ബഹിരാകാശത്തൊരു വാക്വം ക്ലീനര്‍; അടുത്ത ചാന്ദ്രദൗത്യത്തില്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി നാസ

ഹണീബീ റോബോട്ടിക്സ് വികസിപ്പിച്ച പ്ലാനറ്റ് വാക്ക് എന്ന ഉപകരണം | Photo: Honeybee Robotics
ഹണീബീ റോബോട്ടിക്സ് വികസിപ്പിച്ച പ്ലാനറ്റ് വാക്ക് എന്ന ഉപകരണം | Photo: Honeybee Robotics

ബഹിരാകാശ ദൗത്യങ്ങള്‍ക്കായി പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ച് നാസ. ചന്ദ്രനില്‍ നിന്നും മറ്റ് ഗ്രഹങ്ങളില്‍ നിന്നുമുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള പ്ലാനറ്റ് വാക് (എല്‍പിവി) എന്ന ഉപകരണമാണ് നാസ അവതരിപ്പിച്ചിരിക്കുന്നത്.

ബ്ലൂ ഒറിജിന് കീഴിലുള്ള ഹണീബീ റോബോട്ടിക്‌സ് ആണ് എല്‍പിവി വികസിപ്പിച്ചത്. ഒരു ഹൈ ടെക്ക് വാക്വം ക്ലീനറാണ് എല്‍പിവി. മര്‍ദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയര്‍ത്തും. ഒരു ചെറിയ ചുഴലിക്കാറ്റ് പോലെ അന്തരീക്ഷത്തിലേക്ക് ഉയരുന്ന മണ്ണും കല്ലും വാക്വം ഉപയോഗിച്ച് കണ്ടെയ്‌നറിലേക്ക് വലിച്ചെടുക്കുകയുമാണ് ഇത് ചെയ്യുക. ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള വസ്തുക്കള്‍ വരെ ഇതുവഴി ശേഖരിക്കാനാവും.

സാധാരണ സാമ്പിള്‍ ശേഖരണത്തിനായി ഉപയോഗിക്കുന്ന യന്ത്രക്കൈകളും നിലം തുരക്കുന്നതിനുള്ള ഉപകരണങ്ങളും ഇതുവഴി ഒഴിവാക്കാം. 

ജനുവരി 15 ന് വിക്ഷേപിക്കാനിരിക്കുന്ന ഫയര്‍ഫ്‌ളൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് 1 ലൂണാര്‍ ലാന്ററിലാണ് എല്‍പിവി സ്ഥാപിച്ചിരിക്കുന്നത്. സാമ്പിളുകള്‍ സ്വയം ശേഖരിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്ത് ഭൂമിയിലേക്ക് അയക്കാനും ഈ പേടകത്തിന് സാധിക്കും. സെക്കന്റുകള്‍ക്കുള്ളില്‍ ഈ ജോലികള്‍ നടക്കും. 

എല്‍പിവി ഉള്‍പ്പടെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ഫയര്‍ഫ്‌ലൈ ബ്ലൂഗോസ്റ്റ് ലൂണാര്‍ ലാന്ററില്‍ ഉണ്ടാവുക. നാസയുടെ മാര്‍ഷല്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിനാണ് ഈ ദൗത്യത്തിന്റെ ചുമതല.


 

Content Highlights: NASA unveils PlanetVac (LPV), a robotic vacuum cleaner for collecting lunar & planetary samples