ബിഗ് ബാങിന് നേര്‍വിപരീതം സംഭവിക്കും? പ്രപഞ്ചം ഞെരുങ്ങി നശിക്കും ! ലോകാവസാനം എപ്പോഴെന്ന് പ്രവചിച്ച് ശാസ്ത്രജ്ഞർ

ഈ പ്രപഞ്ചത്തിന്റെ അവസാനം ഒരു ‘ബിഗ് ക്രഞ്ച്’ എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആയിരിക്കുമെന്ന പ്രവചനവുമായി ഭൗതിക ശാസ്ത്രജ്ഞര്‍. പ്രപഞ്ചം എക്കാലവും വികസിച്ചുകൊണ്ടിരിക്കുമെന്ന വിശ്വാസത്തിന് വിപരീതമായാണ് ഈ സിദ്ധാന്തം അവതരിപ്പിക്കപ്പെടുന്നത്. സ്‌പെയിനിലെ ഡോണോസ്റ്റിയ ഇന്റര്‍നാഷണല്‍ ഫിസിക്‌സ് സെന്ററിലെ ഹോവാങ് നാന്‍ ലൂ, ചൈനയിലെ ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റിയിലെ യു-ചെങ് ക്യു, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഹെന്റി ടൈ എന്നിവരടങ്ങിയ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പ്രപഞ്ചത്തിന്റെ വികാസത്തിന് കാരണമാകുന്ന അജ്ഞാത ശക്തിയായ ഡാര്‍ക്ക് എനര്‍ജി (dark energy) കാലക്രമേണ മാറിക്കൊണ്ടിരിക്കുകയാണെന്ന് സമീപകാല കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
ഈ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍, 1100 കോടി വര്‍ഷങ്ങള്‍കൊണ്ട് ഈ പ്രപഞ്ചത്തിന്റെ വികാസം നില്‍ക്കുകയും അതിന് നേര്‍ വിപരീതം സംഭവിക്കും. അതായത് പ്രപഞ്ചം സങ്കോചിക്കാന്‍ തുടങ്ങും. തത്ഫലമായി എല്ലാ താരാപഥങ്ങളും നക്ഷത്രങ്ങളും ഗ്രഹങ്ങളും പരസ്പരം അടുത്തേക്ക് വരാന്‍ തുടങ്ങും. ഇങ്ങനെ സങ്കോചിച്ച് ഒടുവില്‍ വളരെ ചുടുള്ളതും സാന്ദ്രത ഏറിയതുമായ സിംഗുലാരിറ്റിയിലേക്ക് തിരികെ എത്തും. ബിഗ് ബാങിന് മുമ്പുള്ള പ്രപഞ്ചം ഈ സ്ഥിതിയിലായിരുന്നു. ഒരു ബലൂണ്‍ ഊതി വീര്‍പിച്ച് കാറ്റൊഴിയുമ്പോള്‍ പഴയ സ്ഥിതിയിലേക്ക് തിരികെ വരുന്നത് പോലെ (അത്ര ലളിതമല്ല).
ബിഗ് ബാങ് സംഭവിച്ചത് 13.8 ബില്യണ്‍ വര്‍ഷം മുമ്പാണ്. നിലവില്‍ പ്രപഞ്ചത്തിന് 13.8 ബില്യണ്‍ വര്‍ഷം പഴക്കമുണ്ട്. ഈ പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, പ്രപഞ്ചത്തിന്റെ ആകെ ആയുസ്സ് ഏകദേശം 33.3 ബില്യണ്‍ വര്‍ഷമാണ്.
എങ്കിലും ‘ബിഗ് ക്രഞ്ച്’ സംഭവിക്കുമെന്നത് നിലവിൽ ശാസ്ത്ര പഠനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു സാധ്യത മാത്രമാണ്.
ബിഗ് ബാങ്
ബിഗ് ബാങ് അഥവാ മഹാവിസ്‌ഫോടന സിദ്ധാന്തത്തിലൂടെയാണ് ഈ പ്രപഞ്ചം ഉണ്ടായതെന്നാണ് ശാസ്ത്രലോകം വിശദീകരിക്കുന്നത്. 1380 കോടി (13.8 ബില്യണ്‍) വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സിദ്ധാന്തമാണിത്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് 1920 കളില്‍ ബെല്‍ജിയന്‍ ശാസ്ത്രജ്ഞനായ ജോർജസ് ലെമൈത്ര നടത്തിയ നിരീക്ഷണമാണ് ഈ സിദ്ധാന്തത്തിന്റെ തുടക്കം. ഇതിനെ ഫ്രെഡ് ഹോയ്ല്‍ എന്ന ശാസ്ത്രജ്ഞന്‍ പരിഹസിച്ച് വിളിച്ച പേരാണ് 'ബിഗ് ബാങ്. പ്രപഞ്ചത്തില്‍ ഇന്ന് കാണുന്ന ഈ നക്ഷത്ര സമൂഹങ്ങളെല്ലാം പണ്ട് ഒന്നായിരുന്നുവെന്നും ചേര്‍ന്നിരുന്നുവെന്നും അത് പിന്നീട് വികസിക്കുകയും അകന്ന് പോവുകയുമായിരുന്നു എന്നുമുള്ള ആശയമാണ് ഈ സിദ്ധാന്തം ആവിഷ്‌കരിക്കുന്നത്. ഡാര്‍ക്ക് എനര്‍ജി ഗുരുത്വാകര്‍ഷണത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഈ വികാസം സംഭവിക്കുന്നതെന്നാണ് നിരീക്ഷണം. ഡാർക്ക് എനർജിയുടെ ഈ പ്രവർത്തനം നിലയ്ക്കുമെന്നും അകന്നു പോയവ തിരികെ ഒന്നായിത്തീരുമെന്നുമാണ് പുതിയ പഠനം പറയുന്നത്.
Content Highlights: New research suggests the universe's expansion could reverse, leading to an eventual 'Big Crunch'.