പച്ചപ്പും ഹരിതാഭയും, ഒത്തുചേരാന്‍ 'സഭ'യും; ബെംഗളൂരുവിൽ ഗൂഗിളൊരുക്കിയ 'അനന്ത'സൗകര്യങ്ങള്‍

ഗൂഗിളിന്റെ 'അനന്ത' എന്ന് പേരിട്ടിരിക്കുന്ന ബെംഗളൂരുവിലെ നാലാം കാംപസ് നിര്‍മിച്ചിരിക്കുന്നത് അതിവിശാലമായ നൂനതസൗകര്യങ്ങളോടെ. മഹാദേവപുരയിലെ ഓഫീസ് കെട്ടിടം 11 നിലകളിലായി 16 ലക്ഷം ചതുരശ്ര അടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 5000 പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് കാംപസ്.
പരിധിയില്ലാത്തത് എന്ന് അര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍നിന്നാണ് ഓഫീസ് സമുച്ചയത്തിന് പേരിട്ടിരിക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, സേര്‍ച്ച്, പേ, ക്ലൗഡ്, മാപ്‌സ്, പ്ലേ, ഡീപ്‌മൈന്‍ഡ് എന്നീ യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുക.
ജീവനക്കാര്‍ തമ്മില്‍ ആശയക്കൈമാറ്റത്തിന് പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. മുന്‍ഭാഗത്തെ ഇലക്ട്രോ ക്രോമിക് ഗ്ലാസ് സ്വാഭാവിക വെളിച്ചത്തിന് കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നു. കാംപസിന്റെ നടുവിലായി ജീവനക്കാര്‍ക്ക് ഒത്തുചേരാന്‍ വിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് സഭ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പ്രകൃതിയോട് ചേര്‍ന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജിം, ബാഡ്മിന്റണ്‍, വോളിബോള്‍, ക്രിക്കറ്റ് കോര്‍ട്ടുകളും കാംപസിന്റെ ഭാഗമാണ്. കാഴ്ചപരിമിതകര്‍ക്ക് വൈറ്റ് കെയ്ന്‍ ഉപയോഗിച്ച് വഴി തിരിച്ചറിയാവുന്ന തരത്തിലാണ് ഫ്‌ളോറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബ്രെയില്‍ ലിപി ഉപയോഗിച്ച് മുറികള്‍ തിരിച്ചറിയാന്‍ സാധിക്കും.
ആരണ്യ എന്ന പേരില്‍ ചെറുവനം ഇവിടെ നിര്‍മിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള തിരക്കുപിടിച്ച റോഡിന്റെ ശബ്ദങ്ങള്‍ ഇവിടെക്ക് കടന്നുവരുന്നതിനെ നിന്ത്രിച്ചിരിക്കുന്നു. ജോഗിങ്ങിനായി പ്രത്യേക ട്രാക്കുകളും അനന്തയുടെ ഭാഗമായുണ്ട്.
ഓഫീസ് കെട്ടിടത്തിലെ മലിനജലം പുനരുപയോഗിക്കും. മഴവെള്ള സംഭരണികളും സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശികമായി ലഭ്യമായ മരത്തടിയടക്കമുള്ള സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മാണം.
Content Highlights: Google Ananta campus in Bengaluru is 1.6M sq ft, 11-story office with amenities for 5000 employees