67 വർഷമായി ഭൂമിയെ ചുറ്റിക്കറങ്ങുന്ന കൃത്രിമോപഗ്രഹം; വാന്‍ഗാര്‍ഡ് 1-നെ തിരികെ മണ്ണിലിറക്കാൻ കഴിയുമോ?

ശീതയുദ്ധകാലത്ത് യുഎസ്സും റഷ്യയും തമ്മിലുണ്ടായിരുന്ന മത്സരം സാങ്കേതികവിദ്യയുടെ മുന്നേറ്റം കൂടിയായിരുന്നു. ആദ്യമായി ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതുള്‍പ്പെടെ ബഹിരാകാശരംഗത്തെ ഒട്ടേറെ മുന്നേറ്റങ്ങള്‍ക്കും ആ കിടമത്സരമാണ് കാരണമായത്. 1957 ഒക്ടോബര്‍ നാലിന് യുഎസ്സിനെ ഞെട്ടിച്ചുകൊണ്ടാണ് റഷ്യ സ്പുട്‌നിക് 1 വിജയകരമായി വിക്ഷേപിച്ചു.
ഇതിന് മറുപടിയായി യുഎസ് വാന്‍ഗാര്‍ഡ് 1 എ എന്ന ഉപഗ്രഹം വിക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് എക്‌സ്‌പ്ലോറര്‍ 1 വിക്ഷേപണം വിജയിച്ചതോടെ ആ ക്ഷീണം യുഎസ് തീര്‍ത്തു. ഇതിന് ശേഷമാണ് യുഎസ് തങ്ങളുടെ രണ്ടാമത്തെ ഉപഗ്രഹം വാന്‍ഗാര്‍ഡ് 1 വിക്ഷേപിക്കുന്നത്. 1958 മാര്‍ച്ച് 17-ന് ഫ്‌ളോറിഡയിലെ കേപ് കാനവറലില്‍ നിന്നായിരുന്നു വിജയകരമായ വിക്ഷേപണം. പ്രൊജക്ട് വാന്‍ഗാര്‍ഡിന്റെ ഭാഗമായി യുഎസ് നേവല്‍ റിസര്‍ച്ച് ലബോറട്ടറി (എന്‍ആര്‍എല്‍) ആണ് വാന്‍ഗാര്‍ഡ് 1 വികസിപ്പിച്ചത്.
അന്നുമുതല്‍ ഭൂമിയെ ചുറ്റക്കറങ്ങുന്ന വാന്‍ഗാര്‍ഡ് 1 ആണ് നിലവില്‍ ലോകത്തെ ഏറ്റവും പഴക്കമുള്ള കൃത്രിമോപഗ്രഹം. എക്‌സ്‌പ്ലോറര്‍ 1 എന്ന യുഎസ്സിന്റെ ആദ്യ കൃത്രിമോപഗ്രഹം 1970 മാര്‍ച്ച് 31-ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും കത്തിച്ചാമ്പലാകുകയും ചെയ്തതോടെയാണ് വാന്‍ഗാര്‍ഡ് 1 ഭ്രമണപഥത്തിലെ 'കാരണവരാ'യത്. ഇപ്പോഴിതാ, 67 വര്‍ഷം തുടര്‍ച്ചയായി 'ജോലി ചെയ്ത' വാന്‍ഗാര്‍ഡ് 1-നെ തിരികെ ഭൂമിയിലെത്തിച്ച് നല്ലൊരു 'റിട്ടയര്‍മെന്റ് ലൈഫ്' കൊടുക്കാനുള്ള ആലോചനയിലാണ് ശാസ്ത്രജ്ഞര്‍.
വാന്‍ഗാര്‍ഡ് 1
മൈക്രോ സാറ്റലൈറ്റ് വിഭാഗത്തില്‍ പെടുന്ന ഭാരം കുറഞ്ഞ ചെറു ഉപഗ്രഹമാണ് വാന്‍ഗാര്‍ഡ് 1. സൗരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമാണ് ഇത്. മൂന്ന് സ്റ്റേജുള്ള വിക്ഷേപണ വാഹനത്തിന്റെ ശേഷി പരീക്ഷിക്കുകയും ബഹിരാകാശം ഒരു കൃത്രിമോപഗ്രഹത്തിനുമേലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് പഠിക്കുകയുമായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം.
