സുനിതാ വില്യംസിനേയും വില്‍മോറിനേയും തിരിച്ചെത്തിക്കാന്‍, ക്രൂ 9 പേടകം ബഹിരാകാശ നിലയത്തിലെത്തി

Photo: NASA
Photo: NASA

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനായി സ്‌പേസ് എക്‌സ് വിക്ഷേപിച്ച ക്രൂ9 പേടകം ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് അഞ്ച് മാസങ്ങള്‍ നീണ്ട ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തത്. 
 
ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശനിലയത്തിലെത്തിയ സുനിത വില്യംസിനോയും ബച്ച് വില്‍മോറിനേയും തിരികെ എത്തിക്കുക ക്രൂ9 പേടകത്തിലാണ്. മനുഷ്യരെ വഹിച്ചുള്ള സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് സുനിത വില്യംസും ബച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കും ഏറെ നാള്‍ നിലയത്തില്‍ തുടരേണ്ടി വന്നു. സാങ്കേതിക പ്രശ്നങ്ങളുള്ള പേടകത്തില്‍ ഇവരെ തിരികെ എത്തിക്കുന്നത് വെല്ലുവിളിയായതിനാല്‍ ക്രൂ 9 ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തില്‍ ഇവരെ തിരികെ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

നേരത്തെ നാല് സഞ്ചാരികളെ ക്രൂ 9 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാല്‍ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നു. അഞ്ച് മാസം നീളുന്ന ദൗത്യം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. 


 

Content Highlights: SpaceX Crew-9 mission successfully docks with the International Space Station