ഇക്കുറി പാരയായത് ഹെലൻ, സുനിത വില്യംസിന് വീണ്ടും ആശങ്കയുടെ ദിനങ്ങൾ; ക്രൂ 9 വിക്ഷേപണം മാറ്റിവെച്ചു

ഫ്‌ളോറിഡ: ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യ വിക്ഷേപണം മാറ്റിവെച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹെലന്‍ വ്യാഴാഴ്ച വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. ഫ്‌ളോറിഡയിലെ കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് വിക്ഷേപിക്കാനിരുന്ന ദൗത്യം രണ്ട് ദിവസത്തേക്കാണ് വൈകിപ്പിച്ചത്.
കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് വിക്ഷേപിക്കുന്ന ആദ്യത്തെ മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് അഞ്ച് മാസങ്ങള്‍ നീണ്ട ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. സെപ്റ്റംബര്‍ 28 നോ അല്ലെങ്കില്‍ സെപ്റ്റംബര്‍ 29 നോ വിക്ഷേപണം നടത്താനാണ് സ്‌പേസ് എക്‌സിന്റെ പുതിയ തീരുമാനം.
ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശനിലയത്തിലെത്തിയ സുനിത വില്യംസിനോയും ബച്ച് വില്‍മോറിനേയും തിരികെ എത്തിക്കുക ക്രൂ9 പേടകത്തിലാണ്. മനുഷ്യരെ വഹിച്ചുള്ള സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് സുനിത വില്യംസും ബച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കും ഏറെ നാള്‍ നിലയത്തില്‍ തുടരേണ്ടി വന്നു. സാങ്കേതിക പ്രശ്‌നങ്ങളുള്ള പേടകത്തില്‍ ഇവരെ തിരികെ എത്തിക്കുന്നത് വെല്ലുവിളിയായതിനാല്‍ ക്രൂ 9 ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തില്‍ ഇവരെ തിരികെ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ നാല് സഞ്ചാരികളെ ക്രൂ 9 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാല്‍ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നു. അഞ്ച് മാസം നീളുന്ന ദൗത്യം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. ഫെബ്രുവരിയില്‍ തന്നെ സുനിത വില്യംസും വില്‍മോറും അടക്കം നാല് സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: NASA`s SpaceX Crew-9 mission to the International Space Station has been delayed