ചൊവ്വയില്‍ ഹെല്‍മെറ്റ് രൂപമുള്ള പാറ; ചിത്രമെടുത്ത് പെര്‍സിവറന്‍സ് റോവര്‍, ഘടനയ്ക്ക് പിന്നിലെന്ത്?

ചൊവ്വയില്‍നിന്ന് ഹെല്‍മെറ്റിനോട് സാമ്യമുള്ള പാറയുടെ ചിത്രം പകര്‍ത്തി നാസയുടെ പെര്‍സിവറന്‍സ് റോവര്‍. ജീവന്‍ നിലനിന്നിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തുന്നതിനും ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള പാറകളുടെ സാമ്പിള്‍ ശേഖരിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെയാണ് റോവര്‍ കൗതുകമുണര്‍ത്തുന്ന പാറ കണ്ടെത്തിയത്. ഹെല്‍മെറ്റിന്റെ ആകൃതിയിലുള്ള ഈ പാറ ചൊവ്വയുടെ പാരിസ്ഥിതിക ചരിത്രം മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് Space.com റിപ്പോര്‍ട്ടുചെയ്യുന്നു.
റോവറിന്റെ സ്ഥാപിച്ചിട്ടുള്ള ക്യാമറകളായ ലെഫ്റ്റ് മാസ്റ്റ്ക്യാം-Z ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് നാസ പറയുന്നു. പാറയുടെ ഈ ഘടനയ്ക്ക് പിന്നിലെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. അപക്ഷയം, ധാതുക്കളുടെ അടിഞ്ഞുകൂടല്‍, അല്ലെങ്കില്‍ അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ എന്നിവയാകാം പാറയുടെ ഈ ഘടനയ്ക്ക് പിന്നാലെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സ്‌ഫെറ്യൂളുകള്‍ (spherules) കൊണ്ട് നിര്‍മ്മിതമാണ് ഈ പാറ. അവസാദങ്ങള്‍ക്കിടയില്‍ ഭൂഗര്‍ഭജലം ധാതുക്കള്‍ നിക്ഷേപിക്കുന്നതിലൂടെയോ, അല്ലെങ്കില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ക്ക് ശേഷം ഉരുകിയ പാറത്തുള്ളികള്‍ അതിവേഗം തണുത്തുറഞ്ഞോ സ്‌ഫെറ്യൂളുകള്‍ രൂപപ്പെട്ടിരിക്കാം.
ശക്തമായ കൂട്ടിയിടികള്‍ക്ക് ശേഷമുണ്ടാകുന്ന ചെറിയ തുള്ളികള്‍ ഘനീഭവിച്ചും ഇത്തരം സ്‌ഫെറ്യൂളുകള്‍ ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Content Highlights: Perseverance rover captures image of a unique volcano-like rock, offering insights