ഭ്രമണപഥത്തിൽ സഞ്ചാരികൾ രണ്ട് പേടകങ്ങൾ മാറിക്കയറും, വെല്ലുവിളി നിറഞ്ഞ ആർട്ടെമിസ് 3 – കൂടുതലറിയാം

ചന്ദ്രനെ വിജയകരമായി ചുറ്റിക്കറങ്ങി ആർട്ടെമിസ് 2 ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നാലെ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളിലാണ് നാസ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളെ നാസ പ്രഖ്യാപിച്ചു. മനുഷ്യരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിട്ടാണ് നാസ ആർട്ടെമിസ് ദൗത്യം ആരംഭിച്ചത്. ആർട്ടെമിസ് രണ്ടിൽ ഒറിയോൺ പേടകത്തിന്റെ കാര്യക്ഷമതയാണ് പരീക്ഷിച്ചത്. എന്നാൽ ആർട്ടെമിസ് 3-ൽ കൂടുതൽ സങ്കീർണമായ ലക്ഷ്യങ്ങൾ യഥാർഥ്യമാക്കാനാണ് നാസയും സഖ്യകക്ഷികളും ശ്രമിക്കുന്നത്.
എന്താണ് ആർട്ടെമിസ് 3 ദൗത്യം?
നാസയും (NASA) ബ്ലൂ ഒറിജിനും (Blue Origin) സ്പേസ് എക്സും (SpaceX) സംയുക്തമായി നടത്തുന്ന വളരെ സങ്കീർണമായ ഒരു ബഹിരാകാശ ദൗത്യമാണ് ആർട്ടെമിസ് 3 ദൗത്യം. ഭാവിയിൽ മനുഷ്യരെ ചന്ദ്രനിൽ സുരക്ഷിതമായി ഇറക്കുന്നതിന് മുന്നോടിയായി, ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് സുപ്രധാന സാങ്കേതികവിദ്യകളും ജീവൻ രക്ഷാ സംവിധാനങ്ങളും സംയുക്തമായി പരീക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നാസയുടെ നേതൃത്വത്തിൽ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റ് ഉപയോഗിച്ച് നാല് ബഹിരാകാശ സഞ്ചാരികളെ ഒറിയോൺ (Orion) പേടകത്തിൽ സുരക്ഷിതമായി ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കും. വാണിജ്യ പങ്കാളികളായ ബ്ലൂ ഒറിജിന്റെയും സ്പേസ് എക്സിന്റെയും ലാൻഡറുകളുമായി സുരക്ഷിതമായി ഡോക്ക് ചെയ്യുകയും, വ്യത്യസ്ത ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവ സംയോജിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും.
ഭാവിയിലെ ചാന്ദ്രയാത്രകൾക്കായി ഭൂമിയുടെ അന്തരീക്ഷം, ബഹിരാകാശ കാലാവസ്ഥ, ഒറിയോൺ പേടകത്തിനുള്ളിലെ അന്തരീക്ഷം എന്നിവയെക്കുറിച്ച് വിശദമായ ശാസ്ത്രീയ പഠനങ്ങൾ ഈ ദൗത്യത്തിൽ നാസ നടത്തും.
ബ്ലൂ ഒറിജിൻ തങ്ങളുടെ പരീക്ഷണ ലാൻഡറായ മാർക്ക് 1 വിക്ഷേപിച്ച് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കും. ഇത് 90 ദിവസം വരെ ബഹിരാകാശത്ത് നിലനിർത്താൻ സാധിക്കുന്നതാണ്. ശേഷം നാസയുടെ ഒറിയോൺ പേടകം ഈ ലാൻഡറുമായി ബന്ധിപ്പിക്കും (docking). ഏകദേശം രണ്ട് ദിവസത്തോളം ഇത് തുടരും. യാത്രാസംഘം ഒറിയോൺ പേടകത്തിൽ നിന്ന് ലാൻഡറിനുള്ളിലേക്ക് പ്രവേശിച്ച് അതിലെ ജീവൻ രക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുകയും, സീറോ ഗ്രാവിറ്റിയിൽ സ്പേസ് സ്യൂട്ട് ധരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശീലിക്കുകയും ചെയ്യും.
ബ്ലൂ ഒറിജിനെപ്പോലെ പ്രത്യേക ഡോക്കിങ് അഡാപ്റ്ററോട് കൂടിയ സ്റ്റാർഷിപ്പ് വി 3 ലാൻഡർ വിക്ഷേപിച്ച് പരീക്ഷണങ്ങൾക്കായി സ്പേസ് എക്സ് സജ്ജമാക്കും. ബ്ലൂ ഒറിജിൻ ലാൻഡറുമായുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കി വേർപെട്ട ശേഷം, ഒറിയോൺ പേടകം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പുമായി ഡോക്ക് ചെയ്യും. ഏകദേശം ഒരു ദിവസത്തോളം ഇവ പരസ്പരം ഘടിപ്പിച്ച നിലയിൽ തുടരുകയും വിവിധ ഹാർഡ്വെയർ, പ്രൊപ്പൽഷൻ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും. ഇതിന് ശേഷമാണ് യാത്രാസംഘം ഒറിയോൺ പേടകത്തിൽ പസഫിക് സമുദ്രത്തിൽ ഇറങ്ങി ഭൂമിയിലേക്ക് മടങ്ങുക.
ലൂണാർ ലാൻഡറുകൾ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ആണ് നാസയുടെ ആദ്യത്തെ എച്ച്.എൽ.എസ് (HLS) കരാർ സ്വന്തമാക്കിയത്. സ്റ്റാർഷിപ്പ് എച്ച്.എൽ.എസ് (Starship HLS) എന്നാണ് ഈ ലാൻഡറിന്റെ പേര്. സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റ് സംവിധാനമായ 'സ്റ്റാർഷിപ്പ്' പേടകത്തിന്റെ ചന്ദ്രനിലിറങ്ങാൻ പാകത്തിലുള്ള പ്രത്യേക പതിപ്പാണ് ഇതിനായി വികസിപ്പിക്കുന്നുന്നത്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനാണ് നാസ രണ്ടാമത്തെ ലാൻഡർ കരാർ നൽകിയിരിക്കുന്നത്. ലോക്ഹീഡ് മാർട്ടിൻ (Lockheed Martin), ബോയിങ് (Boeing), ഡ്രേപ്പർ (Draper) തുടങ്ങിയ വമ്പൻ കമ്പനികളുമായി സഹകരിച്ചാണ് ബ്ലൂ ഒറിജിൻ ഈ ലാൻഡർ നിർമിക്കുന്നത്.
Content Highlights: NASA is collaborating with SpaceX and Blue Origin for the Artemis 3 mission to conduct crucial orbital tests involving spacecraft docking, spacesuits, and life support systems before returning humans to the lunar surface.