828 കിമീ നീണ്ടുനിന്ന ഇടിമിന്നല്‍, റെക്കോര്‍ഡിൽ അമ്പരന്ന് ഗവേഷകർ, ശക്തി തിരിച്ചറിയണമെന്ന് നിർദേശം

പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

ഇടിമിന്നല്‍, ഭൂമിയിലെ  ഏറ്റവും ശക്തിയേറിയ പ്രകൃതി പ്രതിഭാസങ്ങളിലൊന്ന്. ഇപ്പോഴിതാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടിമിന്നല്‍ രേഖപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. 2017 ഒക്ടോബറിലാണ് ഈ 'മെഗാഫ്‌ളാഷ്' എന്ന് വിശേഷിപ്പിക്കുന്ന ഇടിമിന്നലുണ്ടായത്. 

കിഴക്കന്‍ ടെക്സസ് മുതല്‍ കാന്‍സസ് സിറ്റി വരെ 515 മൈല്‍ (828.8 കിമീ ) ദൂരം നീണ്ടുനില്‍ക്കുന്നതായിരുന്നു ഈ റെക്കോര്‍ഡ് ഇടിമിന്നല്‍. യുഎസില്‍ ഒരു കാറില്‍ ഈ ദൂരം സഞ്ചരിക്കാന്‍ 9 മണിക്കൂറും വിമാനത്തില്‍ 90 മിനിറ്റും വേണ്ടിവരുമെന്ന് വിദഗ്ധര്‍  പറയുന്നു. 2020 ല്‍ തെക്കന്‍ യുഎസില്‍ വ്യാപിച്ച  കൊടുങ്കാറ്റിനിടെ ഉണ്ടായ 477 മൈല്‍ ദൂരത്തില്‍ വ്യാപിച്ച ഇടിമിന്നലിന്റെ റെക്കോര്‍ഡാണ് 2017 മിന്നലിന്റെ ദൈര്‍ഘ്യം അളക്കപ്പെട്ടത്തോടെ പിന്നിലായത്. 

ഒരു ഇടിമിന്നലിന് അത് ഉത്ഭവിച്ച കൊടുങ്കാറ്റില്‍ നിന്ന് എത്രയധികം ദൂരം സഞ്ചരിക്കാനാകുമെന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്ന് വേള്‍ഡ് മെറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷനിലെ (WMO) ഗവേഷകര്‍ പറഞ്ഞു. 

Photo: WMO

ഇടിമിന്നല്‍ വലിയൊരു അത്ഭുതവും അതേസമയം വര്‍ഷം തോറും ലോകമെമ്പാടും നിരവധിയാളുകളുടെ ജീവന്‍ അപഹരിക്കുന്ന വലിയൊരു അപകടവുമാണ്. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസംഭയുടെ "ഏര്‍ളി വാണിങ് ഫോര്‍ ഓള്‍"  സംരംഭം മുന്‍ഗണന നല്‍കുന്ന വിഷയങ്ങളിലൊന്നാണിത്. ഡബ്ല്യൂഎംഒ സെക്രട്ടറി ജനറല്‍ സെലിസ്റ്റ് സോളോ പറഞ്ഞു. 

വൈദ്യുതീകരിക്കപ്പെടുന്ന മേഘങ്ങളുടെ അപകടം എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തല്‍. അവയ്ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനാവുമെന്നും വ്യോമയാന മേഖലയെ താറുമാറാക്കാനും കാട്ടുതീക്ക് കാരണമാകാനും സാധിക്കുന്ന മിന്നല്‍പിണരുകള്‍ സൃഷ്ടിക്കാനാകുമെന്നും അത് വ്യക്തമാക്കുന്നു. 

ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വര്‍ഷങ്ങളായി ഇടിമിന്നല്‍ നിരീക്ഷിച്ചിരുന്നത്.  2017 മുതല്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളിലെ ലൈറ്റ്‌നിങ് ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ മിന്നലിനെ ഭൂഖണ്ഡങ്ങളിലുടനീളം നിരീക്ഷിക്കാനാവും. ഈ സംവിധാനം  ഉപയോഗപ്പെടുത്തി മിന്നലിന്റെ തുടര്‍ച്ചയായ അളവുകള്‍ പകര്‍ത്താന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ മിന്നലുകളെ കുറിച്ച് ആഴത്തില്‍ പഠിക്കാനും വിലയിരുത്താനുമുള്ള കഴിവുകള്‍ ഇന്നേറെ മുന്നേറിയിട്ടുണ്ട്. 

ഈ കണ്ടെത്തിയതിലും ശക്തമായ മിന്നലുകള്‍ ഇനിയുമുണ്ടാകാം. 60 മൈലില്‍ കൂടുതലുള്ള മിന്നലുകളെയെല്ലാം മെഗാഫ്‌ളാഷ് എന്നാണ് വിളിക്കുന്നത്. വലിയ പ്രദേശത്ത് വ്യാപിക്കുകയും ഏറെ നേരം നീണ്ടുനില്‍ക്കുന്നതുമായ കൊടുങ്കാറ്റിന്റെ ഫലമായാണ് ഇവ രൂപപ്പെടാറ്. 2017ലെ മെഗാഫ്‌ളാഷിന് ശേഷം പിന്നീട് പലതവണ ഇത്തരം മെഗാഫ്‌ളാഷുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വലിയ അപകടങ്ങള്‍ക്കും ഇവ കാരണമാകാറുണ്ട്. 1994 ല്‍ ഈജിപ്തിലെ ഡ്രോങ്കയിലുണ്ടായ ഇടിമിന്നലില്‍ എണ്ണ ടാങ്കുകള്‍ തകരുകയും നഗരത്തില്‍ എണ്ണ പരന്നൊഴുകി തീപിടിച്ചുണ്ടായ അപകടത്തില്‍ 469 പേര്‍ മരിക്കുകയും ചെയ്തിരുന്നു. 

ശാസ്ത്രീയമായി വയറിങ് ചെയ്ത കെട്ടിടങ്ങളാണ് മിന്നലില്‍ നിന്ന് സംരക്ഷണം നല്‍കുക. കടല്‍ തീരം, ബസ് സ്റ്റോപ്പ് പോലുള്ള സ്ഥലങ്ങള്‍ ഒട്ടും സുരക്ഷിതമല്ല.
 

Content Highlights: Scientists recorded a record-breaking 828km lightning strike in 2017, stretching across US sky