സ്റ്റെല്‍ത്ത് വിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍; എന്തും തകര്‍ക്കും; വരുന്നു ആകാശ് NG

എഐ നിര്‍മിത പ്രതീകാത്മക ചിത്രം| Gemini
എഐ നിര്‍മിത പ്രതീകാത്മക ചിത്രം| Gemini

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ശ്രമങ്ങളെ തകര്‍ത്തതില്‍ സുപ്രധാന പങ്കുവഹിച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ആകാശ്. നിലവിലുള്ള ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പരീക്ഷണത്തിനൊരുങ്ങുകയാണ്. നിലവിലെ ആകാശിന് 25 മുതല്‍ 30 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങളെ മാത്രമേ തകര്‍ക്കാന്‍ സാധിക്കു. എന്നാല്‍, ആകാശ് എന്‍ജി(നെക്‌സ്റ്റ് ജനറേഷന്‍) എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്രതിരോധ സംവിധാനത്തിന് 70 മുതല്‍ 80 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാനാകും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ആകാശ് എന്‍ജി വികസിപ്പിച്ചത്.

കരയില്‍നിന്ന് ആകാശത്തെ ലക്ഷ്യങ്ങളിലേക്ക് പ്രയോഗിക്കുന്ന സര്‍ഫസ് ടു എയര്‍ മിസൈല്‍ സംവിധാനമാണ് നിലവിലെആകാശ് 1 എസ്.  പുതിയ ആകാശ് എൻജിക്ക് പഴയ പതിപ്പിനെ അപേക്ഷിച്ച് രണ്ട് റോക്കറ്റ് മോട്ടറുകളുണ്ട്. ഡ്യൂവല്‍ പള്‍സ് സോളിഡ് റോക്കറ്റ് മോട്ടറുകളാണ് മിസൈലിനെ മുന്നോട്ടുചലിപ്പിക്കുന്നത്. ഇതിനൊപ്പം കെയു ബാന്‍ഡ് ( Ku-band) ആക്ടീവ് റഡാര്‍ സീക്കറാണ് ആകാശ് എന്‍ജിയില്‍ ഉപയോഗിക്കുന്നത്. 2021-ലെ എയ്‌റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തില്‍ ഈ റഡാര്‍ സീക്കര്‍ സംവിധാനം ഇന്ത്യ അവതരിപ്പിച്ചിരുന്നു. 

അതിവേഗത്തിലെത്തുന്ന മിസൈലുകള്‍, റഡാര്‍ ക്രോസ് സെക്ഷന്‍ കുറവുള്ള സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനവും ആകാശ് എന്‍ജിയിലുണ്ട്. ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അരെ ( Active Electronically Scanned Array - AESA)  മള്‍ട്ടി ഫങ്ഷന്‍ റഡാര്‍, ഒപ്റ്റിക്കല്‍ പ്രോക്‌സിമിറ്റി ഫ്യൂസ് (optical proximity fuze ) എന്നീ സംവിധാനങ്ങളാണ് ആകാശിനെ അപകടകാരിയാക്കുന്നത്. 

നിലവിലെ ആകാശ് 1 എസിനെ അപേക്ഷിച്ച് ലോഞ്ചറിലും വ്യത്യാസമുണ്ട്. പ്രത്യേക കാനിസ്റ്ററില്‍ നിന്നാണ് ഇതിലെ മിസൈലുകള്‍ വിക്ഷേപിക്കുക. അതിനാല്‍ മിസൈല്‍ സംവിധാനം പ്രയോഗിച്ചത് എവിടെനിന്നാണ് എന്ന് കണ്ടെത്താന്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. 

ഇന്ത്യയിലെ ഏത് ഭൂപ്രദേശത്തും എപ്പോള്‍ വേണമെങ്കിലും എളുപ്പത്തില്‍ വിന്യസിക്കാന്‍ പറ്റുന്ന തരത്തിലാണ് ആകാശ് എന്‍ജിയുടെ രൂപകല്‍പ്പന. സമാനമായ പാശ്ചാത്യ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ക്ക് ആറു കോടിരൂപ വരെ മുടക്കേണ്ടി വരുന്ന സ്ഥാനത്ത് ആകാശ് എന്‍ജി മിസൈലിന് രണ്ടുകോടി മാത്രമാണ് ചെലവ് വരിക.

ഇനി ഉയര്‍ന്ന പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ലഡാക്ക് പോലുള്ള സ്ഥലങ്ങളില്‍ മിസൈല്‍ സംവിധാനമുപയോഗിച്ചുള്ള പരീക്ഷണം നടത്തും. ലഡാക്ക് പോലെയുള്ള അന്തരീക്ഷത്തിന് സാന്ദ്രത കുറവുള്ള സ്ഥലങ്ങളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കൃത്യത എത്രത്തോളമുണ്ടെന്നും കണക്കാക്കണം. മാത്രമല്ല, അതിതീവ്രമായ തണുപ്പും കാറ്റും ദുര്‍ഘടമായ പര്‍വത പ്രദേശങ്ങളുമുള്ളതിനാല്‍ മിസൈല്‍ പ്രതിരോധ സംവിധാനം എത്രത്തോളം കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് വിലയിരുത്തി ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തിയാകും സൈന്യത്തിന്റെ ഭാഗമാക്കുക.

ഇതിന് മുമ്പ് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയിരുന്നു. ഹിമാലയന്‍ മേഖലയിലുള്ള പരീക്ഷണമാണ് ഇനി നടക്കാനുള്ളത്. ഇത് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 

നിലവില്‍ വ്യോമസേനയുടെ പക്കല്‍ 15 ആകാശ് 1 എസ് സ്‌ക്വാഡ്രണുകളുണ്ട്. നാലെണ്ണം കരസേനയ്ക്കും. ആകാശ് എന്‍ജിയുടെ പരീക്ഷണങ്ങള്‍ക്ക് ശേഷം സേനയിലുള്‍പ്പെടുത്താനുള്ള ഓര്‍ഡര്‍ സ്വീകരിക്കും. നിലവില്‍ യുദ്ധസാഹചര്യങ്ങളില്‍ കാര്യക്ഷമമെന്ന് തെളിയിച്ച മിസൈല്‍ സംവിധാനമാണ് ആകാശ്. അര്‍മേനിയ 6000 കോടി മുടക്കി ഇന്ത്യയില്‍നിന്ന് ഇവ വാങ്ങിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലെ പ്രകടനത്തോടെ ബ്രസീല്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ആകാശില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

Content Highlights: advanced Akash-NG, which boasts significantly extended range and sophisticated features