2022 ല്‍ മസ്‌ക് നടത്തിയ പ്രഖ്യാപനം, ട്വിറ്ററിന് പകരം ഇനി X.com എവരിതിങ് ആപ്പ് - വിശദവിവരങ്ങൾ

Photo: Elon Musk
Photo: Elon Musk

അങ്ങനെ ട്വിറ്റര്‍ ട്വിറ്ററല്ലാതാവുകയാണ്. പേരും ലോഗോയുമടക്കം ട്വിറ്ററിനെ അടിമുടി മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയുടെ ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ആരംഭ കാലം മുതല്‍ തന്നെ പ്ലാറ്റ്‌ഫോമിന്റെ മുഖമുദ്രയാണ് നീല നിറത്തിലുള്ള പക്ഷിയുടെ ചിഹ്നം. എന്നാല്‍ ഇനി മുതല്‍ X എന്ന ലോഗോ ആയിരിക്കും ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിന്. ഇന്ന് വൈകീട്ടോടെ പുതിയ പ്ലാറ്റ്‌ഫോം നിലവില്‍ വരും. 

twitter.com ഇനി x.com

ട്വിറ്ററിനെ റീബ്രാന്റ് ചെയ്യുന്ന വിവരം കമ്പനി സിഇഒ ലിന്‍ഡ യക്കരിനോ ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിങ്, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങള്‍ക്കും, സാധന സേവനങ്ങള്‍ക്കും അവസരങ്ങള്‍ക്കുമുള്ള ഒരു ആഗോള വിപണിയായിരിക്കും X എന്നും ലിന്‍ഡ യക്കരിനോ പറയുന്നു. 

അക്ഷരാര്‍ത്ഥത്തില്‍ ഒരു മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം എന്നതിലുപരി ഫെയ്സ്ബുക്കിന് സമാനമായ എല്ലാ വിധ സൗകര്യങ്ങളും ലഭ്യമാവുന്ന പുതിയൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആയിരിക്കും X. 

നമ്മളുടെ ആശയവിനിമയ രീതിയിയില്‍ മാറ്റമുണ്ടാക്കിയ ഒന്നാണ് ട്വിറ്റര്‍.  ഇനി കൂടുതല്‍ കാര്യങ്ങള്‍ എക്‌സ് ചെയ്യൂം. ഒരു ഗ്ലോബല്‍ ടൗണ്‍സ്‌ക്വയര്‍ ആയി എക്‌സ് മാറുമെന്നും X നമ്മളെ എങ്ങനെയെല്ലാം ബന്ധിപ്പിക്കുമെന്ന് ഞങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിച്ച് തുടങ്ങിയിട്ടേയുള്ളൂ എന്നും ലിന്‍ഡ പറഞ്ഞു.

x.com എന്ന യുആര്‍എല്‍ ഇപ്പോള്‍ ട്വിറ്റര്‍ വെബ്‌സൈറ്റിലേക്കാണ് പോവുന്നത്. യുആര്‍എല്ലിലും മാറ്റം വന്നിട്ടുണ്ട്. 

X ഉം ഇലോണ്‍ മസ്‌കും

1999 ല്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട ഓണ്‍ലൈന്‍ ബാങ്കിങ് വെബ്‌സൈറ്റാണ് എക്‌സ്.കോം. ഈ പ്ലാറ്റ്‌ഫോം ആണ് പിന്നീട് പേ പാല്‍ (PayPal) ആയി മാറിയത്. പിന്നിട് 2002 ല്‍ പേ പാലിനെ  ഇ ബേ(eBay) ഏറ്റെടുത്തു. കമ്പനിയുടെ അന്നത്തെ മേധാവിയും ഏറ്റവും വലിയ നിക്ഷേപകനുമായിരുന്ന മസ്‌കിന് മാത്രം 17.58 കോടി ഡോളറാണ് ഈ വില്‍പനയുടെ ഭാഗമായി ലഭിച്ചത്. 2017 ലാണ് പേപാലില്‍ നിന്നും x.com എന്ന ഡൊമൈന്‍ ഇലോണ്‍ മസ്‌ക് തിരിച്ചുവാങ്ങിയത്. അന്ന് മസ്‌കിന് പ്രത്യേകിച്ച് പദ്ധതിയൊന്നും എക്‌സ്.കോമുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല. താന്‍ അതിന് ഒരു വൈകാരിക മൂല്യം നല്‍കുന്നതിനാലാണ് അത് വാങ്ങിയത് എന്നാണ് അന്ന് മസ്‌ക് പറഞ്ഞത്. 

അതേ വര്‍ഷം തന്നെ ഈ ഡൊമൈനില്‍ ഒരു വെബ് പേജ് സജീവമാക്കിയെങ്കിലും കാലിയായ ഒരു വെബ് പേജ് ആയിരുന്നു അത്. എന്നാല്‍ പിന്നീട് ഈ യുആര്‍എല്‍ മസ്‌കിന്റെ തന്നെ ദി ബോറിങ് കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടു. 

ട്വിറ്ററിനെ ഏറ്റെടുത്ത 2022 ലാണ് X എന്ന പേരില്‍ എല്ലാ സേവന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു 'എവരിതിങ് ആപ്പ്' ഒരുക്കാനുള്ള തന്റെ പദ്ധതി മസ്‌ക് പ്രഖ്യാപിച്ചത്. 

ഒരു സോഷ്യല്‍ മീഡിയാ സേവനം എന്നതിനൊപ്പും സാമ്പത്തിക കാര്യങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്ന പ്ലാറ്റ് ഫോമായാണ് മസ്‌ക് പദ്ധതി ആവിഷ്‌കരിച്ചത്. കാലക്രമത്തില്‍ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പകുതിയും എക്‌സ്.കോമിലായിരിക്കും എന്നും മസ്‌ക് പറയുന്നു.

ചൈനയിലെ വി ചാറ്റിനെ പോലെ എല്ലാം സാധ്യമാവുന്ന ഒരു സൂപ്പര്‍ ആപ്പ് ആയിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ എങ്ങനെയാണ് മസ്‌ക് എക്‌സിനെ ഈ രീതിയില്‍ ആവഷ്‌കരിക്കുക. ഏത് രീതിയിലാണ് പുതിയ വെബ്‌സൈറ്റിന്റെ രൂപകല്‍പന എന്ന് വ്യക്തമല്ല. 

എന്താണ് സൂപ്പര്‍ ആപ്പ് ?

ചൈനയില്‍ 100 കോടിയിലധികം പ്രതിമാസ ഉപഭോക്താക്കളുള്ള പ്ലാറ്റ്‌ഫോമാണ് വി ചാറ്റ്. ചൈനീസ് ജനതയുടെ ദൈനം ദിന ജീവിതത്തില്‍ പ്രധാനപ്പെട്ടൊരു സാന്നിധ്യമാണ് വിചാറ്റ് എന്ന് പറയാം. ഉപഭോക്താക്കള്‍ക്ക് ഒരു കാറോ ടാക്‌സിയോ വാടകയ്‌ക്കെടുക്കാനും, സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പണമയക്കാനും കടകളില്‍ സാധനം വാങ്ങി പണം നല്‍കാനുമെല്ലാം വിചാറ്റ് ഉപയോഗിക്കാം. 

ഗ്രാബ് എന്ന പേരില്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ പ്രചാരമുള്ള മറ്റൊരു എവരിതിങ് ആപ്പുണ്ട്. സിങ്കപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്‍ ഫുഡ് ഡെലിവറി, ഡിജിറ്റല്‍ പേമെന്റ് ഉള്‍പ്പടെയുള്ള സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇതൊരു സോഷ്യല്‍ മീഡിയാ ആപ്പ് അല്ല. 

എന്നാല്‍ ഇത്തരത്തില്‍ വലിയൊരു വിപണിയായും ഒപ്പം സോഷ്യല്‍ മീഡിയാ സേവനമായും നിലനില്‍ക്കുന്ന സൂപ്പര്‍ ആപ്പാണ് മസ്‌ക് ആവിഷ്‌കരിക്കുന്ന X.

 മുമ്പ് 2023 ഏപ്രിലില്‍ ട്വിറ്ററിന്റെ ലോഗോയുടെ സ്ഥാനത്ത് ഡോജ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ലോഗോ സ്ഥാപിച്ച് മസ്‌ക് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പഴയ ലോഗോ തന്നെ പുനഃസ്ഥാപിച്ചു.

ജൂലായ് 23 ഞായറാഴ്ചയാണ് ഇലോണ്‍ മസ്‌ക് X എന്ന പുതിയ പ്ലാറ്റ്‌ഫോമിന്റെ ലോഗോ പുറത്തുവിട്ടത്. മാറ്റങ്ങള്‍ ആഗോള തലത്തില്‍ തിങ്കളാഴ്ചയോടെ സജീവമാകുമെന്നും മസ്‌ക് പ്രഖ്യാപിച്ചു. എക്‌സ് എന്ന ലോഗോ ആണ് ഇപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം. 

Content Highlights: elon musk announces twitter rebrand new x everything app