പറക്കുംതളികയോ രഹസ്യ മിസൈലോ! പാകിസ്താന് മുകളില്‍ അത്യപൂര്‍വ്വ മഴവില്ല്, കാരണം തേടി സോഷ്യല്‍ മീഡിയ

കുറച്ച് ദിവസം മുമ്പ് അത് റഷ്യയിലായിരുന്നു, ഇപ്പോള്‍ പാകിസ്താനിലാണ്. ആരേയും അമ്പരപ്പിക്കുന്ന അത്യപൂര്‍വവും അതിമനോഹരവുമായ ഒരു ആകാശക്കാഴ്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് പാകിസ്താനിലെ ക്വെറ്റ നഗരം. പതിവുപോലെ ചിലയാളുകള്‍ ആ സംഭവത്തെ അന്യഗ്രഹജീവികളുമായും അന്യഗ്രഹ പേടകങ്ങളുമായും ബന്ധിപ്പിക്കാന്‍ തുടങ്ങി.
ക്വെറ്റയില്‍ കോ ഇ മുര്‍ദാര്‍ പര്‍വതശിഖരത്തിനടുത്ത് ആകാശത്തായി കാണപ്പെട്ട ആ വലിയ മഴവില്ല് ഇരുണ്ട ആകാശത്തെ അത് തിളക്കമുള്ളതാക്കി മാറ്റി. ധ്രുവദീപ്തികള്‍ക്ക് (Aurora) സമാനമെന്ന് തോന്നുന്ന വര്‍ണവിസ്മയമായിരുന്നു അത്.
അന്യഗ്രഹജീവികളോയട് മാത്രമല്ല, രഹസ്യമായ മിസൈല്‍ വിക്ഷേപണവുമായും പരീക്ഷണവുമായും ഇതിനെ ബന്ധിപ്പിച്ച് കഥകളിറങ്ങി. സൂര്യോദയത്തിന് മുമ്പായാണ് ആകാശത്ത് ഇങ്ങനെ ഒരു കാഴ്ച ദൃശ്യമായത്. അഭ്യൂഹങ്ങളും നിഗൂഢ സിദ്ധാന്തങ്ങളുമെല്ലാമടങ്ങുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ വൈറലായതിന് പിന്നാലെ സംഭവത്തിന്റെ ശാസ്ത്രീയ വിശദീകരണവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.
‘ലെന്റിക്കുലാര്‍ മേഘങ്ങള്‍’ എന്നറിയപ്പെടുന്ന സ്വാഭാവിക പ്രതിഭാസമാണിതെന്നാണ് സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പറയുന്നത്. നിശ്ചല മേഘങ്ങളായ ലെന്റിക്കുലാര്‍ മേഘങ്ങള്‍ കാറ്റിന്റെ ദിശക്ക് സമാന്തരമായി ട്രോപോസ്ഫിയറിലാണ് സാധാരണ രൂപപ്പെടാറ്. ലെന്‍സിന്റേയോ, സോസറിന്റേയോ ആകൃതിയില്‍ കാണപ്പെടുന്നതിനാലാണ് ഇതിനെ പലപ്പോഴും അന്യഗ്രഹജീവികളുമായി ബന്ധിപ്പിക്കാന്‍ കാരണം. അതേസമയം ഈ പ്രകാശം ലെന്റിക്കുലാര്‍ ക്ലൗഡ് തന്നെയാണോ എന്നതില്‍ സ്ഥിരീകരണമില്ല.
ഇതിന് പുറമെ മേഘങ്ങളിലെ ജലകണങ്ങളിലും മഞ്ഞ് തുള്ളികളിലും പ്രകാശം തട്ടി പ്രതിഫലിക്കുന്നതിന്റെ ഫലമായാണ് ഈ കാഴ്ച ദൃശ്യമായതെന്നും ചില സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പറയുന്നു.
Content Highlights: Rare, stunning 'rainbow' phenomenon seen over Quetta, Pakistan, sparks social media speculation about UFOs, secret missiles, and scientific causes.