ഭൂമിയെ ചുറ്റിയത് 4577 തവണ, ആശങ്കയുടെ 9 മാസങ്ങള്‍; സുനിത വില്യംസും വില്‍മോറും തിരിച്ചെത്തുമ്പോള്‍

Photo: SpaceX
Photo: SpaceX

അടുത്തകാലത്തൊന്നും മറ്റേതെങ്കിലും ബഹിരാകാശ സഞ്ചാരികളെ കുറിച്ച് ഭൂമിയിലെ മനുഷ്യര്‍ ഇത്രയേറെ ആശങ്കപ്പെട്ടിട്ടുണ്ടാവില്ല. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം സാങ്കേതിക പ്രശ്‌നങ്ങളാല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത് മുതല്‍ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും എപ്പോള്‍ തിരികെ എത്തിക്കുമെന്നതിലും അവരുടെ ആരോഗ്യത്തെ കുറിച്ചുമായിരുന്നു പലരുടേയും ആശങ്ക.

286 ദിവസങ്ങളാണ് ഇവർ ബഹിരാകാശത്ത് കഴിഞ്ഞത്.  4577 തവണ ബഹിരാകാശ നിലയത്തില്‍ ഭൂമിയെ ചുറ്റി. 19.52 കോടി കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തു. വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുത്ത് പോയ യാത്രികര്‍ക്കാണ് ഇത്രയേറെ ദിവസം നിലയത്തില്‍ കഴിയേണ്ടി വന്നത്.

ഒടുവില്‍ ഇരുവരേയും രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ട് പുറപ്പെട്ട സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്രൂ 9 പേടകത്തിലാണ് തിരിച്ചെത്തിച്ചത്. 

അതിമനോഹരമായ ലാന്‍ഡിങ്

എല്ലാവരും കണ്ടുകാണും നാല് വലിയ പാരച്യൂട്ടില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വന്നിറങ്ങുന്ന ക്രൂ-9 പേടകത്തിന്റെ ദൃശ്യങ്ങള്‍. ബഹിരാകാശ ദൗത്യങ്ങളുടെ കാഴ്ചകള്‍ അതിമനോഹരമായി പകര്‍ത്തിയെടുക്കുന്നതും അത് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നതും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ഒരു പതിവ് ശൈലിയാണ്. 

ചൊവ്വാഴ്ച രാവിലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഹാര്‍മണി പോര്‍ട്ടില്‍ നിന്ന് സുനിത വില്യംസും ബുച്ച് വില്‍മോറുമടക്കം നാല് ബഹിരാകാശ സഞ്ചാരികളുമായി പേടകം പുറപ്പെട്ടത്. നാസയുടേയും സ്‌പേസ് എക്‌സിന്റേയും മേല്‍നോട്ടത്തിലായിരുന്നു 17 മണിക്കൂര്‍ നീണ്ട ഈ യാത്ര.

റീ എന്‍ട്രി ട്രജക്ട്രറിയില്‍ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കുന്നതിനായി എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചതിന് ശേഷമാണ് ഒരു പേടകം ഭൂമിയിലേക്ക് തിരിച്ചിറക്കുന്നതിന്റെ ഏറ്റവും സങ്കീര്‍ണമായ നിമിഷങ്ങള്‍. അന്തരീക്ഷത്തിലേക്ക് അതിവേഗം നീങ്ങുന്ന പേടകം. അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ പേടകത്തിന് ചുറ്റും ചൂടു വര്‍ധിക്കുകയും തീഗോളം കണക്കെ പ്ലാസ്മ പാളി രൂപപ്പെട്ടു. ഈ സമയം പേടകവും കണ്‍ട്രോള്‍ സെന്ററുമായുള്ള ആശയവിനിമയ ബന്ധം തടസപ്പെടും. താപനില ഉയരും. 

നിമിഷങ്ങള്‍ക്കകം പേടകം അന്തരീക്ഷം കടന്ന് ആകാശത്ത് പ്രത്യക്ഷമായി. ആശയിവിനമയ ബന്ധം പുനസ്ഥാപിക്കപ്പെട്ടു. എല്ലാം നല്ല നിലയിലാണെന്ന റേഡിയോ സന്ദേശം സഞ്ചാരികള്‍ക്ക് ലഭിച്ചു. 

നിശ്ചിത ഉയരത്തിലെത്തിയപ്പോള്‍ ഡ്രോഗ് പാരച്യൂട്ടുകള്‍ വിടര്‍ന്നു. ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഡ്രോഗ് പാരച്യൂട്ടുകള്‍ ഉപയോഗിക്കുന്നത്. പതിയേ പാരച്യൂട്ടുകളില്‍ തൂങ്ങി പേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വന്നിറങ്ങി. പിന്നാലെ തന്നെ സ്‌പേസ് എക്‌സിന്റെ റിക്കവറി കപ്പല്‍ പേടകത്തിനരികിലെത്തി. പേടകത്തിന് ചുറ്റും സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ഒരു കൂട്ടം ഡോൾഫിനുകളുമുണ്ടായിരുന്നു. പേടകം വീണ്ടെടുക്കുകയും സഞ്ചാരികളെ പുറത്തെത്തിക്കുകയും ചെയ്തു. 
 
ഇനിയെന്ത് ?

ഫ്‌ലോറിഡയുടെ തീരക്കടലില്‍ ഡ്രാഗണ്‍ പേടകത്തില്‍ സ്പ്‌ളാഷ് ലാന്‍ഡ് ചെയ്യുന്ന സുനിതയെയും വില്‍മോറിനെയും ക്രൂ-9ലെ രണ്ടംഗങ്ങളെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോവുക. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

ഒന്‍പതുമാസത്തോളം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തുതങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസിക അവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍

എല്ലുകള്‍ക്ക് ബലക്ഷയം ഉറക്കമില്ലായ്മ മൂത്രത്തില്‍കല്ല് അണുബാധ (ബഹിരാകാശജീവിതം യാത്രികരുടെ പ്രതിരോധശേഷി കുറയ്ക്കും) മാനസികസമ്മര്‍ദം തലകറക്കം, മന്ദത ശരീരത്തിന്റെ തുലനനിലയില്‍ പ്രശ്‌നം ബേബിഫീറ്റ് (പാദത്തിന്റെ അടിവശത്തെ ചര്‍മം നേര്‍ത്തുപോകുന്നത്)
 

Content Highlights: Sunita Williams and Butch Wilmore`s extended space mission concludes with a dramatic splashdown.