സൂര്യനെ പോലൊരു നക്ഷത്രം, അതിനെ ചുറ്റുന്ന വലയത്തില്‍ 'ഐസ്' - അതിശയകരമായ കണ്ടെത്തലുമായി നാസ

പ്രതീകാത്മക ചിത്രം | Photo: AI Generated Image, Mathrubhumi
പ്രതീകാത്മക ചിത്രം | Photo: AI Generated Image, Mathrubhumi

ബഹിരാകാശത്തെവിടെയെങ്കിലും ഏതെങ്കിലും ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടോ എന്നന്വേഷിക്കുകയാണ് ശാസ്ത്രലോകം. ഇപ്പോഴിതാ ജെയിംസ് വെബ് ദൂരദര്‍ശിനിയുടെ അതിശയകരമായൊരു കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നു. എച്ച്ഡി 181327 എന്ന സൂര്യനുമായി സാമ്യമുള്ള ഒരു യുവനക്ഷത്രത്തെ ചുറ്റുന്ന പൊടിപടലങ്ങള്‍ക്കൊപ്പം  ഐസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ് ദൂരദര്‍ശിനി.  

ചരിത്രപരമായൊരു കണ്ടെത്തലാണിത്. നേച്ചര്‍ ജേണലിലാണ് ഈ പഠനം പ്രസദ്ധീകരിച്ചത്. സൗരയൂഥത്തിന് പുറത്തുള്ള അന്തരീക്ഷത്തില്‍ തണുത്തുറഞ്ഞ ജലം കണ്ടെത്തുന്നത് ഇത് ആദ്യമാണ്. ഗ്രഹങ്ങളുടെ പരിണാമത്തിന്റെ ആദ്യ ഘട്ടങ്ങള്‍ മനസിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാവും. 

നക്ഷത്രത്തെ ചുറ്റുന്ന പൊടിപടലങ്ങളുടെ വലയത്തില്‍ ക്രിസ്റ്റല്‍ ഘടനയുള്ള ഐസ് ആണ് വെബ്ബ് കണ്ടെത്തിയത്. സൗരയൂഥത്തിനുള്ളില്‍ കൈപ്പര്‍ ബെല്‍റ്റ്, ശനിഗ്രഹത്തിന്റെ വലയം എന്നിവയിലെല്ലാം ഈ രീതിയിലുള്ള ജലസാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകനായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ചെന്‍ ഷി പറഞ്ഞു. 

എച്ച്ഡി 181327 നക്ഷത്രത്തിന് ചുറ്റുമുള്ള അവശിഷ്ടങ്ങളിലുടനീളം തുല്യമായല്ല ജല ഐസിന്റെ സാന്നിധ്യമുള്ളത്. വലയത്തിന്റെ ഏറ്റവും ബാഹ്യമായ ഭാഗത്ത് താപനിലകുറഞ്ഞ മേഖലയിലാണ് തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. നക്ഷത്രത്തോട് അടുക്കും തോറും ജലസാന്നിധ്യം കുറയുകയും ഏറ്റവും അടുത്ത് ഒട്ടുമില്ലാതാവുകയും ചെയ്യുന്നു. നക്ഷത്രത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണമാവാം ഇതിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. 

Content Highlights: James Webb Space Telescope discovers water ice around a young star