ട്ട് മുതല്‍ കമ്പോളം കണ്ടെത്തല്‍ വരെ
വനിതകളെ ലക്ഷ്യം വച്ച് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ പരിപാടികള്‍ സാധ്യമാക്കിയതാണ് വനിതാ മുന്നേറ്റത്തിന് ഒരു പരിധിവരെ കാരണമായതെന്ന് കണക്കുകൂട്ടുന്നുണ്ട്. സാങ്കേതിക മേഖലയില്‍ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് മെന്റര്‍ സപ്പോര്‍ട്ട്, ക്ലൗഡ് ക്രെഡിറ്റ്, പ്രോഡക്ട് വാലിഡേഷന്‍, പരിശീലന പരിപാടികള്‍, മാര്‍ക്കറ്റ് ആക്‌സസ്, നെറ്റ്‌വര്‍ക്ക് ആക്‌സസ് തുടങ്ങിയവയൊക്കെ നല്‍കി. കൂടാതെ ഷി ലൗസ് ടെക് ഇന്ത്യ, വുമണ്‍ സമ്മിറ്റ്, വൈഹാക്ക് തുടങ്ങിയവയും സ്ത്രീകള്‍ക്കായി സംഘടിപ്പിച്ചു. വനിതാ സംരംഭകര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചതും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്വകാര്യ സ്ഥാപനങ്ങളിലെയോ ജോലിക്ക് കണ്ണും നട്ടിരുന്ന ചിലരെയെങ്കിലും സംരംഭകത്വത്തിലേക്ക് കൈപിടിച്ചാനയിച്ചു. അങ്ങനെ ഭക്ഷണ വിതരണ മേഖലയിലും ആരോഗ്യ മേഖലയിലും സ്ത്രീ ശുചിത്വ മേഖലയിലുമൊക്കെ പുതുസംരംഭങ്ങള്‍ പിറന്നു. റോബോട്ടിക്‌സിലും ഇന്റര്‍നെറ്റ് ഒഫ് തിങ്‌സിലുമൊക്കെ വനിതാ സാരഥികള്‍ കൂടുതലായി എത്തുകയും ചെയ്തു.
ഐ.ടി ഡോമൈനിലുള്ള വനിതാ സംരംഭകത്വ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് ഔറീന്‍സോള്‍ പ്രൈവറ്റ് ലിമിറ്റഡ്. 2013-ല്‍ ആദ്യം ആരംഭിക്കുകയും പ്രതീക്ഷിച്ച വിജയം കാണാതിരിക്കുകയും ചെയ്തതോടെ പിന്നീട് റീ ബ്രാന്‍ഡ് ചെയ്യപ്പെട്ട സംരംഭമാണിത്. ബ്രാന്‍ഡിംഗിലും ഡിസൈനിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ കമ്പനിയുടെ സാരഥി അനൂജ ബഷീറാണ്.സ്ത്രീ സംരംഭകത്വത്തിന്റെ വിജയകഥ പറയുന്ന മറ്റൊരു സ്റ്റാര്‍ട്ടപ്പാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യമേഖലയിലുള്ള ബൈലിന്‍ മെഡ് ടെക്. ഡോ.ലിനി ബേസില്‍ സ്ഥാപകയായിട്ടുള്ള സ്ഥാപനം ദന്താരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോണോലോജിക്‌സ്, നീനു രതിന്റെ ദി സോഷ്യല്‍ ടൗണ്‍, നൗറീന്‍ അയിഷയുടെ നേതൃത്വത്തിലുള്ള ഫെമിസേഫ്, ഹിന്‍ഷാറയുടെയുടെയും യൂബയുടെയും സാരഥ്യത്തിലുളള മെനിടെയ്ന്‍ തുടങ്ങിയവയൊക്കെ വിജയകരമായി പ്രവര്‍ത്തിക്കുന്ന വനിതാ സംരംഭങ്ങളുമാണ്.
നിക്ഷേപം 5800 കോടി
അയ്യായിരത്തോളം സ്റ്റാര്‍ട്ടപ്പ് കമ്പനികളുള്ള കേരളത്തില്‍ ഇതുവരെ 5500 മുതല്‍ 5800 കോടി രൂപവരെ വിവിധ കമ്പനികളില്‍ നിക്ഷേപമുണ്ടായിട്ടുണ്ട്. ഈ നിക്ഷേപം സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപപ്പെട്ടതിന് ശേഷമുള്ളതാണ്. 140-ഓളം കമ്പനികളിലേക്കാണ് ഇത്രയും നിക്ഷേപമെത്തിയത് എന്നത് കേരളത്തില്‍ നവീന ആശയങ്ങളുമായി എത്തുന്ന പുത്തന്‍ സംരംഭകര്‍ക്കുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. നിക്ഷേപക ശില്‍പശാലകളം മറ്റും നടത്തുന്നതിലൂടെ വിവിധ കമ്പനികളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധതിരിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് നിക്ഷേപക ശില്‍പശാലകളും 15-ല്‍ അധികം നിക്ഷേപക സംഗമങ്ങളും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തി. 300 കോടിയുടെ ഫണ്ട്‌സ് ഒഫ് ഫണ്ടും 1001 കോടി രൂപയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപങ്ങളും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തിയിട്ടുമുണ്ട്. കേരളത്തില്‍ നിന്ന് തുടങ്ങി ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി സംരംഭങ്ങളുണ്ട്. പല സ്റ്റാര്‍ട്ടപ്പുകളെയും വന്‍കിട കമ്പനികളില്‍ ഏറ്റെടുത്തിട്ടുമുണ്ട്. നമ്മുടെ സ്റ്റാര്‍ട്ടപ്പായിരുന്ന ചില്ലറിനെ ഏറ്റെടുത്തത് ട്രൂകോളര്‍ ആയിരുന്നു.വേഡിയോയെ കെയര്‍ സ്റ്റാക്കും ഏറ്റെടുത്തിട്ടുണ്ട്. എന്‍ട്രി, സാറ ബയോടെക്, ഇന്‍ടോട് ടെക്‌നോളജി, കണ്‍സപ്ട് ബൈറ്റ്‌സ്, റാപിഡര്‍, ഫിന്‍സാല്‍, സാപ്പിഹയര്‍ തുടങ്ങിയവയാകട്ടെ സ്റ്റാര്‍ട്ടപ്പായി തുടങ്ങി വന്‍കിട കമ്പനികളായി മാറിയവയുമാണ്. അതുപോലെ റഷ്യയിലെ ഒരു തുകല്‍ ഉത്പന്ന നിര്‍മ്മാണ കമ്പനിയാകട്ടെ നമ്മുടെ സ്റ്റാര്‍ട്ടപ്പുകളിലൊന്നിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. യു.എസ്സിലെ ഇല്ലിനോയ്സ് സര്‍വകലാശാല വിദ്യാഭ്യാസ ടെക്നോളജി ആപ്പായ എന്‍ട്രിയില്‍ പങ്കാളിത്തം സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. സാങ്കേതിക രംഗത്തെ വലിയൊരു സര്‍വകലാശാല ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ്പില്‍ ഓഹരി പങ്കാളിത്തമെടുക്കുന്നത് ആദ്യമായിട്ടായിരുന്നു.
സ്റ്റാര്‍ട്ടപ്പ് രംഗത്ത് കേരളം കാല്‍വച്ചു തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായെന്നുവേണം പറയാന്‍. 2006-ല്‍ ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ്സ് ഇന്‍കുബേറ്റര്‍ എന്ന പേരില്‍ ആരംഭിച്ച സംവിധാനം വളര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷനിലേക്ക് എത്തി. ഒരുപാട് സൗകര്യങ്ങളും സംവിധാനങ്ങളും വന്നു. സ്റ്റാര്‍ട്ടപ്പുകളും വന്നു. അക്കാര്യങ്ങള്‍ നാളെ.
Content Highlights: kerala women startup success