ചന്ദ്രനിൽ പേടകമിറക്കാനുള്ള ജാപ്പനീസ് കമ്പനിയുടെ രണ്ടാം ശ്രമവും പരാജയം-ലാന്‍ററുമായുള്ള ബന്ധം നഷ്ടമായി

ജാപ്പനീസ് ചാന്ദ്രപേടകമായ റെസിലിയെന്‍സ് ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ജൂണ്‍ അഞ്ചിനാണ് പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമം നടത്തിയത്. പേടകത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല. ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസ്‌പേസ് വികസിപ്പിച്ചതാണ് പേടകം. ഇത് രണ്ടാം തവണയാണ് ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാനുള്ള ഐസ്‌പേസിന്റെ ശ്രമം പരാജയപ്പെടുന്നത്.
ഈ പരാജയം ഗൗരവത്തിലെടുക്കുന്നുവെന്നും പരാജയത്തിന് കാരണമെന്തെന്ന് വിശകലനം ചെയ്യുമെന്നും ഐസ്‌പേസ് സിഇഒ ടാകേഷി ഹകാമാഡ പറഞ്ഞു.
ഈ വര്‍ഷം ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിച്ച മൂന്നാമത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള പേടകമാണ് റെസിലിയെന്‍സ്. അതില്‍ ഒന്ന് മാത്രമാണ് വിജയം കണ്ടത്.
ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ഐസ്‌പേസിന്റെ സാങ്കേതിക മികവ് പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു കമ്പനിയുടെ കഴിഞ്ഞ രണ്ട് ലാന്റര്‍ ദൗത്യങ്ങളും. 14 ദിവസത്തേക്ക് മാത്രമാണ് ദൗത്യത്തിന് കാലാവധി നിശ്ചയിച്ചിരുന്നത്. പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ ലൂണാര്‍ ലാന്റര്‍ ദൗത്യങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കും.
ജനുവരി 15 ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് റെസിലിയെന്‍സ് പേടകം വിക്ഷേപിച്ചത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതോടൊപ്പം മറ്റൊരു സ്വകാര്യ ലാന്‍ഡര്‍ ദൗത്യമായ ഫയര്‍ഫ്‌ലൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകവും വിക്ഷേപിച്ചിരുന്നു. ഈ പേടകം മാര്‍ച്ച് രണ്ടിന് ചന്ദ്രനില്‍ സുരക്ഷിതമായി എത്തി.
Content Highlights: ISpace`s lunar lander, Resilience, failed its moon landing attempt.