ഈ കമ്പനി ഇല്ലാതായാൽ ആപ്പിളും സാംസങും ഉൾപ്പടെ എല്ലാവരും കുടുങ്ങും, എഎസ്എംഎല്ലിനെ പരിചയപ്പെടാം

#എൽ. ജോജ്

ഒരു കമ്പനി ഇപ്പോൾ പെട്ടെന്ന് ഒരു ദിവസം തകർക്കപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥയും ലോക സാങ്കേതികവിദ്യയുടെ കുതിപ്പും മന്ദീഭവിക്കുമെന്ന് പറഞ്ഞാൽ അധികമാർക്കും അത് വിശ്വസിക്കാൻ സാധിച്ചേക്കില്ല. ആ കമ്പനിയെക്കുറിച്ച് പലർക്കും അറിഞ്ഞുകൂടാ. പക്ഷേ, പകരംവെയ്ക്കാനാകാത്ത അത്തരം ഒരു കമ്പനിയുണ്ട് എഎസ്എംഎൽ. എന്തിനേറെ, എഎസ്എംഎൽ ഇല്ലെങ്കിൽ ഐഫോൺ നിർമാതാവായ ആപ്പിളിന് പോലും പല തലമുറ പിന്നിൽ നിൽക്കുന്ന പ്രൊസസർ ഉപയോഗിച്ചു മാത്രമായിരിക്കും പുതിയ ഫോണുകൾ ഇറക്കാൻ സാധിക്കുക.

ആ എഎസ്എംഎൽ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം: ഏകദേശം ഒരു ബസ്സിന്റെയത്ര വലിപ്പവും 100 മെട്രിക് ടൺ ഭാരവുമുള്ള, ലക്ഷത്തിലേറെ വ്യത്യസ്ത ഘടകങ്ങൾ ചേർത്ത് നിർമിച്ചെടുത്ത ഒരു യന്ത്രമാണ് എഎസ്എംഎൽ നിർമിച്ചു നൽകുന്നത്. ലോകത്തെ പ്രമുഖ കമ്പ്യൂട്ടർ ചിപ്പ്/പ്രൊസസർ നിർമാണ കമ്പനികളിലാണ് ഇവ ഇടംപിടിച്ചിരിക്കുന്നത്. (കമ്പ്യൂട്ടർ പ്രൊസസർ നിർമാണ കമ്പനിയായ ഇന്റലിൽ ഇരിക്കുന്ന യന്ത്രത്തിന് ഡബിൾ ഡെക്കർ ബസ്സിന്റെയത്ര വലിപ്പമുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.) ഒന്നിലേറെ കാർഗോ വിമാനങ്ങളിലായാണ് ഈ യന്ത്രം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നത്. ഇന്നത്തെ അതിനൂതന സ്മാർട്ട്‌ഫോണുകൾ അടക്കം പല ഉപകരണങ്ങൾക്കും കരുത്തു നിലനിർത്തണമെങ്കിലും അടുത്ത ഘട്ടത്തിലേക്ക് പുരോഗമിക്കണമെങ്കിലും എഎസ്എംഎൽ ഉണ്ടായേ തീരൂ.

Continue reading