ശനിയുടെ വളയങ്ങള്‍ അപ്രത്യക്ഷമാവും, മഞ്ഞ ഗ്രഹമായി മാറും; കാരണമിതാണ്

സൗരയൂഥത്തിലെ ഗ്രഹങ്ങളിലൊന്നായ ശനിയുടെ പേര് കേട്ടാല്‍ ആദ്യം ഓര്‍മവരിക ആ ഗോളത്തെ ചുറ്റുന്ന വളയങ്ങളാണ്. ഐസും ശിലകളും കൊണ്ട് നിര്‍മിതമായ ഈ വളയങ്ങള്‍ നാളെ അപ്രത്യക്ഷമാവും. 'റിങ് പ്ലേയ്ന്‍ ക്രോസിങ്' എന്നറിയപ്പെടുന്ന പ്രതിഭാസമാണിതിന് കാരണം. 13 മുതല്‍ 15 വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഇത് സംഭവിക്കാറ്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഈ വളയത്തിന് ചെറിയ ചെരിവുള്ളതുകൊണ്ടാണ് അത് മുകളിലെ ചിത്രത്തിലുള്ളത് പോലെ കാണുന്നത്. എന്നാല്‍ റിങ് പ്ലെയ്ന്‍ ക്രോസിങ് പ്രതിഭാസത്തില്‍ വലയത്തിന്റെ ഈ ചെരിവ് ഇല്ലാതാവുകയും ഭൂമിയില്‍ നിന്ന് കാണാനാകാത്ത സ്ഥിതിയുണ്ടാവുകയും ചെയ്യുന്നു.
ഈ വളയം അപ്രത്യക്ഷമാകുന്നതോടെ ശനി മഞ്ഞ നിറത്തിലുള്ള ഒരു ഗ്രഹമായി ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാം. എന്നാല്‍ ഇതിന് ദൂരദര്‍ശിനികളുടെ സഹായം ആവശ്യമാണ്. ശക്തിയേറിയ ദൂരദര്‍ശിനികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഗ്രഹത്തിന് മധ്യത്തിലായി ഒരു നേര് രേഖയായി വളയത്തെ കാണാം.
മാര്‍ച്ച് 23 ന് ഇന്ത്യന്‍ സമയം രാത്രി 9.34 നാണ് ഈ പ്രതിഭാസം ദൃശ്യമാവുക. എങ്കിലും അത് കാണുക എളുപ്പമല്ല. എന്നാല്‍ മധ്യ-വടക്കന്‍ അക്ഷാംശ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ശനയെ പ്രഭാതസൂര്യന് വളരെ അടുത്തായി കാണാം. മധ്യ-തെക്കന്‍ അക്ഷാംശങ്ങളിലുള്ളവര്‍ക്ക് വളയമില്ലാത്ത ശനിയെ കാണാന്‍ മികച്ച അവസരം ലഭിക്കും. എങ്കിലും കിഴക്ക് നിന്നുള്ള പ്രഭാതത്തിലെ സൂര്യ വെളിച്ചം വലിയൊരു വെല്ലുവിളിയാവും.
ഭൂമിയിലെ 29.4 വര്‍ഷങ്ങളെടുത്താണ് ശനി ഒരു തവണ സൂര്യനെ ചുറ്റുന്നത്. ശനി ചില സമയത്ത് 27 ഡിഗ്രി അച്ചുതണ്ടില്‍ ചരിഞ്ഞ് കറങ്ങുമ്പോള്‍ ഭൂമിയില്‍ നിന്ന് അതിന്റെ വളയങ്ങള്‍ മനോഹരമായി കാണാന്‍ സാധിക്കും. 2,73,600 കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നതാണ് ശനിയുടെ വളയങ്ങള്‍. എന്നാല്‍ ഈ ളയങ്ങളുടെ കനം വെറും 10 മീറ്റര്‍ അഥവാ 30 അടി മാത്രമാണ്. ശനി ഭൂമിക്ക് നേരെ ചരിയുമ്പോഴാണ് വളയങ്ങളുടെ മുകള്‍ ഭാഗവും താഴ് ഭാഗവും നമുക്ക് കാണാനാവുന്നത്. ഈ ചരിവ് ഇല്ലാതാവുമ്പോള്‍ ആ കാഴ്ച മറയുകയും ചെയ്യുന്നു.
Content Highlights: Saturn`s rings will appear to disappear on March 23rd due to the `ring plane crossing