100 ലിറ്റർ വെള്ളത്തിൽ ഒരു ആൽമര ശ്വാസവായു; ലിക്വിഡ് ട്രീ വീട്ടുമുറിക്കുള്ളിലേക്കും

തൃശ്ശൂർ: മരങ്ങൾ വളർത്തി കാർബൺ കുറച്ച് ഓക്‌സിജൻ കൂട്ടുന്ന രീതി പറ്റാത്തയിടങ്ങളിലേക്ക് ബദൽ സംവിധാനമായി ലിക്വിഡ് ട്രീ. ജയ്പുരിലെ എൻ.െഎ.ടി.യിൽനിന്ന് ബിരുദവും അമേരിക്കയിലെ ഗ്രീൻഹൗസ് ഗ്യാസ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാർബൺ ഫുട്പ്രിന്റ് ഓഡിറ്റിങ്ങിൽ ബിരുദാനന്തരബിരുദവും നേടിയ കൈപ്പറമ്പ് വടേരിയാട്ടിൽ വി.കെ. ലതീഷാണ് ലിക്വിഡ് ട്രീ സംവിധാനത്തിൽ കണ്ടുപിടിത്താവകാശം നേടിയത്.
പൊതുവിടങ്ങളിൽ അനായാസം ഉപയോഗപ്പെടുത്താവുന്ന ലിക്വിഡ് ട്രീയെ വീട്ടുമുറിക്കുള്ളിലേക്കും ഓഫീസ് മുറിക്കുള്ളിലേക്കും എത്തിച്ചിരിക്കുകയാണ് ലതീഷിന്റെ ലോ കാർബൺ സൊലൂഷൻ സംരംഭം. സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും ആവശ്യമുള്ള പേഴ്‌സണൽ റോബോട്ടുകൂടിയായി ലിക്വിഡ് ട്രീ സംവിധാനം പ്രവർത്തിപ്പിച്ചു തുടങ്ങി.
ലിക്വിഡ് ട്രീ
ശുദ്ധജല-ഉപ്പുരസജല ഏകകോശ സൂക്ഷ്മജീവജാലങ്ങളായ മൈക്രോ ആൽഗകളെ വെള്ളവും പോഷകങ്ങളുമുപയോഗിച്ച് ജൈവിക പ്രതിപ്രവൃത്തിയിലൂടെ ബദൽ പ്രകാശസംശ്ലേഷണം നടത്തുന്നതാണ് ലിക്വിഡ് ട്രീ സംവിധാനം. 200 മുതൽ 1000 ലിറ്റർ വരെ ശേഷിയുള്ള ചില്ല് ടാങ്കുകളിലാണ് ലിക്വിഡ് ട്രീ ഒരുക്കുന്നത്. ആൽഗകൾ സൂര്യപ്രകാശമില്ലാത്ത സമയത്ത് ടാങ്കിന് മുകളിലെ ബൾബുകളുെട സഹായത്തോടെയും സംശ്ലേഷണം നടത്തി കാർബൺ ഡൈഓക്‌സൈഡ് സ്വീകരിച്ച് ഓക്‌സിജൻ പുറത്തുവിടും. പുറത്തുവിടുന്ന കാർബൺ, ടാങ്കിന്റെ അടിയിലെ അറയിൽ സംഭരിക്കും. 100 ശതമാനം ശുദ്ധമായ കാർബണിന് വിപണിയിൽ നല്ല വിലയുമുണ്ട്. സൂര്യപ്രകാശം ഇല്ലാതെയും പ്രവർത്തിപ്പിക്കാമെന്നതിനാലാണ് മുറികളിലേക്ക് അനുയോജ്യമാകുന്നത്.
ആദ്യം കേരളത്തിൽ
കർഷകർക്കായി കാർബൺ ക്രെഡിറ്റ് പദ്ധതി നടപ്പാക്കുന്ന കൈരളി അഗ്രിക്കൾച്ചറൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് കൊച്ചിയിലെ മറൈൻ ആൻഡ് ഓഷ്യൻ സയൻസ് സർവകലാശാലയിൽ സ്ഥാപിച്ച 1000 ലിറ്റർ ശേഷിയുള്ള ലിക്വിഡ് ട്രീയാണ് രാജ്യത്തെ ആദ്യ പദ്ധതി.
1000 ലിറ്റർ ശേഷിയുള്ള ലിക്വിഡ് ട്രീക്ക് 10 ആൽമരങ്ങൾക്ക് കഴിയുന്നവിധം തുല്യമായ കാർബൺ കുറയ്ക്കാനും ഓക്‌സിജൻ നൽകാനുമാകുന്നുണ്ട്. ഒരു മാസം 180 കിലോഗ്രാം ശുദ്ധമായ കാർബണും കിട്ടുന്നുണ്ട്. 200 ലിറ്റർ ശേഷിയുള്ളതിന് മൂന്നു ലക്ഷം വരെ വില വരും.
Content Highlights: Uses micro-algae to perform photosynthesis and release oxygen., Functions efficiently without direct sunlight using specialized LED lights., A 1000-liter unit provides oxygen equivalent to 10 Banyan trees., Captures pure carbon as a marketable byproduct., Portable, space-saving design suitable for homes and offices.