ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽനിന്ന് സാമ്പിളുകൾ ശേഖരിക്കാൻ ജപ്പാൻ; എംഎംഎക്സ് ദൗത്യം ഒക്ടോബർ 20ന് വിക്ഷേപിക്കും

ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിലൊന്നായ ഫോബോസിൽനിന്ന് മണ്ണും പാറക്കഷണങ്ങളും ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ലോകത്തിലെ ആദ്യ ദൗത്യത്തിന് ജപ്പാൻ ഒരുങ്ങുന്നു. ചൊവ്വയുടെ ഉപഗ്രഹങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി (ജാക്സ) വികസിപ്പിച്ച മാർഷ്യൻ മൂൺസ് എക്സ്പ്ലൊറേഷൻ (എംഎംഎക്സ്) പേടകം ഒക്ടോബർ 20ന് വിക്ഷേപിക്കും. പുതിയ ജാപ്പനീസ് എച്ച്-3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക.
അഞ്ച് വർഷത്തോളം നീളുമെന്ന് പ്രതീക്ഷിക്കുന്ന ദൗത്യം ഫോബോസിന്റെയും ഡീമോസിന്റെയും രൂപീകരണത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗരയൂഥത്തിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും ദൗത്യം സഹായകമായേക്കും.
ചൊവ്വയുടെ ഉപഗ്രഹങ്ങളുടെ ഉത്ഭവം തേടി
1960കൾ മുതൽ നിരവധി ദൗത്യങ്ങൾ ചൊവ്വയിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഫോബോസും ഡീമോസും ഇന്നും വലിയൊരു ശാസ്ത്രീയ രഹസ്യമായി തുടരുകയാണ്. ഇവ എങ്ങനെയാണ് രൂപപ്പെട്ടതെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
ചൊവ്വയിലേക്ക് ഒരു വലിയ ആകാശഗോളം ഇടിച്ചുകയറിയതിനെത്തുടർന്ന് രൂപപ്പെട്ട അവശിഷ്ടങ്ങളിൽനിന്നാകാം ഉപഗ്രഹങ്ങൾ ഉണ്ടായതെന്നാണ് ഒരു വിഭാഗത്തിന്റെ നിഗമനം. മറ്റൊരു വിഭാഗം ഇവ സൗരയൂഥത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്ന് എത്തിയ ഛിന്നഗ്രഹങ്ങളാകാമെന്നും കരുതുന്നു.
ഫോബോസിൽനിന്ന് ശേഖരിക്കുന്ന മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിലൂടെ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കണ്ടെത്താനാകുമെന്നാണ് ജാക്സയുടെ പ്രതീക്ഷ. ഫോബോസിന് ചൊവ്വയുമായി കൂടുതൽ അടുത്ത ബന്ധമുണ്ടാകാമെന്നും അതിനാൽ ചൊവ്വയുടെ രൂപീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ അതിൽനിന്ന് ലഭിക്കാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു.
എംഎംഎക്സ് ദൗത്യത്തിന്റെ പ്രോജക്ട് മാനേജർ യാസുഹിരോ കവാകാത്സു(Yasuhiro Kawakatsu)വിന്റെ അഭിപ്രായത്തിൽ, ഭാവിയിൽ മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുമ്പോൾ അതിന്റെ ഉപഗ്രഹങ്ങളെ ഇടത്താവളമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാനും ഈ ദൗത്യം സഹായിക്കും.
മൂന്ന് വർഷം ഫോബോസിനെ പഠിക്കും
ഭൂമിയിൽനിന്ന് ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം ഒരു വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയും ചൊവ്വയും ഏറ്റവും അടുത്തെത്തുമ്പോൾ അവ തമ്മിലുള്ള ദൂരം ഏകദേശം 5.5 കോടി കിലോമീറ്ററാണ്.
ചൊവ്വയുടെ പരിസരത്ത് എത്തുന്ന പേടകം തുടർന്നുള്ള മൂന്ന് വർഷം ഫോബോസിന് സമീപത്തും അതിനു ചുറ്റുമായി സഞ്ചരിച്ച് പഠനങ്ങൾ നടത്തും. 2031ൽ ഭൂമിയിലേക്ക് മടങ്ങിയെത്താനാണ് ദൗത്യത്തിന്റെ പദ്ധതി.
പേടകത്തിന്റെ സവിശേഷതകൾ
ഏകദേശം അഞ്ച് ടൺ ഭാരമുള്ള പേടകത്തിൽ മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്. സഞ്ചരിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പൽഷൻ മൊഡ്യൂൾ, ഉപഗ്രഹത്തെക്കുറിച്ച് പഠിക്കുന്ന എക്സ്പ്ലൊറേഷൻ മൊഡ്യൂൾ, ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന റിട്ടേൺ മൊഡ്യൂൾ എന്നിവയാണവ. ഇതിൽ റിട്ടേൺ മോഡ്യൂൾ മാത്രമാണ് ഭൂമിയിൽ തിരിച്ചെത്തുക.
നാസയും ഇഎസ്എയും പങ്കാളികൾ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികൾ ജപ്പാന്റെ നേതൃത്വത്തിലുള്ള ഈ ദൗത്യത്തിൽ പങ്കാളികളാണ്.
ഫ്രാൻസും ജർമനിയും സംയുക്തമായി വികസിപ്പിച്ച ഐഡെഫിക്സ് (Idefix) റോവറാണ് ദൗത്യത്തിലെ പ്രധാന ഉപകരണങ്ങളിലൊന്ന്. ഏകദേശം 2029-ൽ ഫോബോസിന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന റോവർ 100 ദിവസത്തോളം അവിടെ പര്യവേക്ഷണം നടത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഇതിലൂടെ ലഭിക്കും.
നാസയുടെ സാമ്പിൾ ശേഖരണ ഉപകരണം, ഗാമാ രശ്മികൾ അളക്കാനുള്ള ഉപകരണം, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഡീപ്പ് സ്പേസ് ആശയവിനിമയ ഉപകരണം എന്നിവയുൾപ്പെടെ 13 ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഭാവിയിലെ മനുഷ്യ ചൊവ്വാദൗത്യങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ജാപ്പനീസ് റേഡിയേഷൻ മോണിറ്ററും ഇതിലുണ്ട്.
കുറഞ്ഞത് 10 ഗ്രാം സാമ്പിൾ ശേഖരിക്കും
ഫോബോസിൽനിന്ന് കുറഞ്ഞത് 10 ഗ്രാം മണ്ണ് ശേഖരിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. അമേരിക്കയും ജപ്പാനും വികസിപ്പിച്ച വ്യത്യസ്ത രീതികൾ ഉപയോഗിച്ച് രണ്ട് തവണ സാമ്പിളുകൾ ശേഖരിക്കാനാണ് പദ്ധതി.
നാസയുടെ ഉപകരണം വാതകം ശക്തിയിൽ പ്രവഹിപ്പിച്ച് ഉപരിതലത്തിലെ പൊടിയും മണ്ണും ഉയർത്തി പ്രത്യേക കണ്ടെയ്നറിൽ ശേഖരിക്കുന്ന രീതിയാണ് ഒന്ന്. ഉപരിതലത്തിൽ നിന്ന് ഏകദേശം രണ്ട് സെന്റിമീറ്റർ ആഴത്തിൽ തുരന്ന് ആഴത്തിലുള്ള മണ്ണ് ശേഖരിക്കുന്ന ജാക്സയുടെ കോറിങ് രീതിയാണ് രണ്ടാമത്തേത്.
ഇങ്ങനെ ശേഖരിക്കുന്ന സാമ്പിളുകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുമ്പോഴുള്ള ഉയർന്ന താപനിലയെ അതിജീവിക്കാൻ കഴിയുന്ന പ്രത്യേക ക്യാപ്സ്യൂളിൽ സൂക്ഷിക്കും. ഓസ്ട്രേലിയയിൽ ക്യാപ്സ്യൂൾ ഇറക്കിയശേഷം സാമ്പിളുകൾ ജപ്പാനിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.
നേരത്തേ ഹയബുസ ദൗത്യങ്ങളിലൂടെ ഛിന്നഗ്രഹങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിൽ ജപ്പാൻ വിജയിച്ചിട്ടുണ്ട്. 2010ലും 2020ലുമാണ് ഈ ദൗത്യങ്ങളിലൂടെ സാമ്പിളുകൾ ഭൂമിയിലെത്തിച്ചത്.
ഫോബോസിൽ ഇറങ്ങുക വെല്ലുവിളി
ഫോബോസിന്റെ ഉപരിതലത്തിൽ പേടകം ഇറക്കുന്നത് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ഭൂമിയിലേതിന്റെ ഏകദേശം രണ്ടായിരത്തിലൊന്ന് മാത്രമാണ് ഫോബോസിലെ ഗുരുത്വാകർഷണം. അതിനാൽ പേടകം ഇറങ്ങുമ്പോൾ വീണ്ടും ഉയർന്നുപൊങ്ങുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.
ഈ സാഹചര്യം നേരിടുന്നതിനായി നാല് കാലുകളുള്ള പ്രത്യേക ലാൻഡിങ് സംവിധാനമാണ് പേടകത്തിൽ ഒരുക്കിയിട്ടുള്ളത്. ഉപരിതലം പരിശോധിച്ച ശേഷം താരതമ്യേന നിരപ്പായ സ്ഥലം കണ്ടെത്തി അവിടെ ഇറങ്ങും. ലാൻഡിങ്ങിനുശേഷം ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ സാമ്പിളുകൾ ശേഖരിക്കാനാണ് പദ്ധതി.
കുറഞ്ഞ ഗുരുത്വാകർഷണത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ചക്രങ്ങളാണ് റോവറിലുള്ളത്. മറിഞ്ഞുവീണാൽ സ്വയം നേരെയാകാനും വളരെ കുറഞ്ഞ വേഗത്തിൽ നീങ്ങാനും ഇതിന് സാധിക്കും.
ചൊവ്വയുടെയും അതിന്റെ ഉപഗ്രഹങ്ങളുടെയും രൂപീകരണം, സൗരയൂഥത്തിന്റെ ആദ്യകാല ചരിത്രം, ഭാവിയിലെ മനുഷ്യ ചൊവ്വാദൗത്യങ്ങൾക്ക് ഫോബോസിനെ ഉപയോഗിക്കാനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്ക് എംഎംഎക്സ് ദൗത്യം നിർണായകമായേക്കും.
Content Highlights: Japan’s JAXA plans to launch the MMX mission to collect soil and rock samples from Phobos, one of Mars’ moons, and return them to Earth for scientific study.