47 വര്‍ഷക്കാലത്തെ സേവനം, വീണ്ടും വോയേജര്‍ 1 പേടകവുമായുള്ള ബന്ധം നഷ്ടമായി, സ്ഥിരീകരിച്ച് നാസ

മാനവരാശിയെ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ദൂരമെത്തിച്ച ബഹിരാകാശ ദൗത്യമാണ് വോയേജര്‍ 1. പലവിധ പ്രതിബന്ധങ്ങൾ തരണം ചെയ്ത് 47 വര്‍ഷക്കാലം അതിജീവിച്ച പേടകവുമായുള്ള ആശയവിനിമയ ബന്ധം വീണ്ടും നഷ്ടമായിരിക്കുകയാണ്. ഭൂമിയിലേക്ക് വ്യക്തമായ വിവരങ്ങള്‍ അയക്കാന്‍ പേടകത്തിന് സാധിക്കുന്നില്ല. ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന പേടകത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ സബ് സിസ്റ്റത്തിലാണ് പ്രശ്‌നം.
ഒക്ടോബര്‍ 16 ന് പേടകത്തിന്റെ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദേശം ഭൂമിയില്‍ നിന്ന് നല്‍കിയിരുന്നു. ആവശ്യമായ വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമേ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാവൂ. എന്നാല്‍ നിര്‍ദേശം കിട്ടിയതിന് പിന്നാലെ പേടകത്തിലെതകരാര്‍ തടയുന്നതിനുള്ള ഫോള്‍ട്ട് പ്രിവന്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ 18ന്,
വോയേജര്‍ 1 ന്റെ സിഗ്‌നല്‍ സ്വീകരിക്കുന്നതില്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് പരാജയപ്പെട്ടതോടെ പേടകവുമായുള്ള ആശയവിനമയം തകരാറിലായതായി ജീവനക്കാര്‍ തിരിച്ചറിഞ്ഞു.
എക്‌സ്ബാന്‍ഡ് റേഡിയോ ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ചാണ് വോയേജര്‍ 1 സാധാരണ ഭൂമിയുമായി ആശയവിനിമയം നടത്താറ്. കണക്ഷന്‍ പൂര്‍ണമായും പരാജയപ്പെടുന്നുവെന്ന് കണ്ടതോടെ വോയേജര്‍ 1 ന്റെ എഫ്ഡിഎസ് രണ്ടുതവണ ആക്ടിവേറ്റ് ആയതായി ഫ്‌ലൈറ്റ് ക്രൂ സംശയിച്ചു. അതിന്റെ ഫലമായി എക്‌സ്-ബാന്‍ഡ് ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനരഹിതമാവുകയും സെക്കന്‍ഡറി റേഡിയോ ട്രാന്‍സ്മിറ്ററായ എസ്-ബാന്‍ഡിലേക്ക് മാറുകയും ചെയ്തു.
1981 ന് ശേഷം എസ് ബാന്‍ഡ് ഉപയോഗിച്ച് വോയേജര്‍ ആശയവിനിമയം നടത്തിയിട്ടില്ല. വളരെ കുറച്ച് ഊര്‍ജം മാത്രമാണ് ഇതിന് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ എസ് ബാന്‍ഡ് സിഗ്നല്‍ എക്‌സ് ബാന്‍ഡിനേക്കാള്‍ ദുര്‍ബലമാണ്.
2023 ലും വോയേജര്‍ 1 ഉമായുള്ള ബന്ധം നഷ്ടമായിരുന്നു. എഫ്ഡിഎസിലെ പ്രശ്‌നം തന്നെയായിരുന്നു ഇതിനും കാരണം. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് പേടകത്തില്‍ നിന്നുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചത്.
1977 ഓഗസ്റ്റ് 20-ന് ഫ്ളോറിഡയിലെ കേപ് കനവെറല്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ടൈറ്റന്‍ സെന്റോര്‍ റോക്കറ്റിലായിരുന്നു വോയേജര്‍ 2-ന്റെ വിക്ഷേപണം. തൊട്ടുപിന്നാലെ സെപ്റ്റംബറില്‍ തനിപ്പകര്‍പ്പായ വോയേജര്‍ 1 വിക്ഷേപിച്ചത്. വോയേജര്‍ 1 ന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായാലും ദൗത്യം സമ്പൂര്‍ണ വിജയമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് 1977 ല്‍ വോയേജര്‍ ദൗത്യം വിക്ഷേപിച്ചത്. 1980 ല്‍ ഇത് പൂര്‍ത്തിയാക്കി. ഇതിന് ശേഷം ഭൂമിയില്‍ നിന്ന് അകലങ്ങളിലേക്ക് സഞ്ചാരം തുടര്‍ന്നു. സൗരയൂഥം വിട്ട് ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മിത വസ്തുവാണ് വോയേജര്‍ 1. പിന്നാലെ തന്നെ വോയേജര്‍ 2 ഉം ഈ നേട്ടം കൈവരിച്ചു.
Content Highlights: Voyager 1, the spacecraft that traveled furthest from Earth, has lost communication.