ചന്ദ്രൻ സങ്കോചിക്കുന്നു; പതിയെ അപ്രത്യക്ഷമായേക്കും- പ്രത്യാഘാതം ഭീകരമെന്ന് ശാസ്ത്രജ്ഞർ

ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രനില്ലാതായാൽ ഭൂമിക്ക് എന്ത് സംഭവിക്കും? ചന്ദ്രൻ ഇല്ലാതാവുന്ന സാഹചര്യം ഉണ്ടാവുമോ? ആന്തരിക താപനില കുറയുന്നതിനനുസരിച്ച് ചന്ദ്രൻ സങ്കോചിച്ചുകൊണ്ടിരിക്കുകയാണെന്ന് ചാന്ദ്ര ഭൂഗർഭശാസ്ത്ര പഠനങ്ങളിൽ ഏർപ്പെടുന്ന ശാസ്ത്രജ്ഞർ. എന്നാൽ ശതകോടിക്കണക്കിന് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണെങ്കിലും, മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിലാണ് ഈ സങ്കോചം സംഭവിക്കുന്നതെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ചന്ദ്രന്റെ ആന്തരികഭാഗത്ത് താപം ക്രമേണ കുറഞ്ഞുവരുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് നാസ വിശദീകരിക്കുന്നു. കാലക്രമേണ ചന്ദ്രന്റെ ചൂട് നഷ്ടപ്പെടുമ്പോൾ അതിന്റെ ഉൾഭാഗം സങ്കോചിക്കുകയും അതുവഴി ഉപരിതല പാളികളിൽ ചുളിവും സമ്മർദവുമുണ്ടാകുകയും ചെയ്യുന്നു. ചന്ദ്രൻ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നതിന് 2010-ൽ ആദ്യമായി തെളിവുകൾ ഹാജരാക്കിയ സെന്ററിലെ സീനിയർ സയന്റിസ്റ്റ് ഇമേരിറ്റസ് തോമസ് ആർ. വാട്ടേഴ്സിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കണ്ടെത്തൽ.
ചന്ദ്രൻ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?
ആ ഭയം ഇപ്പോഴൊന്നും വേണ്ട, ചന്ദ്രൻ ഉടനെങ്ങും അപ്രത്യക്ഷമാകില്ലെന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചുപറയുന്നു. എന്നാൽ ചന്ദ്രൻ ഇല്ലാതായാൽ അതിന്റെ പ്രത്യാഘാതം ഏറെ ഗുരുതരമായിരിക്കും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവിന്റെ സ്ഥിരത നിലനിർത്തുന്നതും, സമുദ്രത്തിലെ വേലിയേറ്റവും വേലിയിറക്കവും നിയന്ത്രിക്കുന്നതും, കാലാവസ്ഥാ വ്യതിയാനങ്ങളെ സ്വാധീനിക്കുന്നതും ചന്ദ്രനാണ്.
ചന്ദ്രന്റെ അഭാവത്തിൽ ഭൂമിയിൽ അതിരൂക്ഷമായ കാലാവസ്ഥാ മാറ്റങ്ങളും ഋതുക്കളുടെ അസ്ഥിരതയും സംഭവിക്കും. വേലിയേറ്റങ്ങളുടെ ശക്തി ഗണ്യമായി കുറയും. ഇത് ഈ ഗ്രഹത്തിലെ ജീവന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കാം.
മുമ്പ് സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. 900 വർഷങ്ങൾക്ക് മുമ്പ് അതിശക്തമായ മഴയ്ക്കും ക്ഷാമത്തിനും കാരണമാകും വിധം ചന്ദ്രൻ 'അപ്രത്യക്ഷമായിട്ടുണ്ട്'.
"മേയ് മാസത്തിലെ അഞ്ചാം രാത്രിയിൽ വൈകുന്നേരം ചന്ദ്രൻ നല്ല തിളക്കത്തോടെ ഉദിച്ചുയർന്നു, പിന്നീട് ക്രമേണ അതിന്റെ വെളിച്ചം കുറഞ്ഞുവന്നു," എന്ന് 1110-ലെ 'പീറ്റർബറോ ക്രോണിക്കിൾ' എന്നറിയപ്പെടുന്ന ആംഗ്ലോ-സാക്സൺ കൈയെഴുത്തുപ്രതിയിൽ പറയുന്നുണ്ടെന്ന് ലൈവ് സയൻസ് ലേഖനത്തിൽ വ്യക്തമാക്കുന്നു.
"വെളിച്ചമോ ചന്ദ്രബിംബമോ മറ്റേതെങ്കിലും അടയാളങ്ങളോ കാണാൻ സാധിച്ചില്ല. പകൽ വെളിച്ചം വരുന്നത് വരെ ഇത് തുടർന്നു, പിന്നീട് ചന്ദ്രൻ പൂർണരൂപത്തിൽ തിളക്കത്തോടെ പ്രത്യക്ഷപ്പെട്ടു.” എന്നും ലേഖനത്തിൽ പറയുന്നു.
ഒരു അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് സ്ട്രാറ്റോസ്ഫിയറിൽ രൂപപ്പെട്ട സൾഫർ കണികകളുടെ 'ആവരണം' കാരണമാണ് അന്ന് ഇത്തരത്തിൽ ചന്ദ്രൻ കാണാതായത് എന്ന് ഗവേഷകർ പിന്നീട് കണ്ടെത്തി.
Content Highlights: New scientific studies reveal the moon is shrinking faster than expected due to internal cooling, raising questions about the dire consequences for Earth’s tides, climate, and axial stability if it were to disappear.