അലൂമിനിയത്താല്‍ നിര്‍മ്മിച്ച, ഗോളാകൃതിയുള്ള വാന്‍ഗാര്‍ഡ് 1-ന് 1.46 കിലോഗ്രാം ഭാരവും 150 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. ആന്റിനകളുടെ അഗ്രങ്ങള്‍ തമ്മിലുള്ള ദൂരം മൂന്നടിയാണ്. മെര്‍ക്കുറി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 10 മില്ലിവാട്ട്, 108 മെഗാഹെര്‍ട്ട്‌സ് ട്രാന്‍സ്മിറ്ററും ആറ് സൗരോര്‍ജ്ജ സെല്ലുകള്‍ ഊര്‍ജ്ജമേകുന്ന അഞ്ച് മില്ലിവാട്ട് 108.03 മെഗാഹെര്‍ട്ട്‌സ് ട്രാന്‍സ്മിറ്ററുമാണ് ഇതിലുള്ളത്. 30 സെന്റിമീറ്റര്‍ നീളവും 0.8 സെന്റിമീറ്റര്‍ വ്യാസവുമുള്ള അലൂമിനിയം അലോയ് നിര്‍മ്മിതമായ ആറ് ആന്റിനകളാണ് ഉപഗ്രഹത്തിനുള്ളത്.
ഭൂമിക്ക് ചുറ്റും ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് വാന്‍ഗാര്‍ഡ് 1 സഞ്ചരിക്കുന്നത്. ഉപഗ്രഹവും ഭൂമിയും തമ്മിലുള്ള കൂടിയ ദൂരം (അപോജി) 3822 കിലോമീറ്ററും കുറഞ്ഞദൂരം 660 കിലോമീറ്ററുമാണ്. ഭൂമധ്യരേഖയും ഉപഗ്രഹത്തിന്റെ ഭ്രമണപഥവും തമ്മിലുള്ള കോണളവ് (ഇന്‍ക്ലിനേഷന്‍) 34.25 ഡിഗ്രിയാണ്. 1964 വരെയാണ് വാന്‍ഗാര്‍ഡ് 1 പ്രവര്‍ത്തനക്ഷമമായിരുന്നത്.
തിരിച്ചെടുക്കല്‍ സാധ്യമോ?
യുഎസ്സും റഷ്യയും തമ്മില്‍ മത്സരിച്ച ബഹിരാകാശ യുഗത്തിന്റെ ശേഷിപ്പാണ് വാന്‍ഗാര്‍ഡ് 1. ചരിത്രകാരന്മാര്‍, എഴുത്തുകാര്‍, എയ്‌റോസ്‌പേസ് എഞ്ചിനീയര്‍മാര്‍ എന്നിവരുടെ ഒരു സംഘമാണ് വാന്‍ഗാര്‍ഡ് 1 ഉപഗ്രഹത്തെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ആശയം അവതരിപ്പിച്ചത്. എന്നാല്‍ ഇത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതേസമയം ഇത് സാധ്യമായാല്‍ കൂടുതല്‍ പഠനങ്ങളിലേക്ക് വഴിതുറക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പഠനങ്ങള്‍ക്ക് ശേഷം ബഹിരാകാശ ചരിത്രത്തിന്റെ പ്രതീകമായ വാന്‍ഗാര്‍ഡ് 1 പൊതുജനങ്ങള്‍ക്ക് നേരില്‍കാണാനായി നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാമെന്ന നിര്‍ദ്ദേശവുമുണ്ട്.
ഉപഗ്രഹത്തെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ഒന്നിലേറെ മാര്‍ഗങ്ങളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. താഴ്ന്ന ഭ്രമണപഥത്തിലവേക്ക് മാറ്റിയശേഷം പ്രത്യേക ദൗത്യത്തിലൂടെ വാന്‍ഗാര്‍ഡ് 1-നെ ഭൂമിയിലെത്തിക്കാമെന്നതാണ് ഒരുവഴി. ഉപഗ്രഹത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിച്ചശേഷം പാക്ക് ചെയ്ത് ഭൂമിയിലെത്തിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം.
ഉപഗ്രഹത്തിന്റെ നിലവിലെ അവസ്ഥ വിശദമായി പഠിച്ചശേഷമേ തിരികെ കൊണ്ടുവരുന്ന ദൗത്യത്തിലേക്ക് കടക്കാന്‍ കഴിയൂ. വളരെ ചെറിയ ഉപഗ്രഹമായതിനാല്‍ അതീവശ്രദ്ധയോടെ വേണം ഓരോ ചുവടും വെക്കാന്‍. യുഎസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹമായതിനാല്‍ സ്വകാര്യവ്യക്തികള്‍ക്ക് വാന്‍ഗാര്‍ഡ് 1 തിരികെ കൊണ്ടുവരിക ബുദ്ധിമുട്ടാണ്. യുഎസ് സര്‍ക്കാരിന്റേയും നാസയുടേയും ഉള്‍പ്പെടെ സഹകരണത്തോടെ മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയൂ.
Content Highlights: Vanguard 1 is the oldest satellite orbiting Earth. Scientists want to bring it home after 67 